വിടവാങ്ങിയത് കമ്യൂണിസ്റ്റ് ജനകീയൻ
text_fieldsപയ്യന്നൂർ: ഏഴ് പതിറ്റാണ്ടോളം നീണ്ട സമരപോരാട്ടങ്ങൾക്ക് വിട. കുഞ്ഞിമംഗലത്തെ ചേമ്പള്ളി വലിയവീട്ടിൽ ദാമോദരൻ എന്ന സി.വി. ഞായറാഴ്ച വിടവാങ്ങിയപ്പോൾ ഒരു ദേശത്തിെൻറ പോരാട്ട ചരിത്രത്തിന് കൂടിയാണ് തിരശ്ശീല വീണത്. മാസങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
1936 ൽ കേപ്പു അടിയോടിയുടേയും ശ്രീദേവിയമ്മയുടേയും മകനായാണ് പിറന്നത്. ഗോപാൽ യു.പി സ്കൂളിൽ പഠിക്കുമ്പോൾ അകാരണമായി ഒരുവിദ്യാർഥിയെ ക്ലാസിൽ നിന്നും പുറത്താക്കിയ സ്കൂൾ മാനേജ്മെൻറിെൻറ തെറ്റായ നടപടിക്കെതിരെ പ്രതിഷേധിച്ചായിരുന്നു പോരാട്ടത്തിന് തുടക്കം കുറിച്ചത്.
സ്വന്തം മാതുലൻ കൂടിയായ സ്കൂൾ മാനേജർ ആ വിദ്യാർഥിയെ ക്ലാസിൽ തിരിച്ചു കയറ്റിയതോടെ സമരം അവസാനിപ്പിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ച സി.വി. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശപ്രകാരം ജോലി രാജിവെച്ച് മുഴുസമയ രാഷ്ട്രീയത്തിൽ വ്യാപൃതനായി.
1965 ൽ ഭക്ഷ്യസമരത്തിെൻറ ഭാഗമായി കലക്ടറേറ്റ് പിക്കറ്റിങ്ങിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. അടിയന്തരാവസ്ഥയിൽ കൊടിയ മർദനമേൽക്കേണ്ടി വരികയും കണ്ണൂർ സെൻട്രൽ ജയിലിൽ തടവനുഭവിക്കുകയും ചെയ്തു. 1960 മുതൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മാടായി ഏരിയ കമ്മിറ്റി അംഗമായും 1964 മുതൽ സി.പി.എം മാടായി ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
1987 മുതൽ ഏഴ് വർഷം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വന്നപ്പോൾ പ്രഥമ പ്രസിഡൻറായും മികവു കാണിച്ചു. പയ്യന്നൂർ എജുക്കേഷനൽ സൊസൈറ്റിയുടെ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു.
മാടായി കോഓപറേറ്റിവ് റൂറൽ ബാങ്കിൽ വിവിധ തസ്തികകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം സെക്രട്ടറിയായാണ് വിരമിച്ചത്. മൃതദേഹം ഉച്ചക്ക് ഒന്നു മുതൽ നാലു വരെ കണ്ടംകുളങ്ങരയിലെ വി.ആർ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധി പേരാണ് ആദരാഞ്ജലികളർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.