പി.സി. സോമന് അരങ്ങൊഴിഞ്ഞത് നാടകദിന തലേന്ന്
text_fieldsതിരുവനന്തപുരം: നാടകത്തിനായി ജീവിതം മാറ്റിവെച്ച പി.സി. സോമൻ അവസാനം മേക്കപ്പും അഴിച്ചുവെച്ച് കലാലോകത്തോട് വിടപറഞ്ഞത് ലോക നാടകദിനത്തിെൻറ തലേന്ന്. അവസരങ്ങള്‍ തേടിയെത്തിയിട്ടും സിനിമാഭിനയത്തെക്കാള് നാടകത്തെ നെഞ്ചേറ്റിയ കലാകാരെൻറ നഷ്ടം തലസ്ഥാന സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണ്.
അടൂര്‍ ഗോപാലകൃഷ്ണെൻറ 'സ്വയംവര'മായിരുന്നു ആദ്യ സിനിമ. അരങ്ങിലെ അഭിനയം കണ്ടാണ് അടൂര്‍ ഇദ്ദേഹത്തെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് അടൂരിെൻറ 12 ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മറ്റ് സംവിധായകരുടേതടക്കം 65ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.
അതിനിടയിലും നാടകത്തെ അദ്ദേഹം കൈവിട്ടില്ല. വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയുടെ ഭാഗമായ നാടകസംഘത്തിലെ പ്രധാനിയും പി.സി. സോമനായിരുന്നു.
ഇന്ത്യന്‍ പീപിള്‍ തിയറ്റേഴ്സ് അസോസിയേഷെൻറ (ഇപ്റ്റ) കേരളം ഘടകം 1987ല്‍ രൂപവത്കരിച്ചതില്‍ പി.സി. സോമൻ പ്രധാന പങ്ക് വഹിച്ചിരുന്നു. കരമന ജനാര്ദനന് നായര്‍ പ്രസിഡൻറും മധു രക്ഷാധികാരിയും ബാലന് തിരുമല സെക്രട്ടറിയുമായ സംഘടനയില്‍ പി.സി. സോമന് വൈസ് പ്രസിഡൻറായിരുന്നെങ്കിലും സംഘടനാകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം ഒറ്റയ്ക്ക് ഓടിനടന്നു.
സോമെൻറ നേതൃത്വത്തില്‍ തോപ്പില്‍ ഭാസിയുടെ 'അളിയന് വന്നത് നന്നായി' എന്ന നാടകത്തോടെയായിരുന്നു ഈ കൂട്ടായ്മക്ക് തുടക്കം. നാടകാവതരണങ്ങള്‍ക്കൊപ്പം നാടക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം മുന്‍കൈയെടുത്തു.
തിരുവനന്തപുരത്തെ കലാവേദിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. നാടകരംഗത്തെ പ്രമുഖരായ ടി.എന്‍. ഗോപിനാഥന് നായര്‍, വി.കെ. വിക്രമന് നായര്‍, ജഗതി എന്‍.കെ.ആചാരി, അടൂര്‍ഭാസി തുടങ്ങി വലിയ പ്രതിഭാനിര തന്നെയുണ്ടായിരുന്നു കലാവേദിയില്‍ അക്കാലത്ത്. ജഗതി എന്‍.കെ.ആചാരിയുടെ സഹപ്രവര്‍ത്തകനായ സോമന് പിന്നീട് മകന് ജഗതി ശ്രീകുമാറിനൊപ്പം സിനിമയിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.