സൗമ്യം, നിശ്ശബ്ദം; മടങ്ങുന്നത് കോട്ടയത്തിെൻറ 'കുഞ്ഞച്ചായൻ'
text_fieldsകോട്ടയം: ആളും ആരവങ്ങളും നിറയുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ നിശ്ശബ്ദസാന്നിധ്യമായിരുന്നു സ്കറിയ തോമസ്.
എൽ.ഡി.എഫ് ഘടകകക്ഷിയാകാൻ പാർട്ടികൾ കാത്തിരിക്കുേമ്പാഴും മുന്നണിക്കുള്ളിലായിരുന്ന സ്കറിയ തോമസ്, ഇതിെൻറ വമ്പ് ഒരിക്കലും പുറത്തെടുത്തിട്ടില്ല.
പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടായിരുന്നെങ്കിലും ആളെക്കൂട്ടാൻ ആ പേര് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഏറെ അടുപ്പമുള്ളവർ കുഞ്ഞച്ചായനെന്ന് വിളിക്കുേമ്പാൾ ഇടതു നേതാക്കൾക്ക് കുഞ്ഞച്ചനായിരുന്നു. പിണറായി വിജയനും കുഞ്ഞച്ചനെന്നായിരുന്നു വിളിച്ചിരുന്നത്.
സ്കറിയ തോമസിെൻറ പൊതുരംഗത്തേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. പിതാവ് കെ.ടി. സ്കറിയയുമായി കേരള കോൺഗ്രസ് സ്ഥാപകൻ കെ. എം. ജോർജിനുണ്ടായിരുന്ന അടുപ്പമാണ് രാഷ്ട്രീയത്തിലെത്തിച്ചത്.
'കുഞ്ഞച്ച'നെ പാർട്ടിയിലേക്ക് വിടണമെന്ന് കെ.എം. ജോർജ് നിർബന്ധിച്ച് ആവശ്യപ്പെട്ടതിെനാടുവിൽ കുഞ്ഞുസ്കറിയ കേരള കോൺഗ്രസിെൻറ ഭാഗമായി. കോട്ടയത്തെ ഓട്ടോ തൊഴിലാളി യൂനിയെൻറ നേതൃത്വമാണ് ആദ്യം ഏറ്റെടുത്തത്. പിന്നീട് കെ.എം. മാണിയുടെ ഇഷ്ടക്കാരനായി. ഇതോടെ സ്കറിയ തോമസ് കേരള കോൺഗ്രസിലെ കരുത്തുറ്റ നേതാവായി. മാണിയുടെ തീരുമാനങ്ങളിലെല്ലാം സ്കറിയ വാക്കുകൾ പ്രതിഫലിക്കുന്ന കാലമായിരുന്നു അത്.
ഇക്കാലയളവിൽ നിയമസഭയിലേക്ക് പല സീറ്റുകളിലേക്കും സ്കറിയ തോമസിനെ പരിഗണിച്ചു. എന്നാൽ, മാണിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു. 1977ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്കറിയ തോമസിനെ പാർട്ടി നിയോഗിച്ചു. കോട്ടയത്തെ സിറ്റിങ് എം.പി വർക്കി ജോർജിനെതിരെ മത്സരിക്കാനായിരുന്നു നിയോഗം.
76,000ൽപരം വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ സ്കറിയക്ക് 30 ആയിരുന്നു പ്രായം. '80ൽ കോൺഗ്രസ് സ്ഥാനാർഥി കെ.എം. ചാണ്ടിയെ അയ്യായിരത്തിൽപരം വോട്ടിന് പരാജയപ്പെടുത്തി രണ്ടാം വട്ടവും എം.പിയായി. എന്നാൽ, '84ൽ കന്നിക്കാരനായി ഇറങ്ങിയ അഡ്വ. കെ. സുരേഷ്കുറുപ്പിനോട് അടിപതറി.
മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ 2001ൽ സ്കറിയയും പി.സി. തോമസും പാർട്ടിയിൽനിന്ന് പുറത്തുപോയി. 2005ൽ പി.ജെ. ജോസഫ് വിഭാഗം ഇടതുപക്ഷത്ത് വന്നപ്പോൾ ഇരുവരും ഒപ്പമുണ്ടായിരുന്നു. 2010ൽ പി.ജെ. ജോസഫ് വീണ്ടും മാണിയുമായി ലയിച്ചപ്പോൾ ലയനവിരുദ്ധ കേരള കോൺഗ്രസ് രൂപവത്കരിച്ച് പി.സി. തോമസിനൊപ്പം സ്കറിയ തോമസും നിലയുറപ്പിച്ചു.
ഇതിനിടെ പി.സി. തോമസ് എൻ.ഡി.എയുടെ ഭാഗമായപ്പോൾ ആ ബന്ധം ഉപേക്ഷിച്ച സ്കറിയ തോമസ് പുതിയ കേരള കോൺഗ്രസ് രൂപവത്കരിച്ച് ചെയർമാനായി ഇടതു മുന്നണിക്കൊപ്പം നിന്നു. ഇടതുമുന്നണിയിൽ ഒന്നിലും അദ്ദേഹം വാശിപിടിച്ചിരുന്നുമില്ല.
കേരള കോൺഗ്രസുകളും സി.പി.എമ്മും തമ്മിലുള്ള ചർച്ചകളിലെ പാലമായും അദ്ദേഹം പലപ്പോഴും പ്രവർത്തിച്ചു. 2016ൽ കടുത്തുരുത്തി മണ്ഡലത്തിലായിരുന്നു സ്കറിയയുടെ അവസാന മത്സരം.
ക്നാനായ യാക്കോബായ സഭയുടെ നേതൃനിരയിലും അദ്ദേഹം സജീവമായിരുന്നു. പാത്രിയാർക്കീസ് ബാവ കമാൻഡർ പദവി നൽകിയ അദ്ദേഹം നിലവിൽ സഭയുടെ അസോസിയേഷൻ ട്രസ്റ്റിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.