Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightകോടിയേരിയുടെ ഓർമകൾക്ക്...

കോടിയേരിയുടെ ഓർമകൾക്ക് രണ്ട് വയസ്സ്; അനുസ്മരിച്ച് നേതാക്കൾ

text_fields
bookmark_border
kodiyeri
cancel

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യുറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് രണ്ട് വയസ്സ്. അസുഖബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ ഒന്നിനായിരുന്നു അന്ത്യം. രണ്ടാം ചരമവാർഷികത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്‍റെ സ്മരണ പങ്കിട്ടു.

പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിൽ നിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ, അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും ആ വിധം പ്രകടിപ്പിക്കാൻ പാർട്ടിക്കും പ്രവർത്തകർക്കും സാധിക്കണമെന്നും പിണറായി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ​കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ശശി, മന്ത്രി പി. രാജീവ്, മകൻ ബിനീഷ് കോടിയേരി തുടങ്ങിയവർ സമീപം (ഫോട്ടോ: പി. സന്ദീപ്)

പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന കോടിയേരിയുടെ സ്മരണ ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു. ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ലെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ അനുസ്മരിച്ചു. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തൻ്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത് -ജലീൽ പറഞ്ഞു.

സഖാവ് കോടിയേരി ജ്വലിക്കുന്ന ഓർമ്മയാണെന്ന് എ.എ. റഹിം എം.പി അനുസ്മരിച്ചു. മരിക്കുന്നില്ല, ഈ നാടിന്റെ ഓർമ്മകളിൽ ഇന്നും കോടിയേരി ജീവിക്കുന്നുവെന്നും റഹിം പറഞ്ഞു.

പ്രക്ഷോഭ പാതകൾക്ക്‌ എന്നും ഊർജം പകരുന്നതാണ്‌ കോടിയേരിയുടെ സ്‌മരണയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുസ്മരിച്ചു. ഏത്‌ പ്രതിസന്ധിഘട്ടത്തിലും പ്രവർത്തന പാതയിൽ വെളിച്ചം പകരാൻ ആ ഓർമ്മകൾക്ക്‌ കഴിയുന്നു. ആ അമരസ്‌മരണകൾക്കു മുന്നിൽ രക്തപുഷ്‌പങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanCPM
News Summary - Kodiyeri Balakrishnan commemoration day
Next Story