സ്വപ്നം ബാക്കിയാക്കി ജിയോയുടെ മടക്കം
text_fieldsതൃശൂർ: ചിരി നിറഞ്ഞ മുഖം. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഉള്ളം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ സിനിമയെന്ന സ്വപ്നം ബാക്കിയാക്കി ജിയോ മടങ്ങി. മാധ്യമ പ്രവർത്തനത്തിൽ േവറിട്ട് നടന്നതായിരുന്നു ജിയോയുടെ യാത്ര. ജീവിതത്തെ നിറം പിടിപ്പിച്ച സിനിമ സ്വപ്നങ്ങൾ. അവിടേക്ക് നടന്നടുക്കാൻ ചെയ്തു തീർത്ത ചെറു സിനിമകളും ഡോക്യുമെൻററികളും. ചെയ്ത വാർത്തകൾക്കെല്ലാം മികവിെൻറ തുടിപ്പുണ്ടായിരുന്നു. ദൃശ്യചാരുതയിലായിരുന്നു ശ്രദ്ധ മുഴുവൻ. വാക്കുകളിൽ പോലും ആ മിഴിവും െതളിച്ചവും കാണാം. കളി പറഞ്ഞും കാര്യം പറഞ്ഞും തെരഞ്ഞെടുപ്പ് പ്ലാൻ ചെയ്തുമിരിക്കെ യാത്ര പൊടുന്നനെയൊരു പോക്ക്.
ഓരോ വാർത്തകളും പുതിയ ഇടപെടലുകളും ഇടം തേടലുകളുമായിരുന്നു. തൃശൂരിെൻറ പുലിക്കാരണവരായ ചാത്തുണ്ണിയാശാെൻറ ജീവിതം അടയാളപ്പെടുത്തിയത് ജിയോ എഴുതിവെച്ച വരികളിലൂടെയാണ്. തൃശൂർ പൂരത്തിന് പൂരത്തിെൻറ കഥയൊരുക്കിയ രചന... അങ്ങനെ എത്രയെത്ര.
ഒരിക്കൽ പോലും ചിരി മാഞ്ഞ മുഖത്തോടെ ജിയോയെ കാണാൻ കഴിഞ്ഞിട്ടില്ല. ശീതീകരിച്ച മുറിയിലിരുന്നുള്ള നിർദേശം നൽകുന്നതിനേക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത് പുറംലോകത്തിെൻറ സ്പന്ദനം അറിയലിലായിരുന്നു. കൊട്ടിക്കലാശമില്ലാത്ത തെരഞ്ഞെടുപ്പ് കാലത്ത് തൽസമയം നിൽക്കേണ്ട സ്ഥലത്തെക്കുറിച്ച് ആലോചിക്കും മുമ്പേയായിരുന്നു ജിയോയുടെ മടക്കമെന്ന് സഹപ്രവർത്തകരുടെ വിങ്ങുന്ന വാക്കുകൾ.
തൃശൂർ കേബിൾ വിഷൻ (ടി.സി.വി) സീനിയർ റിപ്പോർട്ടർ ജിയോ സണ്ണി ശനിയാഴ്ചയാണ് മരിച്ചത്. എലുവത്തിങ്കൽ വെള്ളാമ്പ്ര പരേതനായ സണ്ണിയുടെ മകനാണ്. കോവിഡ് മുക്തനായ ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച ജിയോ ശനിയാഴ്ച രാവിലെ ഒമ്പതോടെ അഞ്ചേരിച്ചിറയിലെ ഹൈലൈഫ് ഫ്ലാറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒട്ടേറെ ഡോക്യുമെൻററി-ഹ്രസ്വചിത്രങ്ങൾ അണിയിച്ചൊരുക്കിയ ജിയോ സണ്ണി തിരക്കഥ എഴുതി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു. പുലിക്കളിയിലൂടെ പ്രശസ്തനായ ചാത്തുണ്ണിയെക്കുറിച്ചുള്ള ഡോക്യുഫിക്ഷൻ 'ഏക് ദിൻ കി സുൽത്താൻ', തീവണ്ടി യാത്രകളെ ഏറെ സ്നേഹിച്ച ലൂവീസിനെക്കുറിച്ചുള്ള ഡോക്യുമെൻററി എന്നിവ ശ്രദ്ധേയമാണ്. 'മണവാട്ടി', 'കരക്കമ്പി' ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമായി ചേർന്ന് തൃശൂർ പൂരത്തെക്കുറിച്ച് 'പൂരത്തിെൻറ കഥ' പുസ്തകം പ്രസിദ്ധീകരിച്ചു. നാഷനൽ ടുബാക്കോ കൺട്രോൾ പരിപാടിയുടെ ഭാഗമായി ജില്ല ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ ജിയോ സംവിധാനം ചെയ്ത 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ഒന്നാമതെത്തിയിരുന്നു. കലക്ടർ അവാർഡ് പ്രഖ്യാപിക്കാനിരിക്കെയാണ് മരണം.
മാതാവ്: മേരി. ഭാര്യ: അനു (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ ഹൈറോഡ് ശാഖ). മക്കൾ: ജോയൽ, ജോഷ്വ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഒരുമണിക്കൂർ തൃശൂർ പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അവിടെനിന്ന് അഞ്ചേരിച്ചിറയിലെ ഫ്ലാറ്റിൽ കൊണ്ടുപോകും. സംസ്കാരം വൈകീട്ട് അഞ്ചിന് നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.