ശാസ്ത്രവീഥിയിലെ സംഗീതധാരയായിരുന്നു വി.കെ. ശശിധരൻ
text_fieldsവി.കെ.എസ് വിടവാങ്ങി. പ്രണാമം. ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിൽ സംഗീതം സംഗമിച്ചുണ്ടായ പ്രത്യേക സിദ്ധി, വി.കെ. ശശിധരൻ എന്ന അധ്യാപകനെ വേറിട്ട മനുഷ്യനാക്കി. ശാസ്ത്രസാഹിത്യപരിഷത്ത് എന്ന ജനകീയ പ്രസ്ഥാനം സാധാരണ മനുഷ്യരുടെ പരിവർത്തന ജിഹ്വയായി പ്രവർത്തിച്ച കാലമായിരുന്നു വി.കെ.എസിന്റെ സാമർഥ്യം ചിറകുവിരിച്ചത്. വാക്കിനു വാക്കും പാട്ടിനു പാട്ടും താളത്തിന് താളവും ചേർത്ത് ഏതു സഹൃദയനെയും ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശാസ്ത്രീയവും ലളിതവും നാടോടിയും അതിനപ്പുറം മനോധർമജന്യവുമായ സംഗീതരീതികളിൽ അദ്ദേഹം പ്രാവീണ്യം നേടി. ഔപചാരിക പ്രൗഢിയും അലങ്കാരങ്ങളുമില്ലാതെ ഏതു മുക്കിലും മൂലയിലും നിന്ന് വി.കെ.എസ് പാടി. നമ്മുടെ സാഹിത്യഭാഷക്കും ശാസ്ത്രബോധത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമെല്ലാം മാനുഷികമായ മൂല്യബോധം നൽകാൻ ഏതു കാലത്തെയും സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
'ശാസ്ത്രം സാധാരണ ജനങ്ങൾക്ക്' എന്ന പരിഷത്ത് മുദ്രാവാക്യത്തോടൊപ്പം 'കവിതയും സംഗീതവും ജനങ്ങൾക്ക്' എന്നുകൂടി കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വരണ്ട വായാടി പ്രസംഗങ്ങൾക്കുമേൽ കുളിർമഴ ചൊരിഞ്ഞ വി.കെ.എസിന്റെ സംഗീതസദസ്സിന് സ്വീകാര്യതയേറി. ശാസ്ത്രസംസ്കാരത്തിന്റെ മൂശയിൽതന്നെ കാവ്യസംഗീത സംസ്കാരവും വാർത്തെടുക്കാൻ ഒരേയൊരു യോഗ്യതയേ വേണ്ടൂ; സഹൃദയത്വം. പാണ്ഡിത്യഗർവും വരണ്ട മനസ്സും വിരസഭാഷയും കൈമുതലുള്ള ചിലരൊഴികെ എല്ലാവരും വി.കെ.എസിനെ അംഗീകരിച്ചു. പി.ടി. ഭാസ്കരപ്പണിക്കരും ഡോ. കെ.കെ. രാഹുലനും ഡോ. എം.പി. പരമേശ്വരനും കേശവൻ വെള്ളിക്കുളങ്ങരയുമൊക്കെ ശാസ്ത്രസാഹിത്യപരിഷത്തിനുവേണ്ടി തെരുവിലിറങ്ങി പ്രവർത്തിച്ച കാലത്തിന്റെ സൗഭാഗ്യമായിരുന്നു വി.കെ.എസ്.
കഠിനാധ്വാനവും ആത്മാർഥതയുമൊഴികെ മറ്റൊന്നും മൂലധനമില്ലാതിരുന്നിട്ടും അന്നത്തെ സാംസ്കാരിക പ്രവർത്തനം സാഹസികമായ ജനകീയ വിപ്ലവമായിരുന്നു. പരിഷത്തിന്റെ ജനറൽ സെക്രട്ടറിയെന്ന നിലയിലെ കത്തിടപാടുകളിൽ പിറന്ന സൗഹൃദം പിന്നീടെത്രയോ വർഷം എനിക്കനുഗ്രഹമായി. കൈയെഴുത്തിലെ ഭംഗിയും സംഭാഷണത്തിലെ പ്രത്യേകതയും കവിതയിലെ ലാളിത്യവും ചൂണ്ടിക്കാട്ടി എഴുതിയതും പ്രസംഗിച്ചതും എനിക്കാവേശമായി. പതുക്കെ ഞാനും പരിഷത്തിന്റെ പ്രവർത്തനങ്ങളുടെയും ശാസ്ത്ര സാംസ്കാരിക ജാഥയുടെയും ഭാഗമായി. ഗ്രാമങ്ങളുടെ കലാകേന്ദ്രങ്ങളെ തൊട്ടുണർത്തിയ ആ ശാസ്ത്രജാഥയുടെ അലയൊലികൾ കേരളത്തിന് പുത്തൻ ഉണർവു നൽകി. എത്രയെത്ര പ്രതിഭകളുടെ പിറവിക്ക് ആ സംഘടിത പരിശ്രമം നിമിത്തമായി. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ആഞ്ഞടിച്ച സന്ദേശങ്ങൾ യുവമനസ്സുകളിൽ മുഴങ്ങി. മതസഹിഷ്ണുതയുടെ സംസ്കാരത്തിന് ആ സംഘനാദം വിത്തുപാകി. ശാസ്ത്രീയ വീക്ഷണത്തിന്റെ കിരണമുകുളങ്ങൾ അടുക്കളയോളം കടന്നുചെന്നു. ശാസ്ത്ര സംസ്കാരത്തിന്റെ ഉത്സവസംഗീതം പോലെ വി.കെ.എസ് പാടിയാടി ക്ഷീണിച്ചു നടന്നു. അതൊരു കാഴ്ചയായിരുന്നു!
ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'നും ടാഗോറിന്റെ 'ഗീതാഞ്ജലി'ക്കും വിശ്വമാനവികതയുടെ വിളംബര ഗാനങ്ങൾക്കും അസംഖ്യം ദേശഭക്തി സമന്വയ ഗാനങ്ങൾക്കും വി.കെ.എസ് രംഗാവിഷ്കാരം നൽകി. പ്രകൃതിബോധന ഗീതങ്ങൾ വി.കെ.എസ് ആലപിക്കുേമ്പാൾ പ്രത്യേകമായ ചാരുത കൈവന്നു. തിരുനല്ലൂർ കരുണാകരന്റെ കവിതയിലെ സാർവദേശീയ വിപ്ലവവീര്യം അതേ അർഥത്തിൽ വി.കെ.എസ് ആലപിക്കുേമ്പാൾ സദസ്സ് ആത്മപുളകം കൊണ്ടു.
പരിഷത്തിന്റെ പ്രസിദ്ധീകരണമായ 'യുറീക്ക' ബാലസാഹിത്യരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചു. പ്രകൃതിസ്നേഹവും സാമൂഹിക ബോധവും ദേശാഭിമാനവും പുതിയ തലമുറക്ക് പകർന്നുകൊടുക്കാൻ എഴുത്തുകാരുടെ യുവനിര നിരന്തരം പരിശ്രമിച്ചു. വി.കെ.എസിന്റെ നേതൃത്വം ബാലവേദികൾക്ക് എവിടെയും മാതൃകയായി. യുറീക്കയിൽ എന്റെ കൈപ്പടയിൽത്തന്നെ കവിത അച്ചടിക്കാനിടവന്നത് വി.കെ.എസിന്റെ പ്രിയം കാരണമായിരുന്നു.
''മണിത്തുമ്പപ്പൂക്കുത്തരി മുറത്തിലിട്ട്
കൊഴിക്കുേമ്പാൾ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്...
തുളസി വെറ്റില, കൊട്ടടക്ക പൊകല ചുണ്ണാമ്പ്
ചവചവയ്ക്ക്ണ മുത്തശ്ശിക്കൊരു നീട്ടിത്തുപ്പ്.''
കുട്ടികൾക്ക് പ്രിയപ്പെട്ട ഈ കവിത യുറീക്കയിൽ അച്ചടിച്ചുവന്നതാണ്. വി.കെ.എസ് അതിന് സംഗീതം നൽകി. പരിഷത്ത് ആൽബത്തിൽ ചേർത്തു. പിന്നീട് അസംഖ്യം വേദികളിൽ അത് പുനർജനിച്ചു. തിരുവനന്തപുരം ദൂരദർശനിലെ ശ്രീമതി ഷീബ അത് ആകർഷകമായി ദൃശ്യവത്കരിച്ച് എത്രയെങ്കിലും തവണ സംപ്രേഷണം ചെയ്തു.
വ്യക്തിപരമായ ഓർമകളിൽ മാത്രം ചുരുങ്ങിപ്പോയ ഈ കുറിപ്പിന്റെ പരിധിവിട്ട് വി.കെ. ശശിധരൻ എന്ന മാതൃകാ മനുഷ്യന്റെ കാവ്യമാഹാത്മ്യം പറക്കുകയാണ്, കാലത്തിന്റെ വിഹായസ്സിൽ. സർഗാത്മക സാംസ്കാരിക പ്രവർത്തനത്തിന് എവിടെയെങ്കിലും ഒരു മാതൃക നിർദേശിക്കേണ്ടിവരുേമ്പാൾ എന്റെ ചൂണ്ടുവിരൽ വി.കെ.എസിന്റെ പ്രസന്നമായ മുഖം ചൂണ്ടിക്കാണിക്കുന്നു.
വെളിവിന്റെ ശാസ്ത്രഭാഷയിലൂടെ കാവ്യസംഗീതത്തിന്റെ ഹൃദയഭൂമിക കാണിച്ചുതന്ന ഒരു ദിശാദീപം അണഞ്ഞുപോയിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത വേദനയോടെ ഒറ്റ വാക്കേ ഉച്ചരിക്കാനാവുന്നുള്ളൂ: പ്രണാമം... പ്രണാമം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.