ജനഹൃദയങ്ങളിൽ ഇടംപിടിച്ച കലാം സാഹിബ്
text_fieldsദോഹ: ബഹളങ്ങളും ആഡംബരങ്ങളൊന്നുമില്ലാത്ത നേതാവ്. എന്നാൽ, എന്നും പ്രവാസികളുടെ പ്രശ്നങ്ങൾക്കും ആവലാതികൾക്കും ചെവികൊടുത്ത വ്യക്തിത്വത്തിലൂടെ സാധാരണക്കാരായ പ്രവർത്തകരുടെ ഹൃദയത്തിൽ ഇടം നേടിയ മനുഷ്യനായി. ബുധനാഴ്ച നാട്ടിൽ മരണമടഞ്ഞ കെ.എം.സി.സി ഖത്തർ സ്ഥാപക നേതാവും ആദ്യകാല പ്രവാസിയുമായ ആർ.ഒ അബ്ദുൽ കലാം ഹാജിയെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എന്‍റെയൊക്കെ തലമുറ ഖത്തറിൽ പ്രവാസികളായി എത്തിയ കാലത്ത്, കെ.എം.സി.സി എന്ന പ്രസ്ഥാനത്തെ നയിക്കുന്നത് കലാം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
മുംബൈയിൽനിന്നും പുറപ്പെടുന്ന കപ്പലുകളിൽ കയറി ആഴ്ച നീണ്ട യാത്രക്കൊടുവിൽ തീരമണയുന്ന പ്രവാസത്തിന്‍റെ പ്രതിനിധിയായാണ് അബ്ദുൽ കലാം ഹാജിയും ഖത്തറിലെത്തുന്നത്. 1962ലായിരുന്നു തൃശൂരിലെ പാലുവായിൽ നിന്നും അദ്ദേഹം ഖത്തറിൽ വരുന്നത്. അന്ന് മലയാളികൾ ഉൾപ്പെടെ കൂടുതൽ പേരൊന്നും പ്രവാസികളായി ഇവിടെ എത്തിയിരുന്നില്ല. തുറമുഖ വകുപ്പിൽ ജീവനക്കാരനായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനൊപ്പം, നാട്ടിൽനിന്നും ഹൃദയത്തിലേറ്റിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും ഇവിടെ വേരുകൾ നൽകി. 1968 സെപ്റ്റംബറിൽ മലബാർ മുസ്ലിം വെൽഫെയർ അസോസിയേഷൻ എന്ന പേരിലായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മക്ക് പിറവി കുറിച്ചത്. അബൂബക്കർ ഷാ പ്രസിഡന്‍റും അബ്ദുൽ കലാം ഹാജി സെക്രട്ടറിയുമായി പിറന്ന കൂട്ടായ്മ എളുപ്പത്തിൽ ജനകീയമായി.
മലാളികളെ കൂട്ടിപ്പിടിച്ച് അവരുടെ പ്രശ്നങ്ങളിലും സങ്കടങ്ങളിലും സഹായകമായി മലബാർ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഖത്തറിൽ പ്രധാന കൂട്ടായ്മയായി മാറി. മുസ്ലിം ലീഗിന്‍റെ ആദ്യകാല നേതാക്കളുമായി അടുത്ത സൗഹൃദം നിലനിർത്തുകയും, അവരുടെ ഉപദേശങ്ങൾ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാവുകയും ചെയ്തു. ഇടക്കാലത്ത് ചന്ദ്രിക റീഡേഴ്സ് ഫോറം രൂപവത്കരണത്തിലും നേതൃസ്ഥാനങ്ങളിലും കലാം ഹാജിയുടെ സാന്നിധ്യം നിർണായകമായി. 1985ൽ കെ.എം.സി.സിയും ചന്ദ്രിക റീഡേഴ്സ് ഫോറവും ഒന്നായപ്പോൾ കലാം ഹാജിയും നേതൃനിരയിലുണ്ടായിരുന്നു.
ഖത്തറിലെ വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ആദ്യമായൊരു ഇന്ത്യൻ സ്കൂൾ എന്ന നിലയിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹയിൽ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. വലിയ പ്രഭാഷകനോ, എഴുത്തുകാരനോ ഒന്നുമായിരുന്നില്ലെങ്കിലും ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ഹൃദയത്തിലായിരുന്നു കലാംഹാജിയുടെ സ്ഥാനം. മികച്ച സംഘാടകൻ എന്ന നിലയിൽ ഓരോ പ്രവർത്തകനുമായും വ്യക്തിബന്ധം സ്ഥാപിച്ചു. അതിന്‍റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു 1996ൽ ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ 'അൽ ഗസൽ' ഓഡിറ്റോറിയത്തിൽ നൽകിയ യാത്രയപ്പിലെ തിങ്ങിനിറഞ്ഞ സദസ്സ്. ഖത്തറിൽ നിറഞ്ഞ ഓഡിറ്റോറിയത്തിൽ ഒരാൾക്ക് നൽകിയ ആദ്യ യാത്രയയപ്പും അതായിരിക്കും. നാട്ടിലേക്ക് മടങ്ങിയിട്ടും മരിക്കുന്നതുവരെയും അദ്ദേഹവുമായി അടുത്ത ബന്ധം നിലനിർത്താൻ കഴിഞ്ഞു.
ജനഹൃദയങ്ങളിലേറിയ വ്യക്തിത്വം ഓർമയാവുമ്പോൾ പ്രാർഥനകളോടെ യാത്രാമൊഴി ചൊല്ലുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.