പി. ശാദുലിക്ക് നാട് വിട നൽകി
text_fieldsനാദാപുരം: കഴിഞ്ഞദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി.ശാദുലിക്ക് നാട് കണ്ണീരോടെ വിട നൽകി. ഉച്ചക്ക് 12 മണിയോടെ നാദാപുരം പള്ളിയിൽ വൻജനാവലി പങ്കെടുത്ത മയ്യിത്ത് നമസ്കാരത്തിനുശേഷം മറവ് ചെയ്തു. തുടർന്ന് ടൗണിൽ സർവകക്ഷി നേതൃത്വത്തിൽ അനുശോചന യോഗം നടന്നു.
ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രതിസന്ധികൾക്കിടയിൽ സമുദായത്തിന് നേതൃ പാടവത്തിലൂടെ ഊർജം പകർന്ന നേതാവായിരുന്നു പി. ശാദുലിയെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മതവിജ്ഞാന രംഗത്തെ പാണ്ഡിത്യം മറ്റു രാഷ്ട്രീയക്കാരിൽനിന്ന് ഇദ്ദേഹത്തെ വേറിട്ടതാക്കി. ഷാബാനു കേസ് വേളയിൽ ശരീഅത്ത് സംരക്ഷണ വേദികളിലെ മുഖ്യ പ്രസംഗകനായും ശ്രദ്ധിക്കപ്പെട്ടു. മടപ്പള്ളി ഗവ. കോളജിൽ ബിരുദപഠനം നടത്തുന്നതിനിടെ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലായിരുന്നു പി.ജി പഠനം. മടപ്പള്ളി കോളജിൽ ബിരുദ പരീക്ഷ എഴുതുന്ന സമയത്തുണ്ടായ രാഷ്ട്രീയസംഘർഷം ഏറെ വാർത്താപ്രാധാന്യം നേടി.
എതിർ സംഘടനയിൽപെട്ടവരുടെ ഭീഷണികാരണം പരീക്ഷ എഴുതാൻ കഴിയാതായപ്പോൾ പൊലീസ് സംരക്ഷണത്തിലാണ് പരീക്ഷ എഴുതിയത്. മൂന്നു തവണ നാദാപുരം ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രണ്ടു തവണ പ്രസിഡന്റാകുകയും ചെയ്തിരുന്നു.
മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ കുമ്മങ്കോട്ടെ വസതിയിലേക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തി. പി.മോഹനൻ, വി.പി. കുഞ്ഞികൃഷ്ണൻ, പി.പി. ചാത്തു (സി.പി.എം), എ.സജീവൻ , സി.വി. കുഞ്ഞികൃഷ്ണൻ (കോൺഗ്രസ് ), പി. ഗവാസ് (സി.പി.ഐ) ടി. ശാക്കിർ (ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്), കെ.വി. നാസർ ( ജനതാദൾ), രഞ്ജിത്ത് (ബി.ജെ.പി ), ഏരത്ത് ഇഖ്ബാൽ (വ്യാപാരി വ്യവസായി), വി.വി. മുഹമ്മദലി, സൂപ്പി നരിക്കാട്ടേരി, അഹ്മദ് പുന്നക്കൽ, പി.കെ. ഫിറോസ്, എം.എ. റസാഖ് മാസ്റ്റർ (മുസ്ലിംലീഗ്), കെ.ജി. ലത്തീഫ് (ഐ.എൻ.എൽ) എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പി.എം.എ. സലാം, എം.കെ. മുനീർ, എം.സി. മായിൻഹാജി, എം.എ. റസാഖ്, സി. മമ്മൂട്ടി, പാറക്കൽ അബ്ദുല്ല, ഇ.കെ, വിജയൻ എം.എൽ.എ, പി. മോഹനൻ, പി.പി. ചാത്തു, വി.പി. കുഞ്ഞികൃഷ്ണൻ, കെ. ബാലനാരായണൻ, കെ.കെ. ലതിക, സൂപ്പി നരക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, കൊടക്കൽ കോയക്കുഞ്ഞി, ചേലക്കാട് കുഞ്ഞാലി മുസ്ലിയാർ, എ. നജീബ് മൗലവി, ടി. ഖാലിദ്, ഖാസിം വണ്ണാറത്ത്, എൻ. വേണു, ബഷീർ അലി ശിഹാബ് തങ്ങൾ, ടി.ടി. ഇസ്മായിൽ തുടങ്ങിയവർ വീട്ടിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.