വിടവാങ്ങിയത് യേശുദാസ് സ്വർണമോതിരം ഊരി നൽകിയ പ്രതിഭ
text_fieldsപെരിന്തൽമണ്ണ: സ്വതസിദ്ധമായ ശബ്ദസൗകുമാര്യത്താൽ സംഗീതപ്രേമികളെ അതിശയിപ്പിച്ച ഒരു കാലമുണ്ടായിരുന്നു, വെള്ളിയാഴ്ച വിടവാങ്ങിയ പെരിന്തൽമണ്ണ വലിയങ്ങാടി പള്ളിയാൽ തൊടി ഷൗക്കത്ത് ഹുസൈന്. അതിന്റെ ആഴവും വലുപ്പവും മനസ്സിലാക്കാൻ പഴയകാല സുഹൃത്തുക്കൾക്ക് ഒട്ടേറെ ഓർമകൾ പറയാനുണ്ട്. അതിലൊന്നാണ് വർഷങ്ങൾ മുമ്പ് ഷൗക്കത്ത് ഹുസൈൻ അങ്ങാടിപ്പുറത്ത് വെച്ച് പാടിയ പാട്ടുകേട്ട് വേദിയിലുണ്ടായിരുന്ന ഗായകൻ യേശുദാസ് എഴുന്നേറ്റ് ചെന്ന് കൈയിലെ മോതിരമൂരി അണിയിച്ചത്. 'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...' എന്ന ഗാനമാണ് നാല് പതിറ്റാണ്ട് മുമ്പ് യേശുദാസിനെ അതിശയിപ്പിച്ചത്. അങ്ങാടിപ്പുറത്ത് സംഗീതപരിപാടിക്കെത്തിയ യേശുദാസിന്റെ വേദിയിൽ പാടാൻ ഷൗക്കത്ത് ഹുസൈന് അവസരം ലഭിക്കുകയായിരുന്നു.
ഷൗക്കത്ത് ഹുസൈൻ പെരിന്തൽമണ്ണ ഗവ. ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്തുതന്നെ അതുല്യ പ്രതിഭയായിരുന്നെന്ന് അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന മുൻ എംഎൽ.എ വി. ശശികുമാർ അനുസ്മരിക്കുന്നു. സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഷൗക്കത്തിന്റെ പാട്ടിന് പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജ് ഹാർമോണിയം വായിച്ചിട്ടുണ്ട്. മുൻ മന്ത്രി ഇമ്പിച്ചിബാവ ഷൗക്കത്തിന്റെ പാട്ടുകേട്ട് തനിക്ക് ലഭിച്ച ഉപഹാരം ഒരു ചടങ്ങിൽ തിരിച്ച് ഷൗക്കത്തിന് നൽകി ആദരിച്ചു. പാണക്കാട് പൂക്കോയ തങ്ങൾ പാട്ടുകേട്ട് അനുഗ്രഹിച്ചതും പഴയ കൂട്ടുകാരുടെ ഓർമയിലുണ്ട്. മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു ഷൗക്കത്ത് ഹുസൈൻ. ടേപ് റെക്കോഡർ പോലും ഇല്ലാതിരുന്ന കാലത്ത് പാട്ടുകൾ കേട്ടുപഠിക്കുകയായിരുന്നു. ആ താൽപര്യം കണ്ട്, സിനിമ ഓപറേറ്ററായിരുന്ന മുഹമ്മദ് ജഹനറ ടാക്കീസിൽ അകത്തുകയറ്റിയിരുത്തുമായിരുന്നു. പല സിനിമാഗാനങ്ങളും അങ്ങനെയാണ് ഷൗക്കത്ത് ഹുസൈൻ പഠിച്ചത്. ഏറെ ഉയരത്തിൽ എത്തേണ്ടിയിരുന്ന ആ കലാകാരൻ ജീവിതസാഹചര്യങ്ങളുടെ സമ്മർദത്താൽ ഒതുങ്ങിക്കൂടി. അവിവാഹിതനായിരുന്നു. ദീർഘകാലത്തിനു ശേഷം കോവിഡ് കാലത്തിന്റെ തുടക്കത്തിലാണ് പെരിന്തൽമണ്ണയിൽ തിരിച്ചെത്തിയത്. പെരിന്തൽമണ്ണ ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഓർമക്കൂടാരം' സ്നേഹാദരങ്ങൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.