വി.പി. കുഞ്ഞ്യേത് വിടവാങ്ങി; പേരാമ്പ്രയുടെ 'ലൈവ്' നിലച്ചു
text_fieldsപേരാമ്പ്ര: പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും എന്തു പരിപാടിയുണ്ടെങ്കിലും അത് 'ലൈവ്' ആയി ലോകം മുഴുവൻ എത്തും. വി.പി. കുഞ്ഞ്യേതുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആ ലൈവ് എത്തുന്നത്.
പേരാമ്പ്രയിലെ പരിപാടികളിലെല്ലാം സ്റ്റേജിന്റെ മുന്നിൽനിന്ന് വിഡിയോ പിടിക്കുന്ന ഈ വയോധികൻ ആരാണെന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. എന്നാൽ, ചടങ്ങിലെ വിശേഷങ്ങൾ വിദേശത്തുള്ളവർ പറയുമ്പോൾ കുഞ്ഞ്യേതു ഇഫക്ട് എല്ലാവർക്കും മനസ്സിലായിത്തുടങ്ങി. കുഞ്ഞ്യേതു എത്താൻ വൈകിയാൽ പരിപാടി തുടങ്ങാൻ വൈമനസ്യം കാണിക്കുന്ന സംഘാടകരെയും കാണാമായിരുന്നു.
ഈ ലൈവിലൂടെ നിരവധിയാളുകളുടെ ദുരിതങ്ങൾ പുറംലോകത്തെ കാണിച്ച് സഹായമെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നാട്ടിലെ ഒട്ടനേകം കൗതുകവാർത്തകളും അദ്ദേഹത്തിന്റെ ഫോണിലൂടെ ലോകം കണ്ടു.
ലൈവ് കുഞ്ഞ്യേത്ക്ക എന്നു വിളിക്കുന്ന വാരിയം പുതിയോട്ടിൽ കുഞ്ഞ്യേത് വിടപറഞ്ഞത് നാടിന് തീരാനഷ്ടമാണ്. അസുഖബാധിതനായി കുറച്ച് ദിവസങ്ങളായി കിടപ്പിലായിരുന്നു. രോഗാവസ്ഥയിലും ലൈവിൽ സജീവമായിരുന്നു. പേരാമ്പ പ്രസ് ക്ലബ് അനുശോചിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ഇ. ബാലകൃഷ്ണൻ, ഇബ്രാഹിം കൽപത്തൂർ, പ്രശാന്ത് പാലേരി, കുഞ്ഞബ്ദുല്ല വാളൂർ, ഫസലുറഹ്മാൻ മേപ്പയൂർ, ഇ.എം. ബാബു, സി.കെ. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ മീഡിയ വിഷൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. കുഞ്ഞിമുഹമ്മദ് സ്വാഗതവും ട്രഷറർ അനിൽകുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.