Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_right‘യാത്ര പറയാൻ...

‘യാത്ര പറയാൻ ചെന്നപ്പോൾ അധികമാരും ചോദിക്കാത്തത്‌ എം.ടി ചോദിച്ചു...’ -ഓർമ പങ്കുവെച്ച് എൻ. പ്രശാന്ത്

text_fields
bookmark_border
‘യാത്ര പറയാൻ ചെന്നപ്പോൾ അധികമാരും ചോദിക്കാത്തത്‌ എം.ടി ചോദിച്ചു...’ -ഓർമ പങ്കുവെച്ച് എൻ. പ്രശാന്ത്
cancel

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വാത്സല്യത്തോടെയുള്ള പെരുമാറ്റം ഓർത്തെടുക്കുകയാണ് കോഴിക്കോട് മുൻ കലക്ടർ കൂടിയായ എൻ. പ്രശാന്ത്. കോഴിക്കോട് നിന്ന് സ്ഥലം മാറ്റം കിട്ടി എം.ടിയോട് യാത്ര പറയാൻ ചെന്നപ്പോൾ അധികമാരും ചോദിക്കാത്ത ചോദ്യമാണ് അദ്ദേഹം ചോദിച്ചതെന്ന് പ്രശാന്ത് പറയുന്നു. ‘മോൾടെ ക്ലാസ്‌ തീരും വരെ കുടുംബം എവിടെ താമസിക്കും?’ എന്നായിരുന്നു ആ ചോദ്യം. മറുപടിക്ക്‌ കാത്ത്‌ നിൽക്കാതെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ താമസിക്കാൻ ഒരു കാരണവരുടെ ഊഷ്മളതയോടെ നിർബന്ധിച്ചതായും ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അധികം സംസാരിക്കില്ലെന്നും അടുപ്പമോ വാത്സല്യമോ പ്രകടിപ്പിക്കില്ലെന്നും ചിലപ്പോൾ ക്ഷോഭിക്കുമെന്നും ആയിരുന്നു എം.ടിയെ ആദ്യമായി കാണാൻ പോകും വഴി തന്നോട് പലരും പറ​ഞ്ഞതെന്നും എന്നാൽ, അരമണിക്കൂറോളം സംസാരിച്ച്‌, തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചാണ്‌ തന്നെ യാത്രയാക്കിയതെന്നും അദ്ദേഹം ഓർമിച്ചു. ‘എം.ടി. സാർ നല്ല മൂഡിലാ, അല്ലെങ്കിൽ ഇങ്ങനൊന്നുമല്ല.. കലക്ടറാണെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല’ -എന്നായിരുന്നു കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്.

പബ്ലിക്‌ ലൈബ്രറി സംബന്ധിച്ച്‌ കോഴിക്കോട് ജില്ലാഭരണകൂടത്തിനും സർക്കാറിനുമെതിരെ എം.ടി.യും മറ്റ്‌ പ്രഗൽഭരായ എഴുത്തുകാരും നൽകിയ വർഷങ്ങളായുള്ള കേസിൽ എം.ടി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും പ്രോത്സാഹനവുമാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. 'ഈ ജില്ലാ കലക്ടർ ലൈബ്രറിയെ നേരായ ദിശയിൽ നന്നാക്കി എടുക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുകയാണ്'‌ എന്നായിരുന്നു സത്യവാങ്മൂലത്തിൽ എഴുതിയിരുന്നത്. അതിൽ വിശ്വാസം മാത്രമല്ല, വാത്സല്യവുമുണ്ടായിരുന്നുവെന്നും ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടന വേദിയിൽ അദ്ദേഹം പരസ്യമായി ആ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു. തന്റെ കുഞ്ഞു പ്രസംഗത്തിലെ വാക്യങ്ങൾ അദ്ദേഹം എടുത്ത്‌ പറഞ്ഞപ്പോൾ സ്വർഗ്ഗം കിട്ടിയ പോലായിരുന്നുവെന്നും പ്രശാന്ത് അനുസ്മരിച്ചു.

കുറിപ്പി​ന്റെ പൂർണരൂപം:

എം.ടി. ഓർമ്മയാവുമ്പോൾ..

അധികം സംസാരിക്കില്ല, അടുപ്പമോ വാത്സല്യമോ പ്രകടിപ്പിക്കില്ല, ചിലപ്പൊ ക്ഷോഭിക്കും എന്നൊക്കെയാണ്‌ ആദ്യമായി അദ്ദേഹത്തെ കാണാൻ പോകും വഴി എനിക്ക്‌ കിട്ടിയ ബ്രീഫിങ്. കോഴിക്കോട്ട്‌ ചുമതലയേറ്റ ശേഷം, ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയത്‌‌ എം.ടിയെ കാണാനാണ്‌.‌ അരമണിക്കൂറോളം സംസാരിച്ച്‌, തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചാണ്‌ യാത്രയാക്കിയത്‌. കൂടെ വന്ന ഉദ്യോഗസ്ഥർ പറഞ്ഞു, എം.ടി. സാർ നല്ല മൂഡിലാ, അല്ലെങ്കിൽ ഇങ്ങനൊന്നുമല്ല.. കലക്ടറാണെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.

രണ്ട്‌ വർഷം കോഴിക്കോട്ട്‌ ഉണ്ടായിരുന്നു. പല ആവശ്യങ്ങൾക്കും ഔദ്യോഗികമായി ബന്ധപ്പെട്ടു. സ്നേഹവും വാത്സല്യവും നേരിട്ടല്ലാതെ പ്രകടിപ്പിക്കുന്നതിൽ ഉസ്താദായിരുന്നു‌ അദ്ദേഹം. പബ്ലിക്‌ ലൈബ്രറി സംബന്ധിച്ച്‌ ഹൈകോടതിയിൽ അദ്ദേഹം സമർപ്പിച്ച അഫിഡവിറ്റാണ്‌ ഒരു പക്ഷേ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരവും പ്രോത്സാഹനവും. കോടതിയിൽ വർഷങ്ങളായുള്ള കേസാണ്‌. ഒരു ഭാഗത്ത്‌ എം.ടി.യും മറ്റ്‌ പ്രഗൽഭരായ എഴുത്തുകാരും. ഇപ്പുറത്ത്‌ ജില്ലാഭരണകൂടവും സർക്കാറും. 'ഈ ജില്ലാ കലക്ടർ ലൈബ്രറിയെ നേരായ ദിശയിൽ നന്നാക്കി എടുക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുകയാണ്'‌ എന്നെഴുതി നൽകുകയും അതിന്‌ ഹൈകോടതിയിൽ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്ത ആ അഫിഡവിറ്റിൽ വിശ്വാസം മാത്രമല്ല, വാത്സല്യവുമുണ്ടായിരുന്നു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടന വേദിയിൽ അദ്ദേഹം പരസ്യമായി ആ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്റെ കുഞ്ഞു പ്രസംഗത്തിലെ വാക്യങ്ങൾ അദ്ദേഹം എടുത്ത്‌ പറഞ്ഞപ്പോൾ എനിക്ക്‌ സ്വർഗ്ഗം കിട്ടിയ പോലായിരുന്നു! അത്രയ്ക്ക്‌ ആരാധനയായിരുന്നു അദ്ദേഹത്തോട്‌.

എനിക്ക്‌ കോഴിക്കോട്‌ കലക്ടർ സ്ഥാനത്ത്‌ നിന്ന് മാറ്റമായത്‌ സ്കൂൾ അക്കാദമിക്‌ വർഷത്തിന്റെ ഇടയിലായിരുന്നു. സ്ഥലം മാറിപ്പോവുന്ന കലക്ടർക്ക്‌ പദവി ഒഴിഞ്ഞ് 6 മാസത്തോളം നിയമപ്രകാരം ഔദ്യോഗിക വസതി ഉപയോഗിക്കാൻ പറ്റും. പുതിയ കലക്ടർ സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്ന് ആദ്യ നാളുകൾ ഓപ്പറേറ്റ് ചെയ്യുകയാണ്‌ പതിവ്. ഞാനും അങ്ങനെ തന്നെയാണ്‌ ചെയ്തിരുന്നത്‌. എന്നാൽ ട്രാൻസഫർ ഓർഡർ വന്ന് ഒരാഴ്ചക്കുള്ളിൽ കലക്ടറുടെ വസതി ഒഴിഞ്ഞ്‌ കൊടുക്കാൻ പുതിയ കലക്ടർ വാശിപിടിച്ചു. ആത്മാഭിമാനത്തിന്റെ അസ്കിത പണ്ടേ ഉള്ളതിനാൽ ഔദ്യോഗിക വസതി ഉടൻ ഒഴിയാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ സുഹൃത്തായ അഞ്ജലി മേനോന്റെ ഒഴിഞ്ഞ്‌ കിടന്നിരുന്ന തറവാട്‌ വീട്ടിലേക്ക്‌ മാറാൻ ഏർപ്പാടാക്കി.

കലക്ടറേറ്റിലെ യാത്ര അയപ്പ്‌ കഴിഞ്ഞ്‌ നേരെ എം.ടി യോട് യാത്ര പറയാനാണ്‌ ചെന്നത്‌. അധികമാരും ചോദിക്കാത്തത്‌ അദ്ദേഹം ചോദിച്ചു - മോൾടെ ക്ലാസ്‌ തീരും വരെ കുടുംബം എവിടെ താമസിക്കും? മറുപടിക്ക്‌ കാത്ത്‌ നിൽക്കാതെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ താമസിക്കാൻ ഒരു കാരണവരുടെ ഊഷ്മളതയോടെ നിർബന്ധിക്കുന്നു. അതായിരുന്നു എം. ടി.

കോഴിക്കോട്‌ കാലു കുത്തിയ അന്നും, അവിടെ നിന്ന് പടിയിറങ്ങിയ അന്നും എനിക്ക്‌ അടയാളമായത്‌ എം.ടി. തന്നെയായിരുന്നു. കാരണം, അവിടെ ഞാനേറ്റവും ബഹുമാനിച്ചിരുന്നത്‌ അദ്ദേഹത്തെയായിരുന്നു. അപ്രിയ സത്യങ്ങളും, ശരിയെന്ന് നിശ്ചയമുള്ള നിലപാടുകളും, വെട്ടിത്തുറന്ന് പറയാൻ അദ്ദേഹത്തിന്‌ സാധിക്കുമായിരുന്നു - ഒന്നിനെയും ഭയക്കാതെയും, ആരെയും സുഖിപ്പിക്കാതെയും. ആ എം.ടി. ഇല്ലാത്ത കോഴിക്കോടാണിനി ബാക്കി.‌ കേരളവും.

സ്വന്തം തിരക്കഥയിൽ മുൻകൂട്ടി കണ്ടപോലെ, തനിക്കായി ദിവസങ്ങൾക്കു മുൻപേ തയ്യാറാക്കപ്പെട്ട പത്രക്കാരുടെ കഴുകൻ ലേഖനങ്ങളെ മിക്കതിനെയും പ്രയോജനരഹിതമാക്കിക്കൊണ്ട് പത്രം അച്ചടിക്കാത്ത ഒരു ദിവസത്തിന്റെ തലേന്നാണ് എം.ടി. വിടവാങ്ങിയത്. സുകൃതം.

എം. ടി. ക്ക്‌ പകരം എം. ടി. മാത്രം. ആദരാഞ്ജലികൾ. സന്തപ്തകുടുംബത്തിന്‌ ദുഃഖം തരണം ചെയ്യാനാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairN Prasanth
News Summary - N Prasanth Remembers MT Vasudevan Nair
Next Story