കാമറയും പ്രസാദും കണ്ണടച്ചു; ബാക്കിവെച്ചത് ഒരുപിടി നല്ല ചിത്രങ്ങൾ
text_fieldsമഞ്ചേരി: ഒരുപിടി നല്ല ചിത്രങ്ങൾ ബാക്കിവെച്ച് മഞ്ചേരിയുടെ പ്രസാദേട്ടൻ വിടവാങ്ങി. അപ്രതീക്ഷിത വിയോഗത്തിൽ നാട് മുഴുവൻ തേങ്ങി. തിരുവോണ നാളിലും തെൻറ ഉത്തരാവാദിത്തം നിറേവറ്റാനാണ് കാമറയും പിടിച്ച് കിഴിശ്ശേരിയിലെ വിവാഹ ചടങ്ങിലേക്ക് ഫോട്ടോ എടുക്കാൻ പോകുന്നത്.
സദ്യകഴിക്കാൻ വീട്ടിലെത്തുമെന്ന് ഭാര്യക്കും മക്കൾക്കും ഉറപ്പുനൽകിയിരുന്നു. എന്നാൽ, വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വിവാഹ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫ്രെയിമുകൾ ബാക്കിയാക്കി പ്രസാദ് മടങ്ങി.
മഞ്ചേരിയിലെ പൊതുചടങ്ങുകളിലെല്ലാം കാമറയും തൂക്കി പ്രസാദ് എത്തുമായിരുന്നു. പതിവുപോലെ വെള്ളിയാഴ്ചയും തെൻറ കർമരംഗത്ത് സജീവമായിരുന്നു. ഉച്ചയോടെ എം.എൽ.എ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത് ഫോട്ടോയും എടുത്ത് പ്രസാദ് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ സുഹൃത്തിെൻറ വിയോഗ വാർത്ത ഞെട്ടലോടെയാണ് മഞ്ചേരിയിലെ രാഷ്ട്രീയ-, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവർ കേട്ടത്. മലപ്പുറം പബ്ലിക് റിലേഷന് വകുപ്പ് കരാർ ഫോട്ടോഗ്രാഫറും മഞ്ചേരി സിറ്റി സ്റ്റുഡിയോ ഉടമയുമായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ജില്ലയുടെ വളർച്ച പ്രസാദ് കാമറയിൽ പകർത്തിയിരുന്നു. വിവാഹം, ചോറൂണ്, രാഷ്ട്രീയ പൊതുസമ്മേളനങ്ങൾ, സമരമുഖങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രസാദ് ഉണ്ടായിരുന്നു. മെഡിക്കൽ കോളജിലെ മോർച്ചറി കോപ്ലക്സിലും പ്രസാദ് കാമറയുമായി എത്തിയിരുന്നു. പലപ്പോഴും പണം പോലും വാങ്ങാതെയാണ് തെൻറ ജോലി ചെയ്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, എ.ബി. വാജ്പേയ്, എച്ച്.ഡി. ദേവഗൗഡ, വി.പി. സിങ് എന്നിവരും രാഹുൽ ഗാന്ധി, ലല്ലു പ്രസാദ് യാദവ്, നിതീഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരെല്ലാം പ്രസാദിെൻറ കാമറയിൽ പതിഞ്ഞവരാണ്. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയാണ് സ്വദേശമെങ്കിലും മഞ്ചേരിയായിരുന്നു കർമമണ്ഡലം.
മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, കെ.പി.സി.സി അംഗം റഷീദ് പറമ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് ജനറൽ സെക്രട്ടറി നിവിൽ ഇബ്രാഹീം, ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് യൂസഫ് കസിനോ, സംസ്ഥാന കമ്മിറ്റി അംഗം ശശികുമാർ മങ്കട തുടങ്ങിയവരും വീട്ടിലെത്തി. പബ്ലിക് റിലേഷൻ വകുപ്പിന് വേണ്ടി ജില്ല ഓഫിസർ റഷീദ് ബാബു, മഞ്ചേരി പ്രസ് ക്ലബിന് വേണ്ടി ജനറൽ സെക്രട്ടറി സാലി മേലാക്കം എന്നിവരും റീത്ത് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.