ശാസ്ത്രജ്ഞനും ഭരണകര്‍ത്താവുമായ ഗ്രന്ഥകാരന്
text_fieldsഡോ. എ.എൻ.പി ഉമ്മര്‍കുട്ടിയുടെ നിര്യാണം ഇന്ത്യന്‍ ശാസ്ത്രലോകത്തിന്, പ്രത്യേകിച്ച് സമുദ്രശാസ്ത്ര പഠന മേഖലക്ക്വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ പിന്തുടര്ച്ചക്കാരനായിട്ടാണ് ഞാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തുന്നത്. പലരംഗങ്ങളിലും അദ്ദേഹത്തിെൻറ നീണ്ടകാല ഭരണനേതൃത്വവും പരിചയവും അനേകം സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവന നല്കി.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി സ്വീകരിക്കുന്നതിനുമുമ്പ് അദ്ദേഹം തിരുവനന്തപുരത്തെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടര്‍ സ്ഥാനം ദീര്‍ഘകാലം വഹിച്ചിരുന്നു. അന്ന്, ആ സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍ ഇന്നും നിലനില്ക്കുന്നു. സാഹിബുമായി ഒരു ഗ്രന്ഥകാരന് എന്ന നിലയിലും അദ്ദേഹത്തിെൻറ കീഴില്‍ സര്‍വകലാശാല അധ്യാപകനെന്ന നിലയിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമാണ്.
എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മൃദുലഭാഷിയായി സംസാരിക്കുന്ന വൈസ്ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹത്തെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും മറ്റും അനുസ്മരിക്കുന്നുണ്ടാവും. പല പ്രശ്നങ്ങളുമുള്ള കാലിക്കറ്റ് സര്‍വകലാശാലയില്‍ സുശക്തമായ ബയോ ടെക്നോളജി ഡിപ്പാര്‍ട്ട്മെൻറും സെമിനാർ ഹാളുമെല്ലാം സ്ഥാപിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാളിത്തം ശ്രദ്ധേയമാണ്.
ബയോ ടെക്നോളജി ഡിപ്പാര്‍ട്ട്മെൻറിനെ പിന്നീട് ഇന്ത്യയിലെ ഒന്നാന്തരം ടിഷ്യൂകള്‍ച്ചര്‍ സ്ഥാപനമാക്കി മാറ്റിയെടുക്കുന്നതില്‍ എനിക്ക് മുന്നോട്ടുവരാന്‍ കഴിഞ്ഞത് അദ്ദേഹത്തിെൻറ പ്രേരണയാലാണെന്നു പറയാം.
വയനാട് ജില്ലയിലെ ആദിവാസികള്‍ക്കുവേണ്ടി പ്രത്യേക ടിഷ്യൂ കള്‍ച്ചറല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ അതിന്, ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ഉമ്മര്‍കുട്ടി സാഹിബിനോടാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുപോലെ ഇന്നവിടെയുള്ള ആയിരം പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ഹാള്‍ അദ്ദേഹത്തിന് നിർമിക്കാന്‍ കഴിഞ്ഞു. അത്, പല പ്രശ്നങ്ങളും പിന്നീട് അദ്ദേഹത്തിനുണ്ടാക്കി.
നല്ല ഗവേഷകരെയും എഴുത്തുകാരെയും കണ്ടെടുത്ത് പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തു. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം ബര്‍ലിനിലെ ലോക മലയാളസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ അവസരം ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. അന്ന് പ്രേംനസീര്‍ തുടങ്ങിയവരും വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ് ഉള്‍പ്പെടെ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അത്തരമൊരു സമ്മേളനത്തില്‍ മലയാളഭാഷയുടെ വളര്‍ച്ചക്കുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
തലശ്ശേരിയില്‍ സുഹൃത്തുക്കള്‍ സ്വീകരണം കൊടുത്തപ്പോള്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന്, അദ്ദേഹത്തിെൻറ എല്ലാ കൃതികളും അവിടെ പ്രസാധനം ചെയ്യുകയുണ്ടായി. അവിടെ, ഞാന്‍ പറഞ്ഞ പ്രത്യേകകാര്യം വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അദ്ദേഹത്തെപ്പോലൊരു എഴുത്തുകാരനുവേണ്ടി നിങ്ങള്‍ എന്തു സേവനം ചെയ്തുവെന്നാണ് ചോദിച്ചത്. അദ്ദേഹത്തെപ്പോലുള്ള അനേകം എഴുത്തുകാര്‍ ഇന്നും കേരളത്തിലുണ്ട്. സാമൂഹികമായോ, സാമ്പത്തികമായോ പിന്തുണ കിട്ടാതെ പ്രയാസപ്പെടുന്നവരെ എനിക്ക് നേരിട്ടറിയാം.
ഞാന്‍ വൈസ് ചാന്‍സലറായി ചാര്‍ജെടുത്ത സമയത്ത് ആദ്യമായി കാണാന്‍ കോട്ടയത്തെ അദ്ദേഹത്തിെൻറ മകളുടെ വീട്ടിലേക്ക് പോയത് ഓര്‍ക്കുകയാണ്. അന്ന്, അദ്ദേഹത്തിന് കൊടുക്കാനുള്ള തുച്ഛമായ ഒരു തുക ആറായിരമോ, ഏഴായിരമോ സര്‍വകലാശാല നല്‍കിയിരുന്നില്ല. അത് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാനിവിടെ സൂചിപ്പിക്കുന്നത് ഭരണതലത്തില്‍ നമ്മുടെ പണ്ഡിതന്മാരെ എങ്ങനെയാണ് സമീപിച്ചത് എന്നറിയിക്കാന്വേണ്ടിയാണ്. ഞാന്‍ ഏറ്റെടുത്തയുടനെ ആ ഫയല്‍ വിളിപ്പിച്ച് 24 മണിക്കൂറിനകം നടപടിക്രമം പൂര്‍ത്തിയാക്കി കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം നിയമിച്ച ഫിനാന്‍സ് ഓഫിസര്‍ തന്നെയാണ് ഈ ദീര്‍ഘിപ്പിക്കലിന് നേതൃത്വം കൊടുത്തതെന്ന് പറയേണ്ടിവരുന്നു. അത്, ഈ നാടിെൻറ ശാപമാണ്.
ഉമ്മര്‍കുട്ടി സാഹിബിനെ വൈസ് ചാന്‍സലറാക്കിയ സി.എച്ച്. മുഹമ്മദ് കോയയുടെ മുസ്ലിംലീഗ് പോലും അദ്ദേഹത്തിന് വേണ്ടത്ര ആദരവ് കൊടുത്തില്ലെന്നാണ് തോന്നുന്നത്. നമ്മുടെ സാംസ്കാരിക ജീവിതത്തില്‍ വ്യക്തികളോട് കാണിക്കുന്ന അലംഭാവം അഭിനന്ദനീയമായി തോന്നുന്നില്ല. ഒരിക്കല്‍ 'സിറാജ്' പത്രത്തിെൻറ പത്രാധിപസ്ഥാനം അദ്ദേഹം വഹിച്ചപ്പോൾ ഞാന്‍ പറഞ്ഞു: ''ഈ സ്ഥാനം അങ്ങേക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല''. വാസ്തവത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു.
ഒരു പക്ഷേ, മലയാളത്തിലെ ശാസ്ത്രീയ സാഹിത്യരചനയെ പ്രചരിപ്പിച്ചതില്‍, എഴുത്തുകാരെ കണ്ടെത്തി ശാസ്ത്ര സാഹിത്യപരിഷത്ത് പോലെ പ്രസ്ഥാനങ്ങളുടെ ലേഖനപരമ്പരകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാളിത്തം വളരെയധികം ആദരണീയമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
കാലിക്കറ്റ് സര്‍വകലാശാല അദ്ദേഹത്തിന് ഒരുകാലത്തും അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്ന് തോന്നുന്നില്ല. ഇന്ന് തലശ്ശേരിയില്‍ നല്ലനിലയില്‍ നടന്നുവരുന്ന കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ നഴ്സിങ് കോളജിെൻറ ആരംഭം കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു. അതിന് ചുക്കാന്‍പിടിച്ചതും ഉമ്മര്‍കുട്ടി സാഹിബായിരുന്നു. അദ്ദേഹത്തെ അനുസ്മരിച്ച് തലശ്ശേരി കേന്ദ്രീകരിച്ച് വര്‍ഷം തോറും അനുസ്മരണ പ്രഭാഷണം നടത്തണം.ഒപ്പം, കാലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെൻറിന് ഉമ്മര്‍കുട്ടിയുടെ പേര് ചേര്‍ക്കണമെന്നാണ് എെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.