നിലച്ചു, ഖൽബിലെ പന്തിടിപ്പ്....മലപ്പുറം അസീസ് ഇനി ഓർമ്മകളിൽ..
text_fieldsമലപ്പുറം: ആ പോരാട്ടങ്ങൾക്കൊപ്പം ആ പുഞ്ചിരിയും ഇനി ഓർമയായി... കാൽപന്തിന്റെ മലപ്പുറം വീരകഥകളിൽ മായാത്ത ഓർമയാവും ഇനി ഈ നാടിന്റെ സ്വന്തം മലപ്പുറം അസീസ്. 'നാടോടി' പന്തുതട്ടി വിസ്മയം തീർത്ത അഭിമാനതാരം അസീസിന്റെ വിയോഗം ഫുട്ബാൾ പ്രേമികൾക്ക് നോവിന്റെ യാത്രയയപ്പായി.
മലപ്പുറത്തിന്റെ ഫുട്ബാൾ സൗഹൃദ മൈതാനത്തുനിന്ന് തുടക്കമിട്ട് മികച്ച താരമായി രാജ്യത്തെ വിവിധ ടീമുകൾക്കായി പന്ത് തട്ടിയ പ്രതിഭയാണ് കഴിഞ്ഞ ദിവസം നിര്യാതനായ മലപ്പുറം കാവുങ്ങൽ സ്വദേശി അബ്ദുൽ അസീസ്. സ്വന്തം നാടിന്റെ പേരിലറിയപ്പെട്ട 'മലപ്പുറം അസീസ്' കളിമികവുകൊണ്ടും ഇടപെടൽകൊണ്ടും നാട്ടുകാർക്കും സഹ കളിക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇന്ത്യൻ ടീമിനായി കളിക്കാനായില്ലെങ്കിലും കളിയിൽ രാജ്യാന്തര നിലവാരം കാത്തുസൂക്ഷിച്ച അതുല്യ പ്രതിഭയായിരുന്നു അസീസ്. നാല് ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ച മുൻകാലത്തെ അപൂർവം പേരിലൊരാളാണ്. 1974ൽ പഞ്ചാബിലെ ജലന്ധറിൽ നടന്ന ബംഗാൾ -ത്രിപുര സന്തോഷ് ട്രോഫിയിലെ അസീസിന്റെ മികച്ച പ്രകടനം ഇന്നും ഫുട്ബാൾ ആരാധർകർക്ക് കുളിരാണ്. അസീസ് ജഴ്സിയണിഞ്ഞ ബംഗാൾ ടീം ദുർബലരായ ത്രിപുരയുടെ വലയിൽ നിറച്ചത് 18 ഗോളുകളായിരുന്നു. ഒരെണ്ണം പോലും വഴങ്ങിയതുമില്ല. അതിൽ നാല് ഗോളുകളും അടിച്ചത് അസീസായിരുന്നു.
മുഹമ്മദൻസിൽ കളിക്കാനായി കൊൽക്കത്തയിൽ പോയപ്പോഴാണ് അസീസ് ബംഗാൾ ടീമിന് വേണ്ടി ഇറങ്ങിയത്. 1968ൽ മൈസൂർ ടീം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ നായകനായിരുന്നു. '71ൽ കർണാകയെയും '73ൽ സർവിസസിനെയും നയിച്ച് സന്തോഷ് ട്രോഫിയിൽ കളിച്ചു. 1977ൽ ഫെഡറേഷൻ കപ്പ് പ്രഥമ ടൂർണമെൻറിൽ പന്തു തട്ടിയ താരമാണ് മലപ്പുറം അസീസ്. മുഹമ്മദൻസിനായി അഞ്ച് സീസണും ബോംബെ ഓർകെ സിൽക്സ് മില്ലിന് വേണ്ടി രണ്ട് സീസണും കളിച്ചു. 1975ലാണ് മലപ്പുറം മുഹമ്മദൻസിൽ ചേർന്നത്.
ഇന്ത്യൻ ജഴ്സി കൈവിട്ട പ്രതിഭ
മലപ്പുറം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കായും ക്ലബുകൾക്കായും പന്തു തട്ടിയ മലപ്പുറം അസീസിന് രാജ്യത്തിനായി പന്തു തട്ടാനുള്ള ഭാഗ്യമുണ്ടായില്ല. ഇന്ത്യൻ ദേശീയ ടീമിലേക്ക് അവസരം കിട്ടിയിട്ടും വേണ്ടെന്നു വെച്ച കളിക്കാരനാണ്. നാല് ടീമുകള്‍ക്കായി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ അസീസിന് സ്വന്തം രാജ്യത്തിനായി കളിക്കാനാവാത്തത് ഏറെ ചർച്ചയായിരുന്നു. മികച്ച കളിക്കാരനായിട്ടും ടീമിൽ ഇടം ലഭിക്കാതെയും അവസരം ലഭിച്ചപ്പോൾ മറ്റു കാരണങ്ങളാലും ദേശീയ ടീമിനായി കളിക്കാനാവാതെ പോയി.
1975ലെ ഇന്തോനേഷ്യ ഹാലം കപ്പിന് ഉള്‍െപ്പടെ രണ്ടു തവണ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചിട്ടും കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതിനാല്‍തന്നെ, പ്രതിഭാധനനായ ഈ മധ്യനിര താരം ഒരു മത്സരം പോലും ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെലഗ്രാം അയച്ച് വിളിച്ചപ്പോൾ അസുഖമാണെന്ന് പറഞ്ഞായിരുന്നു ഒഴിഞ്ഞുമാറ്റം. കൂടെ കളിച്ചവരും എതിർ ടീമിനായി കളിച്ചവരും കളി കണ്ടവരുമെല്ലാം അടുത്തറിഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രതിഭ. യഥാർഥ ദേശീയ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും നിരവധി താരങ്ങളുടെ 'ഡ്രീം ഇന്ത്യൻ ഇലവനിൽ' സ്ഥാനം നേടിയ കളിക്കാരനാണ്. ഇന്ത്യയുടെ മുന്‍ താരവും ഫുട്ബാള്‍ പരിശീലകനുമായ ടി.കെ. ചാത്തുണ്ണിയുടെയും എൻ.എം. നജീബിന്റെ ഡ്രീം ഇലവനിലുമെല്ലാം അസീസുണ്ടായിരുന്നു. ഡ്യൂറണ്ട് കപ്പ് സുവനീറിൽ നോവി കപാഡിയയുടെ ഡ്രീം ഇലവനിലും മധ്യനിരയിൽ പന്ത് തട്ടിയിരുന്നു.
-ജയ്ദീപ് ബസു, വിംസി, ബാപ്പുക്ക തുടങ്ങിയവരുടെയെല്ലാം ഡ്രീം ടീമിന്റെ മധ്യനിരയിൽ ഈ പ്രതിഭയുടെ പേരുണ്ടായിരുന്നു. ഒരു മത്സരം പോലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ലാത്ത ഈ ഫുട്ബാളർ, ബൂട്ടഴിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആരാധകരുടെയും താരങ്ങളുടെയും 'ഡ്രീം ഇന്ത്യൻ ഇലവനിൽ' കളിച്ചുകൊണ്ടേയിരുന്നു.
പത്ത് കഴിഞ്ഞ് പട്ടാള ടീമിലേക്ക്...
മലപ്പുറം: ചെറിയ പ്രായം തൊട്ടേ അസീസ് തന്റെ ഇഷ്ട വിനോദമായ ഫുട്ബാളിനു പിന്നാലെയുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ബാംഗ്ലൂരിലെ പട്ടാള ടീമായ എ.എസ്.സിയിലെത്തി. 10 വർഷത്തോളം പട്ടാള ടീമിനായി ബൂട്ടണിഞ്ഞു. തുടർന്ന് മൈസൂർ സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി. 1969ൽ മൈസൂർ ബംഗാളിനെ തോൽപിച്ച് സന്തോഷ് ട്രോഫി നേടുമ്പോൾ കടിഞ്ഞാൺ ആ കൈകളിലായിരുന്നു.
സന്തോഷ് ട്രോഫി നേടാൻ ഭാഗ്യം ലഭിച്ച ആദ്യ മലയാളികളിൽ ഒരാളായി അസീസ്. പിന്നീട് സർവിസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്ക് വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. 1974ൽ ഇന്ത്യൻ താരങ്ങളായ നഈമുദ്ദീനും ഹബീബും അദ്ദേഹത്തെ മുഹമ്മദൻസ് ടീമിലേക്ക് കൊണ്ടുപോയി. അവിടെ നേട്ടങ്ങളും നായകത്വവുമായി അസീസ് വീണ്ടും കരുത്ത് കാട്ടി. 'റിക്ഷവാല' എന്നായിരുന്നു മുഹമ്മദൻസ് ആരാധകർ അസീസിനെ വിളിച്ചിരുന്നത്. മധ്യനിരയിൽ നടത്തുന്ന അധ്വാനമായിരുന്നു ഈ പേരിനു പിറകിൽ. ഡി.സി.എം, കൽക്കത്ത ലീഗ്, ശ്രീനാരായണ അങ്ങനെ ഒരുപാട് നേട്ടങ്ങൾ വേറെയും. അതിനിടെ ധാക്ക മുഹമ്മദൻസ് ടീമിന്റെ ഭാഗമായും കളിച്ചു. 1981ൽ മുഹമ്മദൻസ് വിട്ട അസീസ് ഓർകെ മിൽസ് ബോംബെയിലെത്തി. അവിടെയും വിഫ ട്രോഫി, ബോംബെ ലീഗ് കിരീടങ്ങൾ നേടാനായി. ശ്രീലങ്ക ഉൾപ്പെടെ പങ്കെടുക്കുന്ന പെന്റാങ്കുലർ കപ്പിൽ നായകസ്ഥാനവും അലങ്കരിച്ചു. വിവിധ ടീമുകൾക്കായി അസീസ് എന്ന താരത്തിന്റെ കാലിൽനിന്ന് തൊടുത്തുവിട്ട മികച്ച ഷോട്ടുകളും പാസുകളും ലോങ് റേഞ്ചുകളും എന്നും ആരാധകരുടെ ഓർമകളിൽ തിളങ്ങിനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.