രംഗനാഥ് പാട്ടിന്റെ പാലാഴി തീർത്ത അതുല്യപ്രതിഭ
text_fieldsആലപ്പുഴ: സംഗീതത്തെ പ്രണയിച്ച് പാട്ടിന്റെ പാലാഴി തീർത്ത അതുല്യപ്രതിഭയായിരുന്നു ആലപ്പി രംഗനാഥ്. ചെറുപ്പകാലം മുതൽ സംഗീതവും നൃത്തവും അഭ്യസിച്ചാണ് ഈമേഖലയിലേക്ക് ചുവടുറപ്പിച്ചത്. 14ാം വയസ്സുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് രംഗനാഥ് എന്ന പേരിനൊപ്പം ആലപ്പികൂടി ചേർത്തത്.
ഗാനഗന്ധർവൻ യേശുദാസ്, സംഗീതസംവിധായകൻ ഇളയരാജ അടക്കമുള്ളവരുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്നു. അയ്യപ്പഭക്തിഗാനം പാടിച്ച് യേശുദാസിനെ ഒന്നിലേറെ തവണ കരയിപ്പിച്ചിട്ടുണ്ട്. 1982ൽ തരംഗിണിയുടെ അയ്യപ്പഭക്തി ഗാന കാസറ്റ് റെക്കോഡിങ്ങിനിടെ 'എൻമനം പൊന്നമ്പലം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയിൽ 'അടിയനാശ്രയമേകണെ ദൈവം ഹൃദയമിതിൽ വാഴും, അഖിലാണ്ഡേശ്വരനയ്യപ്പൻ ശരണമയ്യപ്പ' എന്ന വരി ആലപിച്ചപ്പോഴാണ് യേശുദാസ് പൊട്ടിക്കരഞ്ഞത്.
നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനുശേഷം സിനിമയുടെ രജതദീപ്തിയാൽ ആകർഷിക്കപ്പെട്ട് മദ്രാസിലേക്കുപോയി. രാഘവൻ മാഷിന്റെ 'നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു' എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമാരംഗത്ത് പ്രവേശിച്ചു.
എം.എസ് വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ (സ്വദേശം ഗോവ) ശിഷ്യനായി മദ്രാസ് ജീവിതം തുടർന്നു. 1973ൽ പി.എ. തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ 'ഓശാന, ഓശാന' എന്നതാണ് ആദ്യഗാനം.
വാഗ്ദത്തമായ അവസരങ്ങളൊക്കെ മറ്റുപല സംഗീതസംവിധായകരിലേക്കും പോകുന്ന കാഴ്ചയിൽ നിരാശനായി ആറുവർഷത്തെ മദ്രാസ് ജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചുവന്നു.
എ. കെ.ജെ സ്കൂളിൽ സംഗീതാധ്യാപകനായി. ജന്മസിദ്ധമായ കലാവാസനയുടെ പ്രകാശനത്തിനും ജോലിയോടൊപ്പം രംഗനാഥ് സമയം കണ്ടെത്തി. ഗാനരചന, സംഗീതസംവിധാനം, നൃത്താദ്ധ്യാപനം, നാടക രചന ഇവയൊക്കെ ആകലാകാണ്ഡത്തെ സമ്പന്നമാക്കി.
യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധമാണ് ജീവിതത്തിലെ വഴിത്തിരിവായത്. 1981ൽ ടി.കെ.ആർ ഭദ്രന്റെ രചനയിൽ യേശുദാസ് സംഗീതം ചെയ്ത് ആലപിച്ച അയ്യപ്പഭക്തിഗാനകാസറ്റിലെ ഹിമശീതപമ്പയിൽ, ഗുരുസ്വാമീ, ഒരുദിവ്യദർശനം, ഇക്കാട്ടിൽ പുലിയുണ്ട് മുതലായ ഹിറ്റ് ഗാനങ്ങളാണ് സമ്മാനിച്ചത്. രംഗനാഥ്-യേശുദാസ് കൂട്ടുകെട്ടിൽപ്പിറന്നതാണ് ഇവയെല്ലാം. സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ, വൃശ്ചികപ്പൂമ്പുലരി, ശബരിഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ, എല്ലാ ദുഃഖവും തീർത്തുതരൂ എന്നയ്യാ, ശബരി ശൈലനിവാസാ ദേവാ ശരണാഗത, എൻമനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം, മകരസംക്രമദീപം കാണാൻ മനസ്സുകളേ ഉണരൂ, അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ ഇങ്ങനെ ഇന്നും നാം കാതോർക്കുന്ന ഗാനങ്ങൾ ആ കൂട്ടുകെട്ടിൽ മലയാളത്തിനു ലഭിച്ചു.
ഈ ഗാനങ്ങൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി.. തരംഗിണി സ്റ്റുഡിയോയിലെ സ്ക്രിപ്റ്റ് സ്ക്രൂട്ടണൈസിങ്ങ് ഓഫിസർ (ഗാനസാഹിത്യം വിലയിരുത്തുന്ന ജോലി) പദവിയും രംഗനാഥ് വഹിച്ചു.
ത്യാഗരാജസ്വാമികളുെട പാതപിന്തുടർന്ന് മലയാളത്തിൽ പഞ്ചരത്നകൃതികൾ അവതരിപ്പിച്ച് 72 മേളകർത്താരാഗങ്ങളെ അടിസ്ഥാനമാക്കി മലയാള കീർത്തനങ്ങളും ചിട്ടപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.