കാറിനോട് പ്രിയം; പരീക്ഷണങ്ങളോടും
text_fieldsമുംബൈ: എന്നും കാറുകളുടെ പ്രണയിതാവായിരുന്നു രത്തൻ ടാറ്റ. ഒപ്പം കാറെന്ന ആഢംബരം സാധാരണക്കാരനും ലഭ്യമാകണമെന്ന് അദ്ദേഹം കൊതിച്ചു. ആ സ്വപ്നമാണ് 2008ൽ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ കുഞ്ഞൻ ‘നാനോ’ കാർ. അത് രത്തൻ ടാറ്റയുടെ ആശയവും ആഗ്രഹവുമായിരുന്നു. അതിനും പത്തുവർഷം മുമ്പ് ഇന്ത്യൻ നിരത്തിലിറങ്ങിയ ടാറ്റയുടെ ‘ഇൻഡിക്ക’ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ആദ്യ പാസഞ്ചർ വാഹനമെന്ന പേരുനേടി. ഇൻഡിക്ക അതിവേഗം പോപ്പുലറായി. വാഹനവിപണിയുടെ വലിയൊരു ഷെയർ ‘ഇൻഡിക്ക’ പിടിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്ന് പല കാറുകൾക്കും വില കുറക്കേണ്ടി വന്നു.
രത്തൻ ടാറ്റയുടെ കീഴിലാണ് ടാറ്റാ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, കെമിക്കൽ, കമ്യൂണിക്കേഷൻ, ടെലികോം, ഊർജ രംഗങ്ങളിലേക്കും കടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിനും (ടി.സി.എസ്) അദ്ദേഹം വഴിവിളക്കായി.
ജെ.ആർ.ഡി ടാറ്റ 1932ൽ സ്ഥാപിച്ച ‘ടാറ്റ എയർലൈൻസി’നെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങളുടെ പിന്നിലും രത്തൻ ടാറ്റയായിരുന്നു. സ്വാതന്ത്ര്യാനന്തരം ടാറ്റ എയർലൈൻസിനെ കേന്ദ്രം ദേശസാൽകരിച്ച് ‘എയർ ഇന്ത്യ’യാക്കിയെങ്കിലും പിന്നീട് കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി. തുടർന്ന് കേന്ദ്രം വിൽപനക്ക് വച്ച ‘എയർ ഇന്ത്യ’യെ 2022ൽ ടാറ്റ ഗ്രൂപ്പ് 18,000 കോടി കൊടുത്ത് ഏറ്റെടുത്തു.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലേക്ക് ആഗോളവൽക്കരണത്തിന്റെ വാതിൽ തുറന്നപ്പോഴുണ്ടായ സാധ്യതകളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. ഉറങ്ങിയ പോലെ കിടന്ന ഗ്രൂപ്പിനെ അടിമുടി പരിഷ്കരിച്ചു. വിദേശ കമ്പനികളെയടക്കം ഏറ്റെടുത്തു. രത്തൻ ടാറ്റയുടെ കാലത്ത് ടാറ്റ ഒമ്പത് വർഷത്തിനിടെ 36 ഓളം കമ്പനികളെയാണ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.