ടി.ഡി. സെബാസ്റ്റ്യന്‍റെ വിയോഗം മലയോര മേഖലക്ക് വലിയ നഷ്ടം
text_fieldsതാമരശ്ശേരി: മാധ്യമം ലേഖകനായിരുന്ന ടി.ഡി. സെബാസ്റ്റ്യന്‍റെ വിയോഗം മലയോര മേഖലക്ക് ഉൾപ്പെടെ വലിയ നഷ്ടമാണുണ്ടാക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്. കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി എന്നിവിടങ്ങളിൽ പതിനഞ്ച് വർഷക്കാലത്തോളം മാധ്യമം ദിനപത്രത്തിന്‍റെ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. മലയോര മേഖലയിലെ പ്രശ്നങ്ങൾ വാർത്തയാക്കി പരിഹാരം കാണുന്നതിന് മുഖ്യ പങ്കുവഹിക്കുകയും നിരവധി വികസനോൻമുഖ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയനുമായിരുന്നു.
മലയോര കുടിയേറ്റ മേഖലകൾ സുപരിചിതമായിരുന്നു അദ്ദേഹത്തിന്. വികസന പ്രശ്നങ്ങളെല്ലാം നേരിട്ടെത്തി പഠിക്കുകയും, വാർത്തയാക്കി അത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളെല്ലാം ഇദ്ദേഹം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മാധ്യമം ലേഖകൻ ആകുന്നതിന് മുൻപ് മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനായിരുന്നു. അതിന് മുൻപ് സമാന്തര വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകനായിരുന്നു സെബാസ്റ്റ്യൻ.
താമരശ്ശേരി പ്രസ് ക്ലബ്ബിന്‍റെ പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. കോടഞ്ചേരി പോലുള്ള മലയോര കുടിയേറ്റ മേഖലയിൽ മാധ്യമത്തിന് കൂടുതൽ സ്വീകാര്യത ലഭ്യമാക്കാൻ ടി.ഡി. സെബാസ്റ്റ്യന്‍റെ പ്രവർത്തനങ്ങൾ സഹായകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.