കെ.ടി. ഹംസ വീണ്ടും നാടിെൻറ ഓർമകളിൽ; 50 വർഷത്തിനു ശേഷം അനുസ്മരണ സംഗമം
text_fieldsപെരിന്തൽമണ്ണ: ഇന്ത്യൻ വ്യോമസേനയിൽ സേവനത്തിലിരിക്കെ 31ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച ആദ്യകാല ഫുട്ബാൾ കളിക്കാരൻ കെ.ടി. ഹംസ 50 വർഷത്തിനു ശേഷം വീണ്ടും നാടിെൻറ ഒാർമകളിൽ. ഇന്ത്യ -പാക് യുദ്ധത്തിൽ 1971 ഡിസംബർ നാലിന് പാകിസ്താെൻറ ഷെൽ ആക്രമണത്തിൽ ഗുജ്റാത്തിലെ ഭുജിൽ വീരമൃത്യു വരിച്ച വ്യോമസേന സർജൻറ് ആയിരുന്നു കെ.ടി. ഹംസ.
കൃത്യം അര നൂറ്റാണ്ട് തികയുന്ന ശനിയാഴ്ചയായിരുന്നു അനുസ്മരണം. പൂപ്പലം ഗോൾ ടൗൺ മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പഴയകാല ഫുട്ബാൾ പ്രേമികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും ഒത്തുചേർന്നു.
മുൻ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കെ.ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ മരിക്കുന്നവരെയും കുടുംബത്തെയും സർക്കാർ വേണ്ടപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കെ.ടി. ഹംസയുടെ കാര്യത്തിൽ ആശ്രിതരായ രണ്ടുപേർക്ക് ജോലി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒരാൾക്കേ നൽകിയുള്ളൂവെന്നും മാധ്യമം അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അഷ്റഫ് പറഞ്ഞു.
മുൻ എം.എൽ.എ വി. ശശികുമാർ, കെ.ടി. ഹൈദർ അലി, ചട്ടിപ്പാറ മുഹമ്മലി, പച്ചീരി ഫാറൂഖ്, പി.പി. ശിഹാബ്, കെ.ആർ. രവി, ഡോ. കെ. അഹമ്മദ് അൻവർ, കെ.പി. ശാക്കിർ, കിഴിശ്ശേരി അബ്ദുല്ല എന്ന മാനു, വടക്കേതിൽ ഹംസ, പ്രഫ. കെ. മുഹമ്മദ് അയ്യൂബ്, നൂർ മുഹമ്മദ്, ഉണ്ണി, കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, കെ.ടി. താഹ ഐജസ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യ -പാക് യുദ്ധവേളയിൽ കുടുംബത്തിന് ഗുജ്റാത്തിലെത്താനോ മൃതദേഹം ഏറ്റുവാങ്ങാനോ കഴിയാത്തതിനാൽ അവസാനം ഒരു നോക്കു കാണാൻ പോലുമാവാതെ മൃതദേഹം അവിടെത്തന്നെ ഖബറടക്കുകയായിരുന്നു. വലമ്പൂർ പൂപ്പലത്തെ പരേതനായ കെ.ടി. കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും ഏഴ് മക്കളിൽ മൂന്നാമനായിരുന്നു കെ.ടി. ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.