ടി. കുമാർ; മറഞ്ഞത് രാജ്യം തഴഞ്ഞ 'ഇതിഹാസം'
text_fieldsതിരുവനന്തപുരം: ജയ്പൂർ രാജാക്കന്മാരുടെ മാത്രം വിനോദമായിരുന്ന സൈക്കിൾ പോളോയെ ഇന്ത്യൻ കായിക ഭൂപടത്തിലും മലയാള മണ്ണിലും വേരുറപ്പിച്ചുനിർത്തിയ അതുല്യ കായിക പ്രതിഭയായിരുന്നു ടി. കുമാർ. അർഹിച്ച അംഗീകാരം രാജ്യം നൽകിയില്ലെങ്കിലും വിദേശമണ്ണിൽ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടാണ് ഈ മഹാപ്രതിഭ വിടവാങ്ങിയത്. പൂജപ്പുര മൈതാനത്ത് അയൽവാസി സൈക്കിളിൽ പന്തുതട്ടുന്നതുകണ്ട് തുടങ്ങിയ കൗതുകമാണ് കുമാറിനെ 28ാം വയസ്സിൽ ഇന്ത്യൻ കുപ്പായത്തിലെത്തിച്ചത്. തുടർന്ന് അങ്ങോട്ട് ലോകം മുഴുവൻ സൈക്കിളിൽ പന്തുതട്ടി കുമാർ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
തുടർച്ചയായി 12 തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ഈ തിരുവനന്തപുരത്തുകാരൻ ഏഴു തവണയാണ് രാജ്യത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ പ്രമുഖ വിദേശ ക്ലബായ ചെൽസിക്കുവേണ്ടിയും കുമാർ സൈക്കിൾ ചവിട്ടി. വില്യം രാജകുമാരൻ നയിച്ച ഓക്സ്ഫോർഡ് ക്ലബിനെതിരായ പ്രദർശനമത്സരത്തിനായിരുന്നു ചെൽസിക്കുവേണ്ടിയുള്ള കുമാറിന്റെ അരങ്ങേറ്റം. മത്സരത്തിൽ വില്യം രാജകുമാരനും കുമാറും ഓരോ ഗോൾ വീതം നേടിയതോടെ മത്സരം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
കുമാറിന്റെ നായകത്വത്തിലാണ് സൈക്കിൾ പോളോയിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നത്. മഡ്ഗാഡ് ഇളക്കിമാറ്റി ഭാരം കുറഞ്ഞ ഇന്ത്യൻ സൈക്കിളുമായി കുമാറും സംഘവും ലോകചാമ്പ്യൻമാരായപ്പോൾ കൈയടിച്ചത് രാജ്യം മാത്രമായിരുന്നില്ല. ലോകം മുഴുവനുമായിരുന്നു.
കഴിഞ്ഞ പി.എസ്.സി പരീക്ഷകളിൽപോലും പ്രഥമ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നയിച്ച ആദ്യ മലയാളി ആരെന്ന ചോദ്യമുണ്ടായിരുന്നു. 2000ൽ ലോകത്തിലെ മികച്ച ഷൂട്ടർക്കുള്ള പുരസ്കാരവും 2001 ലണ്ടനിൽ നടന്ന ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തി.
1997ലാണ് സംസ്ഥാന സർക്കാർ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ പുരസ്കാരം ലഭിക്കുന്നത്. രണ്ടുതവണ അർജുന അവാർഡിനായി ശിപാർശ ചെയ്തിട്ടും അധികാരത്തിന്റെ ഇടനാഴികൾ കുമാറിന് അംഗീകാരം നിരസിച്ചതോടെയാണ് 2002ൽ കളിക്കാരന്റെ കുപ്പായം കുമാർ അഴിച്ചുവെക്കുന്നത്. തുടർന്ന് പരിശീലക കുപ്പായത്തിലേക്ക് മാറി. രോഗം ശരീരത്തെ ഇഞ്ചിഞ്ചായി കീഴടക്കിയപ്പോഴും അദ്ദേഹം കളത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.