മേരി റോയ് അവകാശപ്പോരാട്ടങ്ങളുടെ പ്രതീകം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവർത്തകയുമായ മേരി റോയിയുടെ വേർപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മേരി റോയ്. പെൺകുട്ടികൾ രണ്ടാം തരക്കാരാണെന്നുള്ള ചിന്ത മാറ്റാനുള്ള പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്.
ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അസാധുവാക്കി, പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകിയ സുപ്രീം കോടതി വിധി മേരി റോയി നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ്.
പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി മേരി റോയി കോട്ടയത്ത് സ്ഥാപിച്ച പള്ളിക്കൂടം എന്ന സ്കൂൾ മാതൃകയായി നമുക്ക് മുന്നിലുണ്ട്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തലമുറകളുടെ പ്രചോദനം -ഉമ്മന്‍ ചാണ്ടി
അനീതിക്കെതിരേ പോരാടി വിജയിച്ച മേരി റോയി തലമുറകളുടെ പ്രചോദനമായി തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം ലഭിച്ചതോടെ നീതിനിഷേധിക്കപ്പെട്ട പതിനായിരങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കു നയിക്കാന്‍ മേരി റോയിക്കു സാധിച്ചു. നിലവിലുള്ള വ്യവസ്ഥക്കെതിരേ ഒറ്റയാന്‍ പോരാട്ടം നടത്തിയ അവര്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടത്.
കുട്ടികളെ ശാക്തീകരിച്ചു വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോട്ടയെത്ത പള്ളിക്കുടം സ്‌കൂള്‍ വ്യത്യസ്തമായ അനുഭവമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.