ആ ചിത്രങ്ങളിനിയും നമ്മളോട് സംസാരിക്കും
text_fields
ലൈറ്റിങ്ങിനും കോമ്പോസിഷനും ഇടയിൽ വൈകാരികതക്ക് അടിപ്പെടാതെ ജീവിതം പറയുന്ന ചിത്രങ്ങളാണ് ന്യൂസ്ഫോട്ടോഗ്രാഫർ പകർത്തേണ്ടതെന്നാണ് പുലിറ്റ്സർ പുരസ്കാര വേളയിൽ ദാനിഷ് പറഞ്ഞത്. ഇന്നിതാ നമ്മെയൊന്നാകെ വൈകാരികമായി തളർത്തിക്കൊണ്ട് ആ മനുഷ്യൻ വിട്ടുപോയിരിക്കുന്നു.
മരണം നേരത്തേ ഉറപ്പിച്ചവരാണെന്നാണ് യുദ്ധഫോട്ടോഗ്രാഫർമാരെക്കുറിച്ച് പറയാറ്. പോയിവരാമെന്നു കുടുംബത്തോട് പറഞ്ഞ് ചിത്രമെടുക്കാനായി വീട്ടിൽനിന്നിറങ്ങുന്നവർ ഒരുപക്ഷേ മാലചാർത്തിയ ഒരു ചിത്രമായാവും തിരികെയെത്തുക.
ഇന്ത്യക്കകത്തും പുറത്തുനിന്നുമായി നിരവധി ചിത്രങ്ങളാണ് ദാനിഷ് സിദ്ദീഖി നമുക്കായി പകർത്തിയത്. നാം ജീവിക്കുന്ന ലോകത്തിെൻറ മറുപുറത്ത് നമ്മളറിയാത്ത മറ്റൊരു ലോകമുണ്ട് എന്നു സാക്ഷ്യപ്പെടുത്തുകയാണ് മാനുഷികത നെഞ്ചിൽ സൂക്ഷിക്കുന്ന ഓരോ ഫോട്ടോഗ്രാഫറും ചെയ്യുന്നത്. കാമറ ഉപജീവനത്തിനുള്ള ഉപകരണം മാത്രമല്ല, അഭിപ്രായപ്രകടനത്തിനും സ്നേഹപ്രകാശനത്തിനും ആക്ടിവിസത്തിനുമെല്ലാമുള്ള ആയുധമാണ്.
ദാനിഷിെൻറ അകാല വിയോഗം നാം ഏവരേയും നടുക്കുന്നത് ചിത്രങ്ങളുടെ മികവുകൊണ്ടു മാത്രമല്ല, മറിച്ച് ഏർപ്പെട്ട ദൗത്യത്തിൽ അദ്ദേഹം പുലർത്തിയ ആത്മാർഥത കൊണ്ടുകൂടിയാണ്. ഓരോ ചിത്രത്തിലും കുഞ്ഞുങ്ങൾക്കുപോലും വായിച്ചെടുക്കാൻ കഴിയുന്ന ധീരതയുടെയും ചേർന്നുനിൽപ്പിെൻറയും പ്രകാശരേഖകൾ പതിഞ്ഞിരുന്നു.
പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത റോഹിങ്ക്യൻ അഭയാർഥികളുടെ ചിത്രങ്ങൾ, ഡൽഹി വംശീയാതിക്രമ വേളയിലെ ചിത്രങ്ങൾ, പൗരത്വ-കർഷക സമരവേദികൾ, ചൂഷണത്തിൽനിന്നും അതിക്രമങ്ങളിൽനിന്നും മുക്തമായ ഒരു ലോകം സാധ്യമാവണമെന്ന്, അതിനായി നമ്മളാലാവുന്നത് ചെയ്യണമെന്ന് മുൻവിധികളില്ലാതെ ആ ചിത്രങ്ങൾ കാണുന്ന ഏതൊരു മനുഷ്യനും മനസ്സിൽ തോന്നും. അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ഒന്നാം ലോക്ഡൗൺ കാലത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമങ്ങളിലേക്ക് കുഞ്ഞുങ്ങളെ തോളിലേറ്റി, ജീവിത സമ്പാദ്യമായ തകരപ്പെട്ടികളുമേന്തി അഭയാർഥികളെപ്പോലെ നടന്നുപോയ മനുഷ്യരെ ലോകത്തിനുമുന്നിൽ കാണിച്ചുതന്നത് ദാനിഷിെൻറ കാമറയാണ്. പിന്നീട് കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസംകിട്ടാതെ ഉഴലുന്ന രാജ്യതലസ്ഥാനവും അവിടത്തെ കൂട്ട ശ്മശാനങ്ങളും കാണിച്ചുതന്നതും.
ഒരു എഴുത്തുകാരൻ തെൻറ വരികളിലൂടെ സ്നേഹത്തിെൻറയും സമാധാനത്തിെൻറയും പ്രാവുകളെ പറത്തുന്നതുപോലെ ഫോട്ടോഗ്രാഫർ ചിത്രങ്ങളിലൂടെ അത് നിർവഹിക്കുന്നു. വേതനത്തിനും പുരസ്കാരങ്ങൾക്കുമുപരി വേദനിക്കുന്നവരുടെ കണ്ണുനീർ തുടക്കാൻ നടത്തുന്ന പ്രയത്നമാണത്. യുദ്ധക്കളത്തിലേക്ക് ചിത്രമെടുക്കാൻ പോകുന്നതും അതേ ചിന്തയോടെയാണ്.
യുദ്ധങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമില്ലാത്ത ഒരു ദേശത്ത്, അതല്ലെങ്കിൽ ഒരു ജനാധിപത്യ രാജ്യത്ത് ചിത്രമെടുപ്പ് നടത്തുന്നതും സംഘർഷമേഖലയിൽ ദൗത്യത്തിലേർപ്പെടുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്.
2013ൽ മഅ്ദിൻ അക്കാദമി ഒരുക്കിയ ഇറാഖ് യാത്രയോടൊപ്പം സഞ്ചരിച്ച ഈ കുറിപ്പുകാരെൻറ കാമറ വിമാനത്താവളത്തിൽനിന്നുതന്നെ അധികൃതർ പിടിച്ചെടുത്തു. ഫലസ്തീൻ സംഘർഷമേഖലയിലൂടെ പോയ വേളയിലും കാമറ കണ്ടുകെട്ടലും മണിക്കൂർ നീണ്ട ചോദ്യംചെയ്യലുമെല്ലാമുണ്ടായിരുന്നു. തോക്കുകളും ബോംബുകളും മിസൈലുകളുമുള്ള അതിശക്തരെന്നു നാം കരുതുന്ന കൂട്ടർ കാമറയെ ഭയക്കുന്നു, ഭീകരവസ്തുവായി കരുതുന്നു. മാധ്യമപ്രവർത്തകരും ഫോട്ടോജേണലിസ്റ്റുകളും ലോകമൊട്ടുക്കും അതിക്രമങ്ങൾക്കിരയാക്കപ്പെടുന്നതിന് അതുതന്നെയല്ലേ കാരണം.
ഇറാഖ് യാത്രയിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ഡോ. അബ്ബാസ് പനക്കൽ തുടങ്ങിയവർക്കൊപ്പം താമസിച്ച ഹോട്ടലിന് സമീപം കാർബോംബ് സ്ഫോടനമുണ്ടായി നിരവധി പേർ കൊല്ലപ്പെട്ടു. വർഷങ്ങൾക്കിപ്പുറം അത് ഓർത്തെടുക്കുേമ്പാഴും ഉള്ളിലൂടെ ഒരു നടുക്കം പായുന്നു.
ഇത്ര പെട്ടെന്ന് ലോകത്തിന് നഷ്ടപ്പെടേണ്ട ഒരാളായിരുന്നില്ല ദാനിഷ് സിദ്ദീഖി. ആ മനുഷ്യസ്നേഹി കാമറയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഇനിയുമുണ്ടായിരുന്നു. ആ മനുഷ്യനെ എന്നെങ്കിലും കാണുകയും അൽപനേരം സംസാരിക്കുകയും ചെയ്യണമെന്ന് ഞാനുൾപ്പെടെ ഒരുപാടു പേർ ആഗ്രഹിച്ചിരുന്നു.
ദാനിഷ്, താങ്കൾ ഇനി വരില്ല എന്ന പരമസത്യം ഹൃദയവേദനയോടെയാണെങ്കിലും അംഗീകരിക്കുന്നു. പക്ഷേ, താങ്കൾ പകർത്തിവെച്ച ചിത്രങ്ങൾ ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.