മറഞ്ഞു; പാട്ടിന്റെ കരിനീല കണ്ണഴക്
text_fieldsപയ്യന്നൂർ: ചലച്ചിത്രഗാനശാഖയെ പുഴയായ് തഴുകി തലോടിയ പാട്ടിന്റെ കരിനീല കണ്ണഴക് ഇനിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാമെന്ന് പറഞ്ഞ് സംഗീതലോകത്തെ കൈതപ്രം ദ്വയത്തിലെ വിശ്വനാഥൻ വിടവാങ്ങി. പുഴയും കരയും തമ്മിലുള്ള പ്രണയവും കുട്ടിക്കാലത്തിെൻറ ഓർമകളും പങ്കുവെച്ച കൈതപ്രം വിശ്വനാഥൻ ഇനി പാട്ടിലൂടെ നിലനിൽക്കും.
വൈകിയാണ് ചലച്ചിത്രഗാനരംഗത്തെത്തിയത്. നേരത്തേ വിടവാങ്ങുകയും ചെയ്തു. 23 ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ വിശ്വനാഥൻ ഗാനശാഖക്കു നൽകിയത് നൂറിൽ താഴെ ഗാനങ്ങൾ മാത്രം. എന്നാൽ, ചലച്ചിത്രഗാനാസ്വാദകർ നിലനിൽക്കുന്നിടത്തോളം ആ ഗാനങ്ങൾ ജീവിക്കുമെന്നുറപ്പാണ്. 'നീയൊരു പുഴയായ് തഴുകുമ്പോൾ പ്രണയം വിടരും കരയാകും'എന്ന മെലഡി ചെയ്യുമ്പോൾതന്നെ യുവാക്കളിൽ ആവേശത്തിരയിളക്കുന്ന 'സാറേ സാറേ സാമ്പാറും'നൽകാൻ അദ്ദേഹത്തിനായി.
വണ്ണാത്തിപ്പുഴ അതിരിട്ടൊഴുകുന്ന കൈതപ്രം ഗ്രാമത്തിെൻറ നടവഴികളിലൂടെയുള്ള സഞ്ചാരമാണ് വിശ്വനാഥെൻറ ഗാനങ്ങൾക്ക് നാട്ടുവഴികളുടെ നന്മ പകർന്നത്. മലയാളിത്തമില്ലാത്ത ഒരു പാട്ടും അദ്ദേഹം ചെയ്തിട്ടില്ല. പിതാവ് കണ്ണാടി ഭാഗവതരുടെ പൈതൃകവും മലയാളികൾക്ക് സുപരിചിത ഗാനങ്ങൾ എഴുതി നൽകിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സാമീപ്യവും വിശ്വെൻറ ഹൃദയത്തിൽ സർഗസംഗീതത്തിെൻറ വിത്തിട്ടു.
കൈതപ്രം രചിച്ച പല ഗാനങ്ങൾക്കും സംഗീത സംവിധാനം നൽകിയത് വിശ്വനാഥനായിരുന്നു. ഒപ്പം ആലങ്കോട് ലീലാകൃഷ്ണൻ എഴുതി മലയാളി എന്നും ഗൃഹാതുരത്വത്തോടെ ഓർക്കുന്ന 'കൈയെത്തുംദൂരെ ഒരു കുട്ടിക്കാലം'എന്ന ഗാനവും മനോഹരമായി ചിട്ടപ്പെടുത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ദേശാടനം സിനിമ മുതൽ നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷനും സഹസംഗീതസംവിധാനവുമായി സിനിമാപിന്നണിയിലെത്തിയ വിശ്വനാഥൻ 'കണ്ണകി'മുതൽ സ്വതന്ത്ര സംഗീതസംവിധാന രംഗത്ത് സജീവമായി. കന്നി ചിത്രത്തിലെ ഗാനംതന്നെ സംസ്ഥാന പുരസ്കാരവും നേടി.
ഏറെ ഹിറ്റ് പാട്ടുകളൊരുക്കിയ വിശ്വനാഥനിൽനിന്ന് കൈരളി ഇനിയുമേറെ പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അർബുദ രോഗബാധിതനാവുന്നതും വിടവാങ്ങുന്നതും.
പിലാത്തറയിലും പയ്യന്നൂരിലും കോഴിക്കോടുമായി തുടങ്ങിയ കണ്ണാടി ഭാഗവതർ സ്മാരക സംഗീതവിദ്യാലയം 'ശ്രുതിലയ'യിലൂടെ വിശ്വൻ മാഷ് ശിക്ഷണം നൽകിയ ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. സിനിമാപിന്നണിയിൽ സക്രിയമായതോടെ താമസം കോഴിക്കോട് തിരുവണ്ണൂരിലേക്കു മാറ്റുകയും അവിടെയും ശ്രുതിലയ സംഗീത വിദ്യാലയം തുടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.