കളികാണാൻ ഇനി എസ് ഇക്കയില്ല; വിരസം ഇനി കണ്ണൂരിന്റെ കളിക്കളങ്ങൾ
text_fieldsപയ്യന്നൂർ: വോളിബാൾ കോർട്ടുകളിലെ ഇടവേളകളിൽ താരങ്ങൾക്ക് കത്തിരിക്കയും പഴങ്ങളും നെല്ലിക്കയുമൊക്കെയായി വരാൻ ഇനി എസ് ഇക്കയില്ല. കളിയാവേശമില്ലാത്ത ലോകത്തേക്ക് എസ് ഇക്ക എന്ന കളിക്കാരുടെ, കാണികളുടെ പ്രിയങ്കരനായ കളി കമ്പക്കാരൻ സി.എച്ച്. എറമുള്ളാൻ കടന്നുപോയി.
വോളിബാളിന്റെ എക്കാലത്തെയും ആവേശം തുളുമ്പുന്ന ഹരമാണ് എസ് ഇക്ക. കളിക്കാരനായല്ല; നല്ല കാഴ്ചക്കാരനായി കളിക്കാരേക്കാൾ ആവേശത്തോടെ ഗാലറികളെ ഇളക്കിമറിച്ചിരുന്ന കളിപ്രേമിയായിരുന്നു അദ്ദേഹം.
പയ്യന്നൂരിൽ നടന്ന ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ ഇക്കയുടെ സ്നേഹ സൗഹൃദവും കളിക്കമ്പവും തൊട്ടറിഞ്ഞവരാണ് പയ്യന്നൂരുകാർ. ആ സ്നേഹമനുഭവിച്ചവർ പ്രാദേശിക കളിക്കളത്തിലെ താരസാന്നിധ്യം മാത്രമല്ല, ഇന്ത്യയുടെ ജഴ്സിയണിഞ്ഞ മിക്ക അന്താരാഷ്ട്ര താരങ്ങളുമുണ്ട് .
പയ്യന്നൂരിന്റെ രണ്ടോ മൂന്നോ തലമുറയിലെ കളിക്കാരുടെയും കാണികളുടെയും ജീവിതത്തിന്റെയും കളിയുടെയും ഭാഗമായിരുന്നു ഈ പച്ച മനുഷ്യൻ. വോളിബാൾ, ഇക്കക്ക് വെറുമൊരു കളിയല്ല. പന്തുകളിയുടെ കളിയാട്ടമായിരുന്നു.
പഴയ സൈക്കിളും ചവിട്ടി പെരുമ്പച്ചന്തയിൽ നിന്നുള്ള എസ്. ഇക്കയുടെ യാത്രകളെല്ലാം ചെന്നെത്തിയിരുന്നത് ഏതെങ്കിലും ഒരു കളി മൈതാനത്തായിരിക്കും.
വിദൂര ഗ്രാമങ്ങളിലേക്കുവരെ കളിക്കാരേക്കാൾ ആവേശത്തോടെ അയാൾ സഞ്ചരിച്ചു. ‘എസ് യെസ്’ പറയാതെ ഗാലറികൾ എവിടെയും ഉണർന്നിരുന്നില്ല. സൈക്കിളിന്റെ പിറകിൽ വലിയ ചാക്കുനിറയെ പഴങ്ങളും കത്തിരിക്കയുമുണ്ടാവും.
നല്ല കളി കണ്ടാൽ മാത്രമല്ല, താരങ്ങളെ ഊട്ടിയാലേ അദ്ദേഹത്തിന് തൃപ്തിയാവൂ.
അനേകായിരം കാണികളുള്ള സ്റ്റേഡിയം ഒരു കാണിയിലേക്ക് ചുരുങ്ങുന്ന അപൂർവത. വോളിബാൾ ആരാധകരുടെ ആവേശഭരിതമായ ഒരു കാലത്തിനുകൂടിയാണ് തിങ്കളാഴ്ച അവസാന വിസിൽ മുഴങ്ങിയത്. അതെ ഇനി എസ് ഇല്ല.
കളിമൈതാനങ്ങൾക്ക് വിരസത നൽകി ഏറ്റവും നല്ല കളി കമ്പക്കാരൻ നടന്നുനീങ്ങി. വോളിബാളിനുപുറമെ വടംവലി മത്സരവും പഥ്യമാണ് ഈ കായികപ്രേമിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.