തകഴിയെ പകർത്താൻ എം.ടിയെത്തി; കഥാകാരൻ അഭിനേതാവായി
text_fieldsആലപ്പുഴ: മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്റെ ജീവിതവും കഥാപാത്രങ്ങളും വെള്ളിത്തിരയിലേക്ക് പകർത്തിയ സംവിധായകൻ എം.ടിയുടെ മുന്നിൽ തകഴി ശിവശങ്കരപ്പിള്ള അഭിനേതാവായി മാറി. കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള ആ ചരിത്രനിയോഗം ആലപ്പുഴക്കാർ മറക്കില്ല. തകഴി ശങ്കരമംഗലത്തെ വീട്ടിലെത്തിയ എം.ടി. വാസുദേവൻ നായർ തകഴിയോടും ഭാര്യ കാർത്യായനി എന്ന കാത്തയോടും ഒട്ടേറെ വിവരങ്ങൾ ചോദിച്ചറിഞ്ഞും കഥാപാത്രങ്ങൾ ജന്മമെടുത്ത പ്രദേശങ്ങളിൽ നേരിട്ടെത്തിയും തയാറാക്കിയ ഡോക്യുമെന്ററി 1998ലാണ് പുറത്തിറക്കിയത്. ഇതിനായി പല ദിവസങ്ങളായി ഒരുമാസത്തോളമാണ് തകഴിയുടെ വീട്ടിൽ എം.ടി താമസിച്ചത്.
കുട്ടനാടിന്റെ കഥാകാരനായ തകഴിയെ കാമറയിലേക്ക് ആദ്യം പകർത്തി ഷൂട്ടിങ്ങിന് തുടക്കമിട്ടതും എം.ടിയായിരുന്നു. കർഷകൻകൂടിയായ തകഴിയുടെ നോവലും സിനിമയുമായ ’ചെമ്മീൻ’ കഥാപാത്രങ്ങൾ പിറവിയെടുത്ത പുറക്കാട് കടപ്പുറം, കഥാംശം നിറഞ്ഞുനിൽക്കുന്ന തകഴിയിലെ ഗ്രാമപ്രദേശങ്ങൾ, വക്കീൽജോലിക്കിടെ കണ്ടുമുട്ടിയ ജീവിതങ്ങൾ പകർത്തിയ അമ്പലപ്പുഴ കച്ചേരി ജങ്ഷൻ, സത്യൻ നായകനായെത്തിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ സിനിമയുടെ പിന്നാമ്പുറമായ കുട്ടനാട്ടിലെ ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഏറെയും ഷൂട്ടിങ്. കഥാപാത്രങ്ങൾ ജീവിച്ച ആ മണ്ണിലേക്ക് തകഴിയെ കൂടെകൂട്ടിയാണ് ഓരോ സീനും എടുത്തത്. കഥാകാരൻ കഥാപാത്രത്തിലേക്ക് മാറിയപ്പോൾ ജീവിതാനുഭവങ്ങൾ ഏറെയുള്ള തകഴിയുടെയും കാത്തയുടെയും ഹൃദയബന്ധത്തിന്റെ ആഴവും പരപ്പും അതേപടി പകർത്തിയതും ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു.
സംവിധാനത്തിന്റെ കുപ്പായമണിഞ്ഞെത്തിയ എം.ടിയുടെ സിനിമവിശേഷങ്ങളും വിവരങ്ങളും അറിയാൻ ആകാംക്ഷയോടെ എത്തിയ അന്നത്തെ പത്രപ്രവർത്തകരെ ആരെയും അടുപ്പിച്ചില്ല. പലതവണ ഇതിനായി അവർ ശ്രമിച്ചെങ്കിലും വിവരങ്ങൾ പങ്കുവെച്ചില്ല. വീടിന്റെ ഉമ്മറത്ത് മുറുക്കാൻചെല്ലവും പിടിച്ചിരുന്ന തകഴിയോട് ചെന്ന് അവർ കാര്യം പറഞ്ഞു. എം.ടിയുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു ആവശ്യം. എം.ടിയെ തകഴി വാസൂവെന്നാണ് വിളിച്ചിരുന്നത്. വാസൂവേ.....ഇത് നമ്മുടെ പിള്ളേരാണ്. അവർക്ക് വേണ്ടത് ചെയ്തുകൊടുക്കണമെന്ന് പറഞ്ഞതോടെയാണ് അഭിമുഖത്തിന് തയാറായത്.
തകഴിച്ചേട്ടനെപ്പോലെ പിതൃതുല്യനായ എഴുത്തുകാരന്റെ ജീവിതവും ആത്മകഥാംശം ഉൾപ്പെട്ട കഥാപാത്രങ്ങളും അഭ്രപാളിയിലേക്ക് പകർത്താനായത് ജീവിതത്തിലെ മഹാഭാഗ്യമാണെന്നാണ് അന്ന് എം.ടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.