അപൂര്‍വ നേതൃഗുണങ്ങളുടെ ഉടമ
text_fieldsഇടതുപക്ഷ നയങ്ങളുടെ ശക്തനായ വക്താവായിരുന്നു പ്രഫ. ടി.ജെ. ചന്ദ്രചൂഡന്. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തെ കരുത്തോടെ നയിക്കുന്നതില്‍ ഉറച്ച നിലപാടുകള്‍തന്നെ സ്വീകരിച്ചു. ഇടതുപക്ഷ നയവ്യതിയാനങ്ങൾ സംബന്ധിച്ച് വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതില്‍ സ്വീകരിച്ച സമീപനം പലപ്പോഴും പലരുടെയും ശത്രുതക്ക് കാരണമായി. എന്നിരിക്കിലും വിഷയങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് അഭിപ്രായം പറയുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തിയില്ല. ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയായും ദേശീയ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിക്കുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ദീര്‍ഘദര്‍ശിയായ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രാഷ്ട്രീയരംഗത്തുണ്ടാക്കിയ ചലനം ശ്രദ്ധേയമാണ്.
നിലപാടുകളിലും അഭിപ്രായ പ്രകടനങ്ങളിലും കാർക്കശ്യവും കണിശതയും പുലർത്തിയ അദ്ദേഹം വ്യക്തിപരമായ സ്നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും ഏറെ ശ്രദ്ധിച്ചു. പാര്‍ട്ടി ഏതു മുന്നണിയിലായാലും മുന്നണി, രാഷ്ട്രീയ വ്യത്യാസം കൂടാതെ രാഷ്ട്രീയ സാംസ്കാരിക മാധ്യമ സാമൂഹിക മേഖലകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ്ബന്ധം വളരെ വിശേഷപ്പെട്ടതാണ്. അധ്യാപകന്, മാധ്യമ പ്രവര്ത്തകന്, സാംസ്കാരിക പ്രവര്ത്തകന് തുടങ്ങി വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നാനാവിഷയങ്ങളിലും അടിസ്ഥാനപരമായ അറിവും വിജ്ഞാനവും സിദ്ധിക്കുകയും അത് പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടിയിലെ ബ്രാഞ്ച് കമ്മിറ്റി അംഗം മുതല്‍ ദേശീയ സമിതി വരെയുള്ളവരുമായി ഒരു വലുപ്പച്ചെറുപ്പവുമില്ലാതെ കുടുംബാംഗത്തിന് സമാനമായ ബന്ധം നിലനിര്‍ത്തുന്നതില്‍ വിജയിച്ച നേതാവാണ് അദ്ദേഹം.
തൊഴിലാളികളുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ മുതല്‍ അന്തര്‍ദേശീയ തലത്തിലെ രാഷ്ട്രീയ വിഷയങ്ങള്‍ വരെ സഗൗരവം കൈകാര്യം ചെയ്യുന്നതിനും പ്രത്യേക കാര്യശേഷിയുണ്ടായിരുന്നു.
ഇടതുപക്ഷ നയങ്ങളുടെ വക്താവും വാഗ്മിയുമായിരുന്ന പ്രഫ. ടി.ജെ. ചന്ദ്രചൂഡന് 2014ല്‍ ആര്.എസ്.പിയുടെ മുന്നണി മാറ്റത്തെ പിന്തുണച്ചുവെന്നത് ശ്രദ്ധേയമാണ്. ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയതലത്തിലെ നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പാര്‍ട്ടി നയസമീപനം സ്വീകരിക്കേണ്ടിവന്നതിന്റെ രാഷ്ട്രീയവും കാലികവുമായ പ്രാധാന്യത്തെ കാര്യകാരണ സഹിതം യുക്തിസഹമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞുവെന്നത് അപൂർവമായ നേതൃഗുണമാണ്. ബംഗാളിലെയും ഇതര സംസ്ഥാനങ്ങളിലെയും വ്യത്യസ്തങ്ങളായ മുന്നണി ബന്ധങ്ങളില്‍ ഒരു കോട്ടവും സംഭവിക്കാതെ ദേശീയതലത്തില്‍ പാര്‍ട്ടിയെയും വിവിധ സംസ്ഥാനങ്ങളിലെ മുന്നണി നേതൃത്വത്തെയും സാഹചര്യങ്ങളും നിലപാടുകളും ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. നയപരമായി വ്യത്യസ്തങ്ങളായ രണ്ടു മുന്നണികളില്‍ പാര്‍ട്ടി തുടരുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഗൗരവമായ ചോദ്യങ്ങള്‍ക്ക് എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന ഉത്തരം നല്‍കിയാണ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി ദേശീയതലത്തില്‍ നയിച്ചത്. പാര്‍ട്ടിയുടെ മുന്നണി മാറ്റത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരുടെ പ്രചാരവേലകളെ പരാജയപ്പെടുത്തുന്നതായിരുന്നു പ്രവര്‍ത്തന ശൈലി.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സ്റ്റിയറിങ് കമ്മിറ്റി അംഗമായിരുന്ന പ്രഫ. ടി.ജെ. ചന്ദ്രചൂഡന്റെ, ഇന്ത്യയും അമേരിക്കയും തമ്മിലെ ആണവ കരാറിന്റെ കാര്യത്തില്‍ സ്വീകരിച്ച ഉറച്ച നിലപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിർണായകമായ വഴിത്തിരിവാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായും കുടുംബപരമായും എല്ലാ വിഷയങ്ങളിലും ആധികാരികമായി അഭിപ്രായം തേടുന്ന മാർഗദര്‍ശി കൂടിയായിരുന്നു ചന്ദ്രചൂഡന് സര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.