വിടവാങ്ങിയത് മലയാളികളുടെ ഡൽഹി കാരണവർ
text_fieldsന്യൂഡൽഹി: ഏഴുപതിറ്റാണ്ടിൽപ്പരം ഡൽഹി മലയാളികളുടെ കാരണവരായിരുന്നു ഓംചേരി എന്ന ചരുക്കപ്പേരിൽ എല്ലാവരും വിളിച്ച പ്രഫസർ ഓംചേരി എൻ.എൻ പിള്ള. തിരുവനന്തപുരത്ത് പഠനത്തിനൊപ്പം പത്രപ്രവർത്തനവും നടത്തിയ ശേഷമാണു ഡൽഹിയിലെത്തുന്നത്. അശോക് വിഹാറിലെ അദ്ദേഹത്തിന്റെ വസതി എന്നും സാഹിത്യം ഇഷ്ടപ്പെടുന്ന മലയാളികൾക്കായി തുറന്നു കിടന്നു. കേരള ക്ലബ്, കഥകളി കേന്ദ്രം, ഡൽഹി എക്സ്പെരിമെന്റൽ തിയറ്റർ, മലയാള ഭാഷാ പഠനകേന്ദ്രങ്ങൾ തുടങ്ങി ഡൽഹിയിലെ സാംസ്കാരിക-ഭാഷാ സംരംഭങ്ങളെ കൈപിടിച്ചു കൊണ്ടുപോകുന്നതിലും ഓംചേരി വഹിച്ച പങ്കിനു സമാനതകളില്ല. ഇതര സംസ്ഥാന മലയാളികളിൽ മാതൃഭാഷ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മലയാളം മിഷന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
ഡൽഹി ജീവിതത്തിനിടെയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിസ് ക്യാമ്പില്‍ മലയാളം അധ്യാപകനാകാനുള്ള ഔദ്യോഗിക ക്ഷണം ലഭിക്കുന്നതും പോകുന്നതും. അതിനുശേഷം പെന്‍സൽവേനിയ സര്‍വകലാശാലയില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ എം.എ. ബിരുദമെടുക്കുകയുണ്ടായി.
കുട്ടികളുടെ വിവേകാനന്ദന് എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ പുസ്തകം ഇഷ്ടമായ ഇന്ദിര ഗാന്ധി കുട്ടികളുടെ നെഹ്റു എന്ന പുസ്തകം എഴുതാൻ ആവശ്യപ്പെട്ടു.ലോക്സഭ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ നിർദേശപ്രകാരമാണ് ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് 1952ൽ നാടകം രചിക്കുന്നത്. പാർലമെന്റ് അംഗങ്ങളായ കെ.സി.ജോർജ്, പി.ടി. പുന്നൂസ്, ഇ.കെ.ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവർ ആ നാടകത്തിൽ അഭിനയിച്ചു.
ഓഞ്ചേരി എന്ന വീട്ടുപേരിൽ നിന്നാണ് ഓംചേരി എന്ന തൂലികാനാമം അദ്ദേഹം സ്വീകരിക്കുന്നത്. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ച് രണ്ടുവർഷക്കാലം സംസ്കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. സി.എം.എസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ഇസ്ലാമിക് ചരിത്രവും സംസ്കാരവും എന്ന വിഷയത്തിൽ ബിരുദവും എറണാകുളം ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി. 1966ൽ അമേരിക്കയിലെ പെൻസൽവേനിയ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് ഡിപ്ലോമയും സമ്പാദിച്ചു. ഒരു വർഷത്തോളം കാലിഫോർണിയ സർവകലാശാലയിൽ അധ്യാപകനായിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ പ്രഫസറായി. കേന്ദ്ര സർക്കാറിനുകീഴിലെ ഡി.എ.വി.പി, ചീഫ് സെൻസേഴ്സ് ഓഫിസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥനായിരുന്നു.
ഓംചേരി മലയാളികളുടെ ഡൽഹിയിലെ അംബാസഡർ -മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിൽനിന്ന് ദീർഘകാലം വിട്ടുനിന്നിട്ടും കേരളീയത സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്കാരിക നായകനായിരുന്നു ഓംചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്കാരിക ചൈതന്യം പ്രസരിപ്പിച്ച വ്യക്തിയായിരുന്നു. നാടക ഭാവുകത്വത്തെ നവീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ചരിത്രപരമായ പങ്കാണ് വഹിച്ചത്.
മലയാളികളുടെ ഡൽഹിയിലെ അംബാസഡറായിരുന്നു. മലയാളം മിഷന്റെ കാര്യത്തിലായാലും ലോക കേരളസഭയുടെ കാര്യത്തിലായാലും, പുതിയതും വിലപ്പെട്ടതുമായ ആശയങ്ങൾ പകർന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓംചേരിയുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു -മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.