മറഞ്ഞത് കളരിയിലെ 'വട്ടേൻതിരിപ്പ്' സമ്പ്രദായത്തിന്റെ കുലഗുരു
text_fieldsപയ്യന്നൂർ: പി.പി. നാരായണൻ ഗുരുക്കൾ എന്ന കളരിയാശാൻ വിടവാങ്ങിയപ്പോൾ നിശ്ചലമായത് കളരിപ്പയറ്റിലെ അത്യപൂർവമായ വൈജ്ഞാനിക ഗുരുപരമ്പരയിലെ തലയെടുപ്പുള്ള ഗുരുനാഥൻ. വടക്കൻ കേരളത്തിൽ കളരിപ്പയറ്റിന്റെയും കളരിചികിത്സയുടെയും പരിപോഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഗുരുനാഥനായിരുന്നു നാരായണന് ഗുരുക്കള്‍. പ്രൈമറി വിദ്യാഭ്യാസകാലം മുതല്‍ പല ഗുരുക്കന്മാരുടെയും കീഴിൽ അഭ്യസനം നടത്തിയ ഇദ്ദേഹം ഇന്ന് കളരിപ്പയറ്റില്‍ പയ്യന്നൂരില്‍ മാത്രം അവശേഷിക്കുന്ന 'വട്ടേന്‍തിരിപ്പ്' സമ്പ്രദായത്തിന്റെ ആധികാരിക വക്താവും കളരിചികിത്സ, ഉഴിച്ചില്‍, കോല്‍ക്കളി, പരിചമുട്ടുകളി എന്നിവയില്‍ അദ്വിതീയനുമായിരുന്നു. നാടിന്റെ നാനാഭാഗത്തും കളരിയറിവ് വരുംതലമുറക്ക് പകരുന്നതില്‍ ശ്രദ്ധചെലുത്തിയ ഗുരുക്കള്‍ ഉത്തരകേരളത്തില്‍ കളരിസംസ്കാരം തന്നെ പടുത്തുയര്‍ത്തുകയായിരുന്നു.
കോല്‍ക്കളി, കളരിപ്പയറ്റ് എന്നിവയില്‍ സമര്‍ഥരായ ഒട്ടനേകം പ്രതിഭകളെ നാടിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി അരങ്ങുകളില്‍ വട്ടേന്‍തിരിപ്പ് പ്രകടനം കാഴ്ചവെച്ച അദ്ദേഹവും ശിഷ്യന്മാരും ആധുനികകാലത്തും കളരി എന്ന ആയോധനമുറയുടെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. പയ്യന്നൂർ തായിനേരിയില്‍ വാഴവളപ്പില്‍ ചന്തന്-പടിഞ്ഞാറ്റപുരയില് മാതി ദമ്പതികളുടെ മകനായി 1939ല്‍ നാരായണന് ഗുരുക്കള്‍ ജനിച്ചു. അന്നൂര്‍ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനിടെ കൊടക്കാട് ചന്തുഗുരുക്കളുടെ കീഴില്‍ കളരിയിലെ പല മുറകളും പരിശീലിച്ചു. വട്ടേന്‍തിരിപ്പ് കളരി സമ്പ്രദായത്തില്‍ ചന്തു ഗുരുക്കളുടെ കീഴില്‍ ശിക്ഷണം നേടിയ ശേഷം എന്‍. കൃഷ്ണന് ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസനം തുടര്‍ന്നു. ഏഴു വയസ്സില്‍ തുടങ്ങിയ കലാസപര്യ നാരായണന് ഗുരുക്കളെ ഈ രംഗത്തെ അതികായനാക്കി മാറ്റി. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കൃഷ്ണന് ഗുരുക്കളുടെ അനുവാദത്തോടെ പയ്യന്നൂർ അമ്പലത്തിനടുത്തുള്ള കളരിയില്‍ നാരായണന് ഗുരുക്കള്‍ കളരിപ്പയറ്റ് അഭ്യസിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.
വളപട്ടണത്തെ പീച്ചാളി നാരായണന് ഗുരുക്കളുടെ കീഴില്‍ അറപ്പക്കൈയെന്ന കളരി സമ്പ്രദായത്തിലും അക്കാലത്ത് നാരായണന് ഗുരുക്കള്‍ പരിശീലനം നേടി. കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയവയുടെ വളര്‍ച്ചയും വികസനവും ലക്ഷ്യംവെച്ച് രാമന്തളി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തായിനേരി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കളരികള്‍ സ്ഥാപിച്ച ഗുരുക്കള്‍, വിശ്രമമറിയാത്ത പരിശ്രമത്തിലൂടെ ഒട്ടനേകം പേര്‍ക്ക് ഈ വിദ്യകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കായികാഭ്യാസരംഗത്ത് നിരന്തര പ്രോത്സാഹനം നല്കിയ പിതാവിന്റെ പേരില്‍ തായിനേരിയില്‍ ചന്തന് സ്മാരക കളരിസംഘം ഗുരുക്കള്‍ സ്ഥാപിച്ചതോടെ കളരിചികിത്സ തേടി നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിനടുത്തെത്താന്‍ തുടങ്ങി. കേരളത്തിനകത്തും പുറത്തും നിരവധി സുപ്രധാന വൈദ്യശാസ്ത്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. അയോധനകലയിൽ പകരക്കാരനില്ലാത്ത ഗുരുക്കളെ കേരള ഫോക്ലോർ അക്കാദമി, അവാർഡും ഫെലോഷിപ്പും നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.