ഫാ. പി.സി. സൈമൻ: ഓർമയായത് കാട്ടകാമ്പാലിന്റെ പിതാവ്
text_fieldsകുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ കാട്ടകാമ്പാൽ ഇടവകയിൽ തുടർച്ചയായി 61 വർഷം വികാരിയായി സേവനമനുഷ്ഠിച്ച ചരിത്രമാണ് നിര്യാതനായ ഫാ. പി.സി. സൈമനുള്ളത്.
മൂന്ന് തലമുറകളുടെ വിവാഹ കൂദാശക്കും മാമോദീസക്കും മരണാനന്തര ശുശ്രൂഷകൾക്കും കാർമികനായിരുന്നു. ആറു പതിറ്റാണ്ടിലധികം ഒരേ ഇടവകയിൽ വികാരി ആകുന്നത് അത്യപൂർവമാണ്. ഫാ. പി.സി. സൈമൻ ചുമതലയേൽക്കുമ്പോൾ 102 കുടുംബങ്ങളുണ്ടായിരുന്ന ഇടവകയിൽ ഇപ്പോൾ 400ഓളം കുടുംബങ്ങളായി.
ഈ വീടുകളിലെല്ലാം അതിഥി മാത്രമല്ല വീട്ടുകാരനുമായിരുന്നു ഫാദർ. ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനമായിരുന്നപ്പോൾ വികാരിയായ ഫാദർ പി.സി. സൈമന് 1985ഓടെ കുന്നംകുളം ഭദ്രാസനമായി മാറിയപ്പോഴും ഇടവകയിൽനിന്ന് മാറേണ്ടി വന്നില്ല. ജന്മനാട്ടിൽതന്നെ സഭയെ നയിക്കാനായ അജപാലകനായിരുന്നു ഫാ. സൈമൻ.
വൈദികപട്ടത്തിന് പഠിക്കാനായി കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന കാട്ടകാമ്പാൽ പുലിക്കോട്ടിൽ സൈമന് ആറര പതിറ്റാണ്ട് മുമ്പ് 19ാം വയസ്സിൽ പാമ്പാടി തിരുമേനി കോട്ടയം-കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് കശ്ശീശാ പട്ടം നൽകി. പാമ്പാടി തിരുമേനിയാൽ വൈദീക പട്ടം ലഭിച്ചവരിൽ അവസാനത്തെ പട്ടക്കാരൻ എന്ന അംഗീകാരവും ഇദ്ദേഹത്തിനുണ്ടായി.അനേകർക്ക് വിദ്യപകർന്നുനൽകിയ അധ്യാപകനായിരുന്നു പി.സി. സൈമൻ. പഴഞ്ഞി കോളജ് സ്ഥാപക ഗവേണിങ് ബോർഡ് അംഗം, കാട്ടാകാമ്പാൽ സഭ വക സ്കൂൾ പ്രഥമ മാനേജർ, കരിക്കാട് സി.എം.എൽ.പി സ്കൂളിലെ പ്രധാനധ്യാപകനായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.