35 സിനിമകൾക്ക് ജീവൻ നൽകിയ പി.എസ്. നിവാസ്, നാട് മറന്ന പ്രതിഭ
text_fieldsകോഴിക്കോട്: എഴുപതുകളിലും എൺപതുകളിലും മലയാളം, തമിഴ്, തെലുഗ് സിനിമാരംഗത്തെ ശ്രേദ്ധയനായിരുന്നു തിങ്കളാഴ്ച അന്തരിച്ച ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് എന്ന പി. ശ്രീനിവാസ്. സാഹിത്യ-സാംസ്കാരിക നായകർ നിറഞ്ഞ കോഴിക്കോട്ട് ആരാലും അറിയപ്പെടാതെ നിവാസ് ജീവിച്ചുപോരുകയായിരുന്നു. ഭാരതിരാജയുടെയും കെ. വിശ്വനാഥിെൻറയും സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച നിവാസിനെ രജനികാന്തും കമൽഹാസനുമടക്കമുള്ള സൂപ്പർതാരങ്ങൾക്കും ഏറെ ബഹുമാനമായിരുന്നു. നിവാസിനെേത്തടി ഒരു സിനിമക്കാരനും പിന്നീട് എത്തിയിരുന്നില്ല.
ദേവഗിരി കോളജിൽ പഠിക്കുന്ന കാലത്തേ ശ്രീനിവാസിനെ സിനിമ മോഹിപ്പിച്ചിരുന്നു. പ്രശസ്തമായ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് ഒട്ടനവധി പ്രമുഖരുമായി പരിചയപ്പെടാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
അഡയാറിലെ സർട്ടിഫിക്കറ്റ് സിനിമാരംഗേത്തക്കുള്ള വിലപിടിപ്പുള്ള പ്രവേശന ടിക്കറ്റായിരുന്നു അക്കാലത്ത്. പ്രശസ്തനായ പി.എൻ. മേനോെൻറ 'കുട്ട്യേടത്തി' എന്ന സിനിമയിൽ ഓപറേറ്റിവ് കാമറാമാനായുള്ള തുടക്കം മോശമായില്ല. പിന്നീട് 17 മലയാള ചിത്രങ്ങളും 18 തമിഴ് പടങ്ങളും കാമറയിൽ ഒപ്പിയെടുത്തു. അപ്പോഴേക്കും പി. ശ്രീനിവാസ് എന്ന പേര് സിനിമ സ്റ്റൈലിൽ പി.എൻ. നിവാസ് എന്നായി മാറിയിരുന്നു.
ബാബു നന്തൻകോട് സംവിധാനംചെയ്ത 'സത്യത്തിെൻറ നിഴൽ' ആയിരുന്നു സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചിത്രം. 1977ൽ 'മോഹിനിയാട്ട'ത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ നിവാസിന് തിരക്കേറി.
പി. ഭാരതിരാജയുടെ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് നിവാസ് തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. കമൽഹാസെൻറ പ്രശസ്തമായ സാഗരസംഗമം എന്ന ചിത്രത്തിലും ഭാഗമായി. മൂന്നു തമിഴ് സിനിമകൾ സംവിധാനം ചെയ്തെങ്കിലും ഹിറ്റുകളായില്ല. സിനിമ നിർമാണരംഗത്തും ഇദ്ദേഹമുണ്ടായിരുന്നു. നടക്കാവിൽ ജനിച്ച നിവാസ് ഈങ്ങാപ്പുഴ എടുത്തുവെച്ചകല്ല് എന്ന പ്രദേശത്തെത്തിയത് ഗ്രാമഭംഗി തേടിയായിരുന്നു. നടക്കാവിലുള്ള വീടും സ്ഥലവും വിറ്റാണ് പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത എടുത്തുവെച്ചകല്ലിലെത്തിയത്. രക്താർബുദം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ആശുപത്രിവാസം ശ്വാസംമുട്ടിക്കുന്നുവെന്ന് പറഞ്ഞ് കുറച്ചു ദിവസം മുമ്പ് പാലിയേറ്റിവ് കെയർ സെൻററിലേക്കു മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.