ഹൃദയം തൊട്ടറിഞ്ഞു; ആ നോവ്
text_fieldsകൊച്ചി: 2020 ഫെബ്രുവരി 23ന് എം.എം. ലോറൻസിന്റെ എറണാകുളം ഗാന്ധിനഗറിലെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നുവന്നു. ആലപ്പുഴ പൂങ്കാവിൽനിന്ന് ജോസ് കെ. മാത്യു, ലോറൻസ് കൂടി പങ്കെടുത്ത ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ െക.ജെ. മാത്യുവിന്റെ മകൻ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ആളോടുള്ള പകയല്ല, സ്നേഹംകൊണ്ട് എല്ലാം പൊറുത്ത ഹൃദയത്തിന്റെ ആർദ്രതയാണ് ജോസിനെ അവിടെ എത്തിച്ചത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത 17 പേരിൽ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയായിരുന്നു ലോറൻസ്. അദ്ദേഹത്തെ നേരിട്ട് കാണണം, മനസ്സിൽ വെറുപ്പോ വിേദ്വഷമോ ഒരിക്കലും സൂക്ഷിച്ചിട്ടില്ലെന്ന് തുറന്നുപറയണം. അതിനാണ് ജോസ് വന്നത്.
ജോസിനെ കേട്ടിരിക്കെ ലോറൻസിന്റെ ഓർമകളിൽ 70 വർഷം മുമ്പത്തെ ആ രാത്രിയുടെ വെടിയൊച്ചകളും ചിതറിത്തെറിച്ച ചോരത്തുള്ളികളുടെ ഗന്ധവും നിറഞ്ഞു. പഴയ വിപ്ലവകാരിയുടെ കണ്ണുകൾ മെല്ലെ നനയുകയും വാക്കുകൾ ഇടറുകയും ചെയ്തു. കൂർത്ത തൊപ്പിവെച്ച് ഉറക്കമിളച്ച് സ്റ്റേഷന് പാറാവുനിന്ന ഒരു പൊലീസുകാരന്റെ മുഖമാണ് അപ്പോൾ മനസ്സിൽ തെളിഞ്ഞത്. ‘‘സ്റ്റേഷൻ ആക്രമണം യാദൃച്ഛികമായിരുന്നു. അറസ്റ്റിലായ എൻ.കെ. മാധവൻ, വറീതുകുട്ടി എന്നീ സഖാക്കളെ മോചിപ്പിക്കണമെന്നേ കരുതിയുള്ളൂ. പൊലീസുകാരെ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ല. മാത്യു ആയിരുന്നു പാറാവുകാരൻ. ഞങ്ങൾ മടങ്ങുേമ്പാൾ ഒരു െപാലീസുകാരനും മരിച്ചിരുന്നില്ലെന്ന് ഉറപ്പ്. ചിലർക്ക് സാരമായി പരിക്കേറ്റിരുന്നു. ചിലർ ഓടി രക്ഷപ്പെട്ടു. പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയില്ല’’-ലോറൻസ് പറഞ്ഞു. ‘‘ആരെങ്കിലും തക്കസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷേ അച്ഛൻ... ആരെയും കുറ്റപ്പെടുത്തുന്നില്ല’’ -ജോസിന് മുഴുമിപ്പിക്കാനായില്ല. സ്റ്റേഷൻ ആക്രമണത്തിന്റെ 70ാം വാർഷിക ദിനത്തിൽ ഒരുമിച്ച് കൂടണം എന്ന ആഗ്രഹംകൂടി ജോസ് പങ്കുവെച്ചു. ശനിയാഴ്ച ലോറൻസിന്റെ വിയോഗ വിവരമറിഞ്ഞപ്പോൾ മാത്യു ഒരു നിമിഷം നിശ്ശബ്ദനായി. ‘‘പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ എനിക്ക് നഷ്ടപ്പെട്ടത് അച്ഛനാണ്. പക്ഷേ, സഖാവിനോട് ഒരു വിദ്വേഷവും തോന്നിയിട്ടില്ല. അദ്ദേഹം എനിക്ക് സ്വന്തം അച്ഛനെപ്പോലെയായിരുന്നു. അതുകൊണ്ടാണ് അന്ന് നേരിട്ട് കാണണമെന്ന് തോന്നിയത്. ഒരു സംഘം നടത്തിയ ആക്രമണമാണ്. പക്ഷേ, എല്ലാം അങ്ങനെ സംഭവിച്ചുപോയി. ആരെയും കുറ്റപ്പെടുത്താനില്ല’’ -ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.