സൗമ്യമായി മാത്രം സംസാരിച്ച, ആഡംബരത്തോട് അകലം പാലിച്ച സാത്വികൻ
text_fieldsമലപ്പുറം: സൗമ്യ സാന്നിധ്യമായി ജീവിച്ച് സൂഫി ഭാവം മുറുകെ പിടിച്ച് കടന്നുപോയ ചെറിയ വലിയ മനുഷ്യൻ. ഹൈദരലി തങ്ങളെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്. എന്താവശ്യപ്പെട്ടാലും സാധിച്ചു തരാൻ നൂറു കണക്കിന് അനുയായികൾ. ഏതുകാര്യത്തിനും ഓടിയെത്താൻ ഒരു വിളിക്കപ്പുറം നിൽക്കുന്ന സ്നേഹ സമ്പന്നരായ നിരവധി പേർ. ഒരുപാട് സ്ഥാപനങ്ങളുടെ സാരഥി. ആയിരത്തോളം മഹല്ലുകളുടെ ഖാദി സ്ഥാനം.
അധികാരം പലതവണ കൈയാളിയ ആളും അർഥവുമുള്ള പാർട്ടിയുടെ അമരക്കാരൻ. മുസ്ലിം ലീഗിെൻറ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയമുണ്ടായത് ആ നേതൃത്വത്തിന് കീഴിലാണ്. 20 എം.എൽ.എമാർ, അഞ്ച് മന്ത്രിമാർ, 200ലധികം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എല്ലാമുണ്ടായത് തങ്ങൾ അധ്യക്ഷനായപ്പോഴാണ്. കൈയെത്തും ദൂരെ എല്ലാമുണ്ടായിരുന്നു. വിരലൊന്ന് ഞൊടിച്ചാൽ എല്ലാ സംവിധാനങ്ങളും ആ വീട്ടുപടിക്കലെത്തുമായിരുന്നു. എന്നാൽ സ്ഥാനമാനങ്ങളുടെയും സുഖസൗകര്യങ്ങളുടെയും ഇടയിൽ ജീവിച്ചിട്ടും ജീവിതാസക്തികളോട് കഴിയാവുന്ന അകലം പാലിച്ചുകൊണ്ടാണ് ഹൈദരലി തങ്ങൾ കടന്നു പോയത്.
ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്ന് ആ തണലിൽ നിന്നവർക്കെല്ലാം അനുഭവ സാക്ഷ്യം പറയാനാവും. വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയായിട്ടും അത്യാവശ്യ സുഖാഡംബരങ്ങൾ അനുഭവിച്ചാൽ എതിർത്തൊരു വാക്കുപോലും പറയാനാരുമില്ലാത്ത സാഹചര്യമുണ്ടായിട്ടും അതിലശേഷം അപാകതയില്ലാതിരുന്നിട്ടും അദ്ദേഹം അകലം പാലിച്ചു. സൗമ്യനായി മാത്രം സംസാരിച്ചു. ഒച്ചയിട്ട് ബഹളം കൂട്ടുന്ന, ക്ഷുഭിതനായി സഹജീവികളോട് തട്ടിക്കയറുന്ന തങ്ങളെ ആരും കണ്ടിട്ടുണ്ടാവില്ല. അപൂർവമായി മാത്രമേ ആ മുഖത്ത് ദേഷ്യം വന്നിട്ടുണ്ടാവൂ. അഥവാ വന്നാൽ തന്നെ മുഖത്ത് ഒരു ചോരയോട്ടം കൂടുമെന്നല്ലാതെ മറ്റൊരു ഭാവഭേദവുമുണ്ടാവാറില്ലെന്ന് അടുപ്പമുള്ളവർക്കറിയാം.
എസ്.എസ്.എൽ.സി പഠനം കഴിഞ്ഞ് ഉപരി പഠനത്തിന് അയക്കാതെ പിതാവ് പൂക്കോയ തങ്ങൾ തിരുനാവായക്കടുത്ത കോന്നല്ലൂരിലെ ദർസിലാണ് ചേർത്തത്. മൂന്ന് വര്‍ഷം ദർസ് വിദ്യാർഥിയായി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരാണ് ഇസ്ലാമിക വിജ്ഞാനീയങ്ങൾ പകർന്നു നൽകിയ ഉസ്താദുമാരിൽ ഒരാൾ. ആയിരങ്ങൾക്ക് അറിവിെൻറ നറുനിലാവ് പകർന്നു നൽകി ഇസ്ലാമിക കലാലയങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജില്‍ നിന്ന് 1974ൽ തന്നെ ഫൈസി ബിരുദം കരസ്ഥമാക്കിയ പാണക്കാട് കുടുംബാംഗം കൂടിയാണ് തങ്ങൾ.
സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്ന് സനദ് ഏറ്റുവാങ്ങിയാണ് ജാമിഅയിൽ നിന്ന് പുറത്തിറങ്ങിയത്. ഹൈദരലി തങ്ങൾക്ക് പുറമെ പാണക്കാട് കുടുംബത്തിൽ നിന്ന് സഹോദരൻ ഉമറലിക്ക് മാത്രമാണ് മത പഠനത്തിൽ ഉന്നതമെന്ന് വിശേഷിപ്പിക്കാവുന്ന ഫൈസി ബിരുദമുണ്ടായിരുന്നത്. മതപാഠശാലകളിൽ നിന്ന് പകർന്നു കിട്ടിയ ധാർമികബോധവും ശിക്ഷണവുമാവാം അവസാന മിടിപ്പുവരെ സൂക്ഷ്മതയോടെ ഈ ലോകത്ത് ജീവിച്ച് മരിച്ചു പോകാൻ അദ്ദേഹത്തിന് വെളിച്ചം നൽകിയത്. തിരക്കുകൾക്കിടയിലും മത ചിട്ടകൾ പാലിക്കുന്നതിൽ കൃത്യ നിഷ്ഠ പുലർത്തിയിരുന്നു തങ്ങൾ. 'പാണക്കാട് തങ്ങള്‍' എന്ന വിശുദ്ധമായ പദവി പരിപാവനമായിത്തന്നെ നിലനിര്‍ത്തി.
പുലരുന്നതിന് മുമ്പ് ഉണർന്ന്, രാത്രി വൈകിവരെ നീളുന്ന ദിനരാത്രങ്ങളിലൊരിക്കലും തളർച്ച പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു തങ്ങളുടെത്. പ്രമേഹം തളർത്തുേമ്പാൾ കാറിലിരുന്ന് ആരും കാണാതെ ഇൻസുലിൻ അടിച്ചായിരുന്നു പലപ്പോഴും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി നടന്നിരുന്നത്.
ആയിരങ്ങൾക്ക് പ്രാർഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആത്മീയ പരിചരണത്തിലൂടെയും സമാശ്വാസം പകർന്ന ആ ധന്യ ജീവിതം നിത്യതയിലേക്ക് പടിയിറങ്ങിപ്പോയിരിക്കുന്നു. രാഷ്ട്രീയ ചർച്ചകളും തർക്ക പരിഹാര കോടതിയുമൊക്കെയായി സദാ തിരക്കിൽ ലയിച്ചു നിന്ന അനുഗ്രഹ ഭവനത്തിൽ (ദാറുന്നഈം) ഇനി തങ്ങളില്ല. കയറി വരുന്നവർക്ക് ആവലാതികൾ ബോധിപ്പിക്കാൻ സ്വീകരണ മുറിയിലെത്തിയിരുന്ന ആ സാന്നിധ്യം മാഞ്ഞു പോയിരിക്കുന്നു. ചെറു പുഞ്ചിരി സമ്മാനിച്ച്, വലിയ വാക്കുകൾ പറയാതെ, സൗമ്യനായി, ലാളിത്യത്തിെൻറ നിറശോഭയിൽ നമുക്കിടയിൽ ജീവിച്ചാണ് ആ ചെറിയ ശരീരം മണ്ണു പുതയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.