കാരുണ്യവഴിയിലെ ഉദാത്ത മാതൃക; ഉന്നത വിദ്യാഭ്യാസത്തിെൻറ പര്യായമായി 'പി.എ'
text_fieldsകാസർകോട്: ആരുമറിയാതെ സഹായിക്കും. വിദ്യാഭ്യാസ ആവശ്യമാണെങ്കിൽ സഹായത്തിന് ഒരതിരുമില്ല... ഇതാണ് ഡോ. പി.എ. ഇബ്രാഹീം ഹാജിയെ കുറിച്ച് കാസർകോട്ടുകാർക്ക് പറയാനുള്ളത്. ജന്മദേശമായ പള്ളിക്കര ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വിവരമാണ് ചൊവ്വാഴ്ച രാവിലെയെത്തിയത്.
പി.എ. ഇബ്രാഹീം ഹാജിയെന്ന മനുഷ്യസ്നേഹിയുടെ വിടവാങ്ങലിൽ കണ്ണീരണഞ്ഞിരിക്കുകയാണ് പള്ളിക്കര ഗ്രാമം. സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നത്താൽ ഉന്നതികളിലേക്ക് എത്തിയ അപൂർവം പേരിൽ ഒരാളാണ് ഇബ്രാഹീം ഹാജി. പള്ളിക്കരനിന്ന് രാജ്യത്തും പുറത്തും അറിയപ്പെടുന്ന വ്യവസായിയായപ്പോഴും ജന്മനാട്ടിൽ വരാനും വേണ്ടപ്പെട്ടവരെയൊന്ന് കാണാനും കേൾക്കാനും ഇദ്ദേഹം സമയം കണ്ടെത്തി.
നാട്ടിലെ വിവിധ കാരുണ്യപദ്ധതികളിലെല്ലാം ഇദ്ദേഹത്തിെൻറ കൈയൊപ്പ് പതിഞ്ഞിരുന്നു. ആരുമറിയാതെ എല്ലാമാസവും പെൻഷൻപോലെ സഹായം വാങ്ങുന്ന ഒട്ടേറെ പേരുണ്ട്. വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സഹായ പദ്ധതികൾക്കും ഇദ്ദേഹം ഒപ്പംനിന്നു. ഈമാസം 11ന് ദുബൈയിലെ താമസസ്ഥലത്ത് തളർന്നുവീണതറിഞ്ഞതുമുതൽ പ്രാർഥനകളുമായി കഴിയുകയായിരുന്നു നാട്. 17ാമത്തെ വയസ്സിൽ ഓട്ടോമൊബൈൽ പഠനത്തിന് മദ്രാസിലേക്ക് വണ്ടി കയറിയ പള്ളിക്കരയിലെ കൗമാരക്കാരനാണ് വ്യവസായരംഗത്തെ അതികായനായി മാറിയത്. മദ്രാസിലെ പഠനത്തിനുശേഷം ദുബൈയിൽ ഓട്ടോമൊബൈൽ ജോലിയിൽ പ്രവേശിച്ചു.
അധികം വൈകാതെ വസ്ത്രവ്യാപാര രംഗത്തേക്ക് വഴിമാറി. പിന്നീട് അതിവേഗത്തിലായിരുന്നു ബിസിനസ് വളർച്ച. ദുബൈയിൽ ഒട്ടേറെ സ്ഥാപനങ്ങളുടെ ഉടമയായി മാറി. പേസ് എജുക്കേഷൻ ഗ്രൂപ്പിെൻറ പേരിൽ യു.എ.ഇയിലും നാട്ടിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. മംഗളൂരുവിൽ ഇദ്ദേഹം സ്ഥാപിച്ച പി.എ കോളജുകളിൽ കാസർകോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒട്ടേറെ പേരാണ് പഠിക്കുന്നത്. പി.എ എന്ന പേരിൽ എൻജിനീയറിങ്, പോളിടെക്നിക്, ഫാർമസി, ഫിസിയോതെറപ്പി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മംഗളൂരുവിൽ പ്രവർത്തിക്കുന്നത്.P.A. Ibrabim Haji
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.