ഗുരുവായൂരിനെ 'കൺനിറയെ കണ്ട' രാഷ്ട്രപതി
text_fieldsഗുരുവായൂര്‍: ക്ഷേത്ര നഗരിയുടെ മനസ്സിലുള്ളത് ഉത്സവ കാലത്തെ കാഴ്ച ശീവേലിയും മേളവും കൺനിറയെ കണ്ട രാഷ്ട്രപതി. ഗുരുവായൂരിെൻറ അഭിമാന കലാരൂപമായ കൃഷ്ണനാട്ടവും കണ്ടാണ് നാല് വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി പ്രണബ് മടങ്ങിയത്. 2016 ഫെബ്രുവരി 26നാണ് പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിയായിരിക്കെ ഗുരുവായൂരിലെത്തിയത്. നേരത്തെ ഇന്ദിരാ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു. ക്ഷേത്രോത്സവ കാലത്തായിരുന്നു രാഷ്ട്രപതിയായിരിക്കെ ദർശനം.
അദ്ദേഹം ക്ഷേത്രത്തിലെത്തിയ സമയത്ത് സ്വർണക്കോലം എഴുന്നള്ളിച്ച് മൂന്നാനകളോടെ ഉത്സവത്തിെൻറ വിശേഷാൽ കാഴ്ചശീവേലി നടക്കുകയായിരുന്നു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്ന മേളം തെല്ലിടെ നിന്നാസ്വദിച്ചു. ശ്രീവത്സത്തിൽ രാഷ്ട്രപതിക്കായി കൃഷ്ണനാട്ടവും അവതരിപ്പിച്ചിരുന്നു. രാസക്രീഡയിലെ മുല്ലപ്പൂചുറ്റലാണ് അവതരിപ്പിച്ചത്. കൃഷ്ണനാട്ടം കലാകാരൻമാർക്കൊപ്പം നിന്ന് ഫോട്ടോക്കും പോസ് ചെയ്തു. രാഷ്ട്രപതി ഭവനിൽ കൃഷ്ണനാട്ടത്തിന് അവസരം നൽകാമെന്നും അറിയിച്ചു. എന്നാൽ അതിനുള്ള അവസരം ഒത്തുവന്നില്ല. തൊട്ടടുത്ത വർഷം അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.