പെരിയാറിെൻറ കയങ്ങളില്‍ മുങ്ങാന്‍ ഇനി സ്റ്റീഫനില്ല
text_fieldsപെരുമ്പാവൂര്‍: പെരിയാറിന്റെ കയങ്ങളില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്താനും ജീവന്‍ പൊലിഞ്ഞവരെ കരക്കെടുക്കാനും പരിചയ സമ്പന്നനായ സ്റ്റീഫൻ ഇനിയില്ല. അഗ്നിരക്ഷാസേനക്കും പൊലീസിനും സ്റ്റീഫന്റെ സഹാസികത വിലപ്പെട്ടതായിരുന്നു. ചെറുപ്പം മുതല്‍ നീന്തിക്കളിച്ചും കയങ്ങളില്‍ മുങ്ങി മണല്‍വാരിയും വളര്‍ന്ന സ്റ്റീഫനോളം പെരിയാറിന്റെ ഒഴുക്കും താളവും അറിയുന്നവര്‍ മേഖലയില്‍ ഇല്ല. പെരിയാറില്‍ അപകടമുണ്ടായാല്‍ അഗ്നിരക്ഷാ സേന ആദ്യം വിളിക്കുക സ്റ്റീഫനെ ആയിരുന്നു. സ്‌കൂബ ടീമിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും ഊഴം കഴിയുമ്പോള്‍ സ്റ്റീഫന്‍ ഇറങ്ങും തോളില്‍ ജീവനറ്റ ശരീരമുണ്ടാകും. ഒക്കല്‍ പഞ്ചായത്ത് ഓണമ്പിള്ളിയിലെ പാറക്കടവില്‍ മുങ്ങിമരിച്ച അന്തര്‍ സംസ്ഥാന തൊഴിലാളിയെ കരക്കെടുത്തതാണ് അവസാനത്തെ രക്ഷാപ്രവര്‍ത്തനം.
മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ പെരിയാറില്‍ ഉപേക്ഷിക്കുന്നത് കണ്ടെത്താന്‍ പൊലീസ് സ്റ്റീഫന്റെ സഹായം തേടിയിരുന്നു. 2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ സ്റ്റീഫന് വിശ്രമമില്ലായിരുന്നു. അഗ്നിരക്ഷാസേനക്കും പൊലീസിനും ഒപ്പം രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റീഫനുണ്ടായിരുന്നു. പ്രളയശേഷം അഗ്നിരക്ഷാ സേനയും പൊലീസും സ്റ്റീഫനെ ആദരിച്ചു. ലഭിച്ച ഒട്ടനവധി പുരസ്‌കാരങ്ങള്‍ സ്റ്റീഫന്റെ ഓര്‍മകളായി ഇനി അവശേഷിക്കും. പെരിയാറിന്റെ തീരത്തെ ചേലാമറ്റം ശിവക്ഷേത്രത്തിന് മുന്നില്‍ ഹോട്ടല്‍ നടത്തിയായിരുന്നു ജീവിതം. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.