‘എന്നെ പുറംലോകം കണ്ടതും കേട്ടതും ഈ മനുഷ്യനിലൂടെ, അബൂക്കക്ക് ആദരാഞ്ജലികൾ’;വൈകാരിക കുറിപ്പുമായി സുരാജ്
text_fieldsസോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി നടൻ സുരാജ് വെഞ്ഞാറമൂട്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലൂടെയാണ് സുരാജ് കലാ മേഖലയിലേക്ക് എത്തുന്നത്. തന്റെ ആദ്യകാല ഷോകളുടെ സമയത്ത് വെഞ്ഞാറമൂടുള്ള പരിപാടികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് വർക്കുകൾ ചെയ്തിരുന്ന അബൂ എന്ന വ്യക്തിയുടെ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്.
‘എന്റെ തുടക്ക കാലത്ത് എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്, കേട്ടത്.. പ്രിയപ്പെട്ട അബുക്കയുടെ ലൈറ്റ് ആൻഡ് സൗണ്ടിലൂടെയാണ്. വെഞ്ഞാറമൂടിന്റെ വെളിച്ചവും ശബ്ദവുമായ അബുക്കക്ക് ആദരാഞ്ജലികൾ’-എന്നാണ് സുരാജ് കുറിച്ചത്. കുറിപ്പിനൊപ്പം പഴയ ചിത്രവും നടൻ പങ്കുവച്ചു. കലാകാരന്മാർ വളർന്നു വരുന്നത് ഇത്തരം ആളുകളിലൂടെയാണെന്നും, അവരെ സുരാജ് ഓർത്തത് നിങ്ങളുടെ നല്ല മനസ്സു കൊണ്ടാണെന്നുമണ് ആരാധകർ പറയുന്നത്.
‘മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്’, ‘എന്നാലും ന്റെളിയാ’ എന്നിവയാണ് സുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് സുരാജിന്റെ പുതിയ ചിത്രം. സുരാജിനെക്കൂടാതെ ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി 10നാണ് റിലീസിനെത്തുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിരഞ്ജന അനൂപും,തൻവി റാമുമാണു നായികമാർ.
ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ആദിത്യൻ ചന്ദ്ര ശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു .ഛായാഗ്രഹണം - ജിതിൻ സ്റ്റാൻസിലോസ്.എഡിറ്റിംഗ് ലിജോ പോൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.