തിരയല്ലിത് ജീവിതം
text_fieldsജ്ഞാനപീഠമേറിയ എഴുത്തുകാരൻ തിരക്കഥ എഴുതിയപ്പോൾ അവയേയും ദേശീയ പുരസ്കാരങ്ങൾ തേടിയെത്തി. മലയാളത്തിൽ തിരക്കഥയെ ഒരു നവ സാഹിത്യഗണമായി വളർത്തിയെടുത്തത് എം.ടിയാണ്
സാക്ഷാൽ സത്യജിത്റേക്കും മൃണാൾസെന്നിനും മാത്രമാണ്, എം.ടിക്ക് പുറമെ തിരക്കഥാ രചനക്ക് രണ്ടിലേറെ തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. എം.ടിയെന്ന രണ്ടക്ഷരം എവിടെയൊക്കെ മുദ്ര കൊത്തി വെച്ചിട്ടുണ്ടോ അവിടെയത് വെറുതെ കിടക്കില്ല എന്ന് അറിയാവുന്നതിനാൽ മലയാളിക്ക് അതിൽ അതിശയുമുണ്ടാവില്ല.
മലയാളത്തിൽ തിരക്കഥയെ ഒരു നവസാഹിത്യ ഗണ(genre)മായി വളർത്തിയെടുത്തത് എം.ടി. വാസുദേവൻ നായരാണ്. എഴുത്തുകാരന്റെ സിനിമയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന രചനകളായിരുന്നു അദ്ദേഹത്തിന്റേത്.
1965ൽ പ്രദര്‍ശനത്തിനെത്തിയ ‘മുറപ്പെണ്ണി’ന് തിരക്കഥ എഴുതി രംഗത്തുവന്ന എം.ടിയുടെ അരനൂറ്റാണ്ടിലേറെ നീണ്ട തിരയെഴുത്തുജീവിതത്തിൽ അറുപതിലേറെ സൃഷ്ടികൾ പിറവിയെടുത്തു. തെൻറ ‘സ്നേഹത്തിെൻറ മുഖങ്ങൾ’ എന്ന ചെറുകഥ ആധാരമാക്കിയാണ് എം.ടി ‘മുറപ്പെണ്ണ്’ രചിച്ചത്.
പാതി നൂറ്റാണ്ടിലേറെ കാലംകൊണ്ട് വൈവിധ്യമുള്ള, എണ്ണംപറഞ്ഞ നിരവധി തിരക്കഥകളിലൂടെ എം.ടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗല്ഭനായ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറി. ‘ഒരു വടക്കന്‍ വീരഗാഥ’, ‘വൈശാലി’, ‘സദയം’, ‘പരിണയം’ എന്നിവക്കായി നാലു ദേശീയ പുരസ്‌കാരങ്ങളും ഒരു ഡസനിലധികം സംസ്ഥാന പുരസ്‌കാരങ്ങളും തിരക്കഥക്ക് എം.ടിയെ തേടിയെത്തി.
എം.ടിക്ക് മുമ്പ് മലയാള സാഹിത്യലോകത്തുനിന്ന് ഉറൂബും ബഷീറുമെല്ലാം സിനിമയെഴുത്തിൽ കൈവെച്ചുവെങ്കിലും അവരാരും ഇതിൽ സജീവമായും തുടര്‍ച്ചയായും നിന്നില്ല. എന്നാൽ, താൻ സ്പർശിക്കുന്ന തലങ്ങളെല്ലാം കാലം കാത്തുവെക്കുന്ന കാഴ്ചയും അക്ഷരങ്ങളുമായി അടയാളപ്പെടുത്താൻ നിയോഗമുള്ളതുെകാണ്ടാകാം, എം.ടി നിർത്തിയില്ല. അങ്ങനെ പ്രേക്ഷക മനസ്സില്‍ കടുംജീവിതങ്ങളായി നിൽക്കുന്ന നിരവധി സിനിമകൾ എം.ടിയുടേതായി വന്നു. തിരക്കഥക്കൊപ്പം എം.ടി സംവിധാനവും നിർവഹിച്ച ‘നിര്‍മാല്യം’ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. മലയാളിയുടെ ജീവിതവുമായി ഇഴബന്ധമുള്ള തിരക്കഥകള്‍ സമ്മാനിച്ചത് എം.ടിയാണ്. ആദ്യകാല താരനാടകങ്ങളില്‍നിന്ന് മലയാള സിനിമയെ മോചിപ്പിച്ച് ജീവിത ഗന്ധികളാക്കിയതില്‍ എം.ടി വലിയ പങ്കുവഹിച്ചതായി അടൂർ ഗേപാലകൃഷ്ണൻ ഒരിക്കൽ പറയുകയുണ്ടായി. ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ എം.ടി മറ്റൊരു മായിക ചരിത്രം രചിക്കുകയായിരുന്നു. വടക്കന്‍പാട്ടുകളിലെ ചതിയന്‍ ചന്തുവിനെ കീഴ്മേൽ മറിച്ച അദ്ദേഹം തിരസ്കൃതരുടെ പുതുചരിത്രം രചിച്ചു. ‘വൈശാലി’യും ‘പരിണയവും’ ‘പെരുന്തച്ചനു’മെല്ലാം പുതിയ പാതകള്‍ വെട്ടിത്തുറന്നു.
അമാനുഷരല്ല, തെൻറ കഥാപാത്രങ്ങൾ മനുഷ്യരായിരിക്കണമെന്നതായിരുന്നു തിരയെഴുത്തിൽ എം.ടിയുടെ ആദ്യ നിർബന്ധം. അമാനുഷരെ പുൽകുന്ന വെള്ളിത്തിര എന്നിട്ടും എം.ടിയുടെ മനുഷ്യജീവിതങ്ങളെ ചേർത്തുപിടിച്ചു. എം.ടി ഒരിക്കൽ പറഞ്ഞു: ‘‘അറുപതിലധികം തിരക്കഥകളെഴുതി.
നല്ലതും ആവറേജും എല്ലാം അതിലുണ്ട്. ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍, അതിനെല്ലാമുപരി ഒട്ടേറെ സിനിമ ക്ലാസിക്കുകള്‍ കാണാന്‍ സാധിച്ചതാണ് പ്രധാനമായി ഇപ്പോൾ തോന്നുന്നത്.’’
ഇഷ്ടപ്പെട്ട ഫിലിം മേക്കേഴ്സ് ആരൊക്കെ?
‘‘പഴയകാല മാസ്റ്റേഴ്സിനെയൊക്കെ എനിക്കിഷ്ടമാണ്. അവർക്കെല്ലാം വേറിട്ട ഓരോ രീതികളുണ്ടല്ലോ. അതുകൊണ്ടുതന്നെ അവരെയൊക്കെ വ്യത്യസ്തതലത്തിൽ ഇഷ്ടമാണ്. ഇവിടെ തീർച്ചയായും സത്യജിത് റായ് ആണ് ഗ്രേറ്റ്. ഒരു സംശയവുമില്ല. എല്ലാ കാര്യങ്ങളിലും വൈദഗ്ധ്യമുള്ള ആളാണ്. എഴുത്തുകാരൻകൂടിയായിരുന്നു. ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. വളരെ സിമ്പിളായ ഒരാൾ... ഈ പരിവേഷമൊന്നും ആളെ ബാധിച്ചിട്ടില്ല. ഋത്വിക് ഘട്ടക്കിന്റെ സിനിമയും കണ്ടിട്ടുണ്ട്. മൃണാൾസെന്നിനെയും അറിയാം. നല്ല അടുപ്പമായിരുന്നു. നല്ല ഫിലിം മേക്കറായിരുന്നു അദ്ദേഹം.
അച്ഛന്റെ മാർഗദീപം -അനന്തപത്മനാഭൻ
തിരക്കഥയിലും കഥപറച്ചിലിലും വളരെ വ്യത്യസ്തർ ആയിരുന്നെങ്കിലും ഒന്നുറപ്പാണ്, ഈ രംഗത്തെ അച്ഛന്റെ മാർഗദീപം എം. ടിതന്നെ. ആ തിരക്കഥകൾതന്നെ. അതിെൻറ തെളിവാണ് അച്ഛൻ ആകെ എഴുതിയ ചലച്ചിത്ര നിരൂപണം (‘ഓളവും തീരവും’, മലയാളനാട്). ആർതർ മില്ലർ, ടെന്നസി വില്യംസ് എന്നിവരുടെ നാടകങ്ങൾക്കും ചില വിശ്വപ്രസിദ്ധ തിരക്കഥകൾക്കും ഒപ്പം അച്ഛൻ മലയാളത്തിൽ പിന്തുടർന്നിരുന്നത് ഒരൊറ്റ മാതൃകമാത്രം- എം.ടി!
പതിനേഴാം വയസ്സിൽ എനിക്ക് എം.ടിയിൽനിന്നും ഒരു പുസ്തകം സമ്മാനം ആയി കിട്ടിയപ്പോൾ, രാത്രി ഊണിനിടക്ക് അച്ഛനോട് തിരക്കി, ‘‘എെൻറ പ്രായത്തിൽ ആരിൽനിന്നാവും ഇങ്ങനെ ഒന്ന് ആഗ്രഹിച്ചിട്ടുണ്ടാവുക?’’ ഒരു നിമിഷംപോലും ഓർക്കാതെ ഉരുള ഉരുട്ടുന്നതിനിടക്ക് അച്ഛൻ പറഞ്ഞു: ‘‘പുള്ളീടെ കൈയിൽനിന്നുതന്നെ!’’ പിന്നെ മുഖം ഉയർത്തി അമ്മയെയും എന്നെയും നോക്കിചിരിച്ചു, ആവർത്തിച്ചു: ‘‘അതെ മൂപ്പരുടെ കൈയിൽനിന്നുതന്നെ!’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.