ഗുണകാംക്ഷയോടെ എന്നും ‘മാധ്യമ’ത്തിനൊപ്പം
text_fieldsമാധ്യമം ദിനപത്രത്തിന്റെ തുടക്കം തൊട്ടേ അതിനെ ശ്രദ്ധയോടെ നിരീക്ഷിച്ചുപോന്ന എം.ടി എന്നും പത്രത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. മാധ്യമത്തിന്റെ വിവിധ പരിപാടികളിൽ ഹൃദയപൂർവം പങ്കുകൊണ്ട അദ്ദേഹം പത്രം ഉയർത്തിപ്പിടിക്കുന്ന നയനിലപാടുകളെ തുറന്നു പ്രോത്സാഹിപ്പിച്ചു. മാധ്യമത്തെ എഴുതി പ്രോത്സാഹിപ്പിച്ച അദ്ദേഹം കേരളത്തിലും പുറത്തും മാധ്യമത്തിന്റെ വിവിധ പരിപാടികളിൽ പങ്കുകൊള്ളുകയും ചെയ്തു. 2003ൽ ‘മാധ്യമം’ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തത് എം.ടിയായിരുന്നു. മുത്തങ്ങ സമരനായിക സി.കെ. ജാനുവാണ് ഏറ്റുവാങ്ങിയത്. അന്നത്തെ പരിപാടിയിൽ പങ്കുകൊള്ളുന്നതിലെ സന്തോഷം അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തി. താൻകൂടി നയിക്കുന്ന മലയാള ചാനലിലേക്ക് മാധ്യമപ്രവർത്തകരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനിരിക്കെ, അവർ കൂടുതൽ വായിക്കുന്ന പത്രമേത് എന്ന ചോദ്യത്തിന് ഉത്തരമായി അറുപതു ശതമാനത്തിലേറെ പേർ മാധ്യമത്തിന്റെ പേരു പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. മാധ്യമപ്രവർത്തനം അഭിരുചിയായി കൊണ്ടുനടക്കുന്നവർ മാധ്യമത്തിന് നൽകുന്ന സ്ഥാനം ഒരേസമയം അഭിമാനകരവും ഉത്തരവാദിത്തബോധവുമാണ് എന്ന് ഓർമിപ്പിക്കുക കൂടി ചെയ്തു അന്ന് എം.ടി.
മലയാളം ക്ലാസിക് ഭാഷയായി അംഗീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ പ്രവാസലോകത്ത് പുതുതലമുറക്കിടയിൽ മലയാളം ശീലമാക്കുന്നതിന് ഗൾഫ് മാധ്യമം ‘എന്റെ സ്വന്തം മലയാളം’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കാനും മലയാളത്തിന്റെ മഹാരഥന്മാരെ ആദരിക്കുന്നതിനും സംഘടിപ്പിച്ച ചടങ്ങിൽ എം.ടി ആദ്യന്തം ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. കേരളത്തിൽ ഇദംപ്രഥമമായൊരു സാഹിത്യോത്സവം സംഘടിപ്പിക്കാൻ തീരുമാനമെടുത്ത മാധ്യമം അതിന് വേദിയായി കണ്ടത് ഭാഷാപിതാവിന്റെ അനശ്വരസ്മാരകമായ തുഞ്ചൻപറമ്പ് ആയിരുന്നു. മാധ്യമം പീരിയോഡിക്കത്സ് എഡിറ്റർ കൂടിയായ എഴുത്തുകാരൻ പി.കെ. പാറക്കടവ് ഒന്നിച്ച് കോഴിക്കോട്ട് ചെറൂട്ടിനഗറിലെ ഫ്ലാറ്റിൽ ചെന്ന് എം.ടിയെ കണ്ടു. പരിപാടിയുടെ വിശദാംശമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. രാജ്മോഹൻ ഗാന്ധിയും ചന്ദ്രശേഖര കമ്പാറുമൊക്കെ എത്തുന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ കൂടിയായിരുന്നു സന്ദർശനം. പരിപാടിക്ക് തുഞ്ചൻപറമ്പ് വേദിയായി സസന്തോഷം വിട്ടുതന്ന അദ്ദേഹം വിശിഷ്ടാതിഥികൾ വരുന്ന സന്ദർഭത്തിൽ ആതിഥേയൻ സ്ഥലത്തുണ്ടാവണമല്ലോ എന്ന തന്റെ ആഗ്രഹം പറഞ്ഞു. തൊട്ടടുത്ത നാളുകളിൽ വേണ്ടത്ര ശാരീരികസുഖമില്ലാതിരുന്നതിനാൽ എത്താൻ കഴിഞ്ഞില്ല. പിന്നീട് എം.ടിക്കുള്ള മാധ്യമത്തിന്റെ സ്നേഹോപഹാരം കോഴിക്കോട് ‘സിതാര’യിൽ ചെന്ന് സമർപ്പിക്കുകയായിരുന്നു. പരിപാടി വിജയകരമായി സമാപിച്ചത് നേരത്തേ അറിഞ്ഞിരുന്ന അദ്ദേഹം അതിന്റെ സന്തോഷവും ചാരിതാർഥ്യവും ഉള്ളുതുറന്ന് പ്രകടിപ്പിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.