സൗഹൃദത്തെ സംഗീതംപോലെ സ്നേഹിച്ച വിശ്വൻ
text_fieldsകൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അസിസ്റ്റന്റായാണ് വിശ്വനാഥൻ സംഗീത സംവിധാനരംഗത്തെത്തുന്നത്. എന്നാൽ, അതിനൊക്കെ വർഷങ്ങൾ മുമ്പെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ഞങ്ങൾ സഹപാഠികളായിരുന്നു. കൈതപ്രം വിശ്വനാഥനും ജ്യേഷ്ഠൻ ദാമോദരൻ നമ്പൂതിരിക്കും സംഗീതം ജന്മസിദ്ധമായിരുന്നു. പിതാവ് ചെൈമ്പയുടെ ശിഷ്യനായിരുന്ന വയലിനിസ്റ്റായിരുന്നു.
മലബാർ നമ്പൂതിരിമാർക്ക് പണ്ടേ തെക്കൻ കേരളത്തിൽ വലിയ സ്വീകാര്യതയായിരുന്നു. അങ്ങനെയാണ് കൈതപ്രം തിരുവനന്തപുരത്ത് പൂജാരിയായി എത്തുന്നത്. ഒപ്പം അനുജനെയും കൂട്ടി. രണ്ടുപേരും ഇവിടെ താമസിക്കുന്ന കാലത്താണ് വിശ്വനാഥൻ സംഗീതം പഠിക്കാൻ സ്വാതി തിരുനാൾ കോളജിൽ എത്തുന്നത്.
അപേക്ഷ വാങ്ങാൻ ഞങ്ങൾ രണ്ടുപേരും അടുത്താണ് നിന്നത്. അന്നേരം പരിചയപ്പെട്ടു. അപേക്ഷ വാങ്ങിപ്പോകുമ്പോൾ പ്രവേശനം കിട്ടുമോ എന്നറിയില്ലായിരുന്നു. എന്നാൽ, ഞങ്ങൾക്ക് രണ്ടുപേർക്കും അഡ്മിഷൻ കിട്ടി. അന്നുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. ഒന്നിച്ചായിരുന്നു താമസം. അന്ന് വിശ്വൻ പല ക്ഷേത്രങ്ങളിലും പൂജാരിയായിരുന്നു. അങ്ങനെ കിട്ടുന്ന കാശൊക്കെ സുഹൃത്തുക്കൾക്കുവേണ്ടി ചെലവഴിക്കാൻ മടിയുണ്ടായിരുന്നില്ല. ജീവിതത്തിലുടനീളം സൗഹൃദങ്ങൾക്കായി ജീവിച്ചു അദ്ദേഹം. ഒപ്പം, ഇണപിരിയാത്ത കൂട്ടായി സംഗീതവും.
ദേശാടനം, കളിയാട്ടം, തീർഥാടനം, കാരുണ്യം തുടങ്ങിയ സിനിമകളിൽ കൈതപ്രത്തിന്റെ അസിസ്റ്റന്റായിരുന്നു വിശ്വൻ. ഒപ്പം ഓർക്കസ്ട്രേഷൻ ചെയ്തിരുന്നു. അദ്ദേഹം നേരത്തെ രാജാമണിയുടെ അസിസ്റ്റന്റായി ചെന്നൈയിൽ പ്രവർത്തിച്ചിരുന്നു. അന്ന് ഓർക്കസ്ട്രേഷനിൽ പ്രാവീണ്യംനേടി.
കൈതപ്രം സഹോദരന്മാരുടെ പ്രേരണയിലാണ് എനിക്ക് സിനിമയിൽ ശ്രദ്ധേയമായ ഗാനം പാടാൻ അവസരം ലഭിച്ചത്; കളിയാട്ടത്തിലെ 'കതിവനൂർ വീരന്റെ' എന്നഗാനം.'കണ്ണകി' എന്ന ജയരാജിന്റെ സിനിമയിലൂടെയാണ് വിശ്വൻ സ്വതന്ത്ര സംഗീത സംവിധായകനായത്. അതിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കാൻ കഴിഞ്ഞു. അതുപോലെ പിന്നീടുചെയ്ത 'കണ്ണെത്താദൂരെ ഒരു കുട്ടിക്കാലം' എന്ന ഗാനമൊന്നും ഒരിക്കലും മലയാളികൾ മറക്കില്ല. പയ്യന്നൂരിലെ 250 വർഷത്തിലേറെ പഴക്കമുള്ള അവരുടെ തറവാട്ടിൽ, കോഴിക്കോട് താമസമാക്കിയശേഷം അദ്ദേഹം എല്ലാ വർഷവും പോകുമായിരുന്നു. ഞാനും കുടുംബമായി അവിടെ പലവട്ടം പോയിട്ടുണ്ട്. അവിടെ താമസിച്ചിട്ടുണ്ട്.
സൗഹൃദങ്ങൾക്ക് അത്ര വലിയ പ്രാധാന്യം നൽകി സന്തോഷവാനായാണ് അദ്ദേഹം ജീവിച്ചത്. കുറച്ചുമാസങ്ങളായി രോഗത്തിന് അടിപ്പെട്ടു. രോഗം രൂക്ഷമായശേഷമാണ് അറിഞ്ഞത്. ഞങ്ങളുടെയെല്ലാം പ്രാർഥന വിഫലമാക്കി അദ്ദേഹം അങ്ങനെ നമ്മെ വിട്ടുപോയി. ഒരുപിടി അനശ്വരഗാനങ്ങൾ സമ്മാനിച്ചിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.