'നാൽപതു വർഷങ്ങൾക്കുശേഷം സാർ കടം വീട്ടി'
text_fieldsസേതുമാധവൻ സാർ ഇനി ഇല്ല എന്ന സത്യം എന്നെ ഏറെ വേദനിപ്പിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ ജോലി ചെയ്തു. ജീവിതത്തിൽ കണ്ടുമുട്ടിയവരിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം. എെൻറ ജീവിതത്തിലെ ഒരു അംഗം തന്നെയായിരുന്നു.
സ്ഥാനാർഥി സാറാമ്മ, ഒള്ളതുമതി, ഭാര്യമാർ സൂക്ഷിക്കുക, തോക്കുകൾ കഥ പറയുന്നു, അടിമകൾ, കൂട്ടുകുടുംബം, കടൽപാലം, അരനാഴിക നേരം, വാഴ്വേ മായം, ഒരു പെണ്ണിെൻറ കഥ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത 25ഓളം ചിത്രങ്ങളിൽ ഞാൻ വേഷമിട്ടു. സേതുമാധവൻ സാറിെൻറ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴെല്ലാം സംസ്ഥാന അവാർഡോ മറ്റെന്തെങ്കിലും പുരസ്കാരമോ എനിക്ക് ലഭിക്കുമായിരുന്നു. അദ്ദേഹത്തിെൻറ സെറ്റുകളിൽ ബഹളമോ ആർഭാടമോ ഒന്നുമുണ്ടാകില്ല. പറയേണ്ട കാര്യങ്ങൾ വളരെ സൗമ്യമായി പറയും. നമുക്ക് മനസ്സിൽ പേടി കൂടാതെ അഭിനയിക്കാം.
അദ്ദേഹത്തിെൻറ ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ പുതിയൊരാളാണ് എെൻറ നായകൻ എന്ന് പറഞ്ഞിരുന്നു. സത്യൻ സാറും ഉള്ള ചിത്രമാണ്. പെട്ടെന്ന് പാൻറും ഷർട്ടുമൊക്കെയിട്ട ഒരു സുമുഖൻ സെറ്റിലേക്ക് കടന്നുവന്നു. അതാണ് എെൻറ നായകൻ എന്നാണ് ഞാൻ കരുതിയത്. അത് സേതുമാധവൻ സാറായിരുന്നു. ഓരോ ഷോട്ടു കഴിയുമ്പോളും അഭിനയം നന്നായോ എന്നറിയാൻ അഭിനേതാക്കൾ സംവിധായകെൻറ മുഖത്തേക്ക് നോക്കാറുണ്ട്. സേതുമാധവൻ സാർ ഭാവഭേദമില്ലാതെ 'ഓക്കെ' എന്നുമാത്രം പറയും. രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നടന്ന ഒരു ചടങ്ങിൽ എെൻറ അഭിനയത്തെക്കുറിച്ച് ഒരിക്കലും നല്ല വാക്ക് പറയാൻ കഴിഞ്ഞിട്ടില്ലെന്നും 40 വർഷത്തിന് ശേഷം ആ കടം വീട്ടുകയാണെന്നും പറഞ്ഞ് അദ്ദേഹം ഷീല ഒരു വലിയ നടിയാണെന്ന് പ്രസംഗിക്കുകയുണ്ടായി.
പ്രശസ്തരായ ഒട്ടേറെ എഴുത്തുകാരുടെ കൃതികളെ അദ്ദേഹം സിനിമയാക്കി. അതിലൂടെ ജീവിതഗന്ധിയായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അതെല്ലാം മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഷീലക്ക് സംസ്ഥാന അവാർഡ് മാത്രം കിട്ടിയാൽ പോരാ ദേശീയ അവാർഡും കിട്ടണമായിരുന്നു എന്ന് ഞാൻ കൂടി പങ്കെടുക്കുന്ന എല്ലാ വേദികളിലും അദ്ദേഹം പറയുമായിരുന്നു.
എനിക്ക് ദേശീയ അവാർഡ് കൊടുക്കാതിരുന്നത് വലിയ തെറ്റായിപ്പോയി എന്ന് അദ്ദേഹം പലയിടത്തും പറഞ്ഞതറിയാം. ആ വാക്കുകൾ എനിക്ക് ദേശീയ അവാർഡ് കിട്ടിയതുപോലെയായിരുന്നു. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതിെൻറ ഏറ്റവും മികച്ച മാതൃകയായിരുന്നു സേതുമാധവൻ സാർ.
തയാറാക്കിയത്: പി.പി. പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.