എം.ടി ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്ര -കെ. സുധാകരന്‍
text_fieldsകണ്ണൂർ: മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അനുശോചിച്ചു. എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.
ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയില്‍ കഥകള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാര്‍ ഏറ്റെടുത്തത്.
വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലര്‍ത്തിയ സാഹിത്യകാരനാണ്. താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി. മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരന്‍ എംടിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
വായനക്കാരന്റെ ഉള്ളുലക്കുന്ന കഥാപാത്രങ്ങള്‍- എം.എം. ഹസന്‍
എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. അക്ഷരക്കൂട്ടുകള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ ഇതിഹാസം തീര്‍ത്ത പ്രതിഭയായിരുന്നു എംടി. നാട്ടിന്‍ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത.
തലമുറകളെ ആനന്ദിപ്പിച്ച അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ജന്മം കൊണ്ടത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അകക്കണ്ണിലൂടെ ഒപ്പിയെടുത്ത അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പൊള്ളുന്ന വേദനകളും സ്വാംശീകരിച്ച് ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എക്കാലവും വായനക്കാരന്റെ ഉള്ളുലക്കുന്നവയാണ്. നിളയുടെ കഥാകാരന്‍ കൂടിയായ എം.ടി വാസുദേവന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്നും എം.എം. ഹസന്‍ പറഞ്ഞു.
നമ്മുടെ സ്വപ്‌നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം.ടിയുടെ കഥാപാത്രങ്ങളില്‍ കാണാം -കെ.സി. വേണുഗോപാല്‍ എംപി
വിഖ്യാത സാഹിത്യകാരനും കഥകളുടെ പെരുന്തച്ചനുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി.
നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്‌നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം.ടിയുടെ കഥാപാത്രങ്ങളില്‍ എപ്പോഴും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ആര്‍ദ്രമായ പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കിയ മലയാളത്തിന്റെ പുണ്യമായിരുന്ന എം.ടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു.
മനസിലും ചിന്തയിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകരുന്ന അക്ഷരങ്ങള്‍ കൊണ്ട് മായികലോകം സൃഷ്ടിക്കുകയും ആ നിര്‍വൃതിയില്‍ തലമുറകളിലെ ആസ്വാദകരെ മോഹിപ്പിക്കുന്ന കഥാപ്രഞ്ചമായിരുന്നു. എം.ടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്.
ദീർഘകാലത്തെ ഊഷ്മള ബന്ധമാണ് തനിക്ക് എം.ടിയുമായി ഉണ്ടായിരുന്നത്. നിരവധി പൊതുപരിപാടികളിൽ അദ്ദേഹവുമായി വേദി പങ്കിടാൻ അവസരം ലഭിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ നിറവിൽ നിന്ന അദ്ദേഹത്തെ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഗുരുതര രോഗാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മകൾ അശ്വതിയെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു. ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടർമാരോടും ആശയവിനിമയം നടത്തിയിരുന്നു.
ജീവിതത്തിലേക്ക് എം.ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി. കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എം.ടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർഥിക്കുന്നു -കെ.സി. വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.