വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ സ്നേഹസാഗരം
text_fieldsകേളകം: വെള്ളാറയിൽ മുഹമ്മദ് കുഞ്ഞി റാവുത്തരുടെ വേർപാടോടെ നഷ്ടപ്പെട്ടത് കുടിയേറ്റ ജനതയുടെ സ്നേഹസാഗരമാണെന്ന് പഴമക്കാരും പുതുതലമുറയിൽപെട്ടവരും അനുസ്മരിക്കുന്നു. മലബാർ കുടിയേറ്റത്തിെൻറ പ്രാരംഭത്തിൽ സഹോദരങ്ങൾക്കൊപ്പം കോട്ടയം ജില്ലയിൽനിന്ന് അടക്കാത്തോട്ടിൽ കുടിയേറിയ മുഹമ്മദ് കുഞ്ഞി റാവുത്തരെ അറിയാത്തവർ മലയോരത്തില്ല.
മലയോര മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷകരിലെ മുൻനിരക്കാരനായ അദ്ദേഹം നൂറ്റിപതിനൊന്നാം വയസ്സിലാണ് വിടവാങ്ങിയത്. കൊട്ടിയൂരിൽ കർഷകരെ കുടിയിറക്കാനുള്ള സർക്കാർ നടപടിക്കെതിരെ ജനകീയ പോരാട്ടം നയിച്ച ഫാ. വടക്കെൻറ സഹപ്രവർത്തകൻ വെള്ളാറയിൽ അബ്ദുൽ റഹ്മാൻ റാവുത്തരുടെ സഹോദരനാണ് ഇദ്ദേഹം. നാടിെൻറ വികസനത്തിൽ മുന്നണിപ്പോരാളിയായിരുന്ന മുഹമ്മദ് കുഞ്ഞി റാവുത്തരുടെ നേതൃത്വത്തിലായിരുന്നു അടക്കാത്തോട്ടിലെ മുഹ്യിദ്ദീൻ ജുമാമസ്ജിദ്, മദ്റസ എന്നിവ സ്ഥാപിച്ചത്.
ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ഒടുവിലായി മുന്നിട്ടിറങ്ങിയത് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിൽ. കുടിയേറ്റ ജനതയുടെ മതേതര മുഖമായിരുന്നു റാവുത്തർ. പ്രായത്തിെൻറ വിഷമതകൾക്കിടയിലും കടുത്ത ജനാധിപത്യവിശ്വാസിയായ അദ്ദേഹം വോട്ട് ചെയ്യാൻ കഴിഞ്ഞ കൊല്ലം അടക്കാത്തോട് ഗവ. യു.പി. സ്കൂളിലെ ബൂത്തിൽ എത്തിയത് വാർത്തയായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നെങ്കിലും പ്രായമായതോടെ പിൻവാങ്ങുകയായിരുന്നു. റാവുത്തരെ ഒരു നോക്ക് കണ്ട് യാത്രയാക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.