കൊലക്കയറിൽനിന്ന് ജീവിതം തിരിച്ചുകിട്ടി: എലിസബത്ത് രാജ്ഞിയുടെ ദയാവായ്പിൽ തേങ്ങി രാധാകൃഷ്ണൻ
text_fieldsചാവക്കാട്: ഒരു കൈയൊപ്പിൽ കൊലക്കയറിൽനിന്ന് ജീവിതം തിരിച്ചുകിട്ടിയ രാധാകൃഷ്ണൻ എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങലിൽ തേങ്ങുകയാണ്. മൗറീഷ്യസിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ കുന്നത്ത് രാമൻ, മങ്ക ദമ്പതികളുടെ മകൻ രാധാകൃഷ്ണൻ (64) എന്നും നന്ദിയോടെ ഓർക്കുന്ന നാമമാണ് രാജ്ഞിയുടേത്. നേരിട്ട് അറിയില്ലെങ്കിലും അവർ മാപ്പ് നൽകിയതോടെയാണ് അദ്ദേഹം കൊലക്കയറിൽനിന്ന് രക്ഷപ്പെട്ടത്.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ രാധാകൃഷ്ണൻ നാട്ടിലെ പട്ടിണി ഒഴിവാക്കാൻ 27ാം വയസ്സിൽ, 1986 ഏപ്രിലിലാണ് ബോംബെയിലേക്ക് വണ്ടി കയറിയത്. ഗൾഫ് നാടുകളിലേക്ക് ആളുകളുടെ ഒഴുക്ക് ശക്തമായിരുന്ന ആ കാലത്ത് ബോംബെയിൽ ട്രാവൽസിൽ ജോലി ലഭിച്ചതാണ് ജീവിതം മാറ്റിമറിച്ചത്. അഞ്ചുവർഷത്തെ ജോലിക്കൊടുവിൽ മൗറീഷ്യസിലേക്ക് പോകാൻ അവസരം ലഭിച്ചു. മൗറീഷ്യസിൽ ട്രാവൽസ് തുടങ്ങുകയാണെന്നാണ് പറഞ്ഞത്.
ബോംബെ എയർപോർട്ടിലെത്തിയപ്പോൾ ചില ഓഫിസ് രേഖകൾ ട്രാവൽസിൽ ഏൽപിക്കണമെന്ന് പറഞ്ഞ് ഉടമ ഒരു ബാഗ് നൽകി. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എയർപോർട്ടിലെത്തിയപ്പോൾ കസ്റ്റംസ് പിടികൂടി. ആരോ രഹസ്യമായി അറിയിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഹെറോയിൻ എവിടെയാണ് ഒളിപ്പിച്ച് വെച്ചതെന്ന് ചോദിച്ച് ബാഗ് തിരിച്ചും മറിച്ചും നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവിൽ അതിന്റെ പിൻഭാഗം പൊളിച്ചപ്പോഴാണ് ഏതാനും കവറുകളിലാക്കി വെച്ച 750 ഗ്രാം ഹെറോയിൻ കണ്ടെത്തിയത്.
താൻ നിരപരാധിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും കസ്റ്റംസ് അധികൃതർ വിട്ടില്ല. ഗുരുതര കുറ്റം ചെയ്ത നിലയിൽ കോടതിയും കനിഞ്ഞില്ല. നടപടികൾക്കുശേഷം കീഴ് കോടതി വധശിക്ഷക്ക് വിധിച്ചത് അപ്പീൽ കോടതിയും ശരിവെച്ചു. പിന്നീട് അഞ്ച് വർഷമാണ് പോർട്ട് ലൂയിസിലെ ബ്യൂ ബേസിൻ ജയിലിൽ കഴിഞ്ഞത്
1992ൽ മൗറീഷ്യസ് വൈസ് പ്രസിഡൻറ് രബിന്ദ്ര ഗുർബുറൻ ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ മൂവരും ആദ്ദേഹത്തെ കാണാൻ ശ്രമിച്ചു. എന്നാൽ സുരക്ഷ കാരണങ്ങളാൽ അത് നടന്നില്ല. മൗറീഷ്യസ് അക്കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്നു. അതിനാൽ എലിസബത്ത് രാജ്ഞി അധ്യക്ഷയായ പ്രിവി കൗൺസിലാണ് ആ രാഷ്ട്രത്തിന്റെയും ഉന്നതാധികാര സമിതി. അതിനാൽ അഡ്വ. ജോർജ് മുഖേന കൗൺസിലിലേക്ക് അപ്പീൽ മെമ്മോ അയച്ചു. അത് പ്രിവി കൗൺസിൽ ഫയലിൽ സ്വീകരിച്ചു. കേസ് വാദിക്കാൻ ബ്രിട്ടനിലെത്താൻ വക്കീലിന് അറിയിപ്പും വന്നു. രാധാകൃഷ്ണന്റെ വീട്ടുകാരുടെ സാമ്പത്തികനില അത്ര ഭദ്രമല്ലാത്തതിനാൽ അദ്ദേഹത്തിന് പോകാനായില്ല. നിയമപോരാട്ടം അവസാനിപ്പിക്കാതെ വക്കീലും രാധാകൃഷ്ണന്റെ പിതാവും പിന്മാറാതെ നിന്നു.
കൗൺസിലിലെ ഉദ്യോഗസ്ഥരുമായി പലതവണ വക്കീൽ ബന്ധപ്പെട്ടു. അങ്ങനെയാണ് എലിസബത്ത് രാജ്ഞിയുടെ മുന്നിൽ അപ്പീൽ മെമ്മോ എത്തിയത്. അങ്ങനെ കൊലക്കയറിൽനിന്ന് രാധാകൃഷ്ണൻ രക്ഷപ്പെട്ടു. മൗറീഷ്യസ് സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനായിരുന്നു പ്രിവി കൗൺസിലിന്റെ നിർദേശം. അക്കാലത്ത് പ്രധാന വാർത്തയായിരുന്നു ഈ സംഭവം. ഇപ്പോൾ ഭാര്യ ശ്രീജക്കൊപ്പം ഗുരുവായൂരിൽ താമസിക്കുന്ന രാധാകൃഷ്ണൻ 27 വർഷമായി ഒമാൻ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.