സതീശൻ പാച്ചേനിയുടെ വിയോഗം; ഒ.ഐ.സി.സി ഇൻകാസ് അനുശോചിച്ചു
text_fieldsദോഹ: കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ സതീശൻ പാച്ചേനിയുടെ വേർപാടിൽ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. കണ്ണൂരിലെ കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്ന് കെ.എസ്.യുവിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് കണ്ണൂർ ജില്ലയിലെ കരുത്തനായ കോൺഗ്രസ് നേതാവായി വളർന്ന സതീശൻ പാച്ചേനിയുടെ വിയോഗം പ്രസ്ഥാനത്തിനാകെ കനത്ത നഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
സംസ്കാര ചടങ്ങുകളിൽ ഇൻകാസ് ഖത്തറിന്റെ പ്രവർത്തകർ പങ്കെടുക്കുമെന്ന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പേത്തും ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായരും അറിയിച്ചു.
ഇൻകാസ് കണ്ണൂർ
ദോഹ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി അനുശോചിച്ചു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാർഥനായ നേതാവുമായിരുന്നു പാച്ചേനിയെന്ന് പ്രസിഡന്റ് ശ്രീരാജ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഹപ്രവര്‍ത്തകരെ എന്നും ചേര്‍ത്തുനിര്‍ത്തിയ നേതാവിനെയാണ് ഈ വിയോഗത്തിലൂടെ പ്രവർത്തകർക്ക് നഷ്ടമായത്.
പെരുമാറ്റത്തിലെ ലാളിത്യവും വിനയവും സൗഹൃദവുമെല്ലാം അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റി. സതീശൻ പാച്ചേനിയുടെ അകാലത്തിലുള്ള ദേഹവിയോഗം പൊതുരംഗത്തിനും പ്രത്യേകിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.
കുവാഖ്
ദോഹ: പാച്ചേനിയുടെ നിര്യാണത്തിൽ കുവാഖ് അനുശോചനം രേഖപ്പെടുത്തി. ആദർശ രാഷ്ട്രീയത്തിന്റെ പര്യായമായിരുന്നു സതീശൻ പാച്ചേനിയുടെ ജീവിതമെന്ന് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് സത്യസന്ധതയും ആത്മാർഥതയും കൈമുതലാക്കി പ്രവർത്തിച്ച മികച്ച വ്യക്തിത്വത്തെയാണ് കണ്ണൂർ ജില്ലക്ക് നഷ്ടമായതെന്ന് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.