തലേക്കുന്നിൽ ബഷീർ; ആദർശത്തിലും തലയെടുപ്പുള്ള നേതാവ്
text_fieldsതിരുവനന്തപുരം: ഉയരത്തിന്‍റെ കാര്യത്തിൽ മാത്രമല്ല ആദർശത്തിന്‍റെ കാര്യത്തിലും സംസ്ഥാന കോൺഗ്രസിലെ തലയെടുപ്പുള്ള നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ. കൃത്രിമഭാവങ്ങളും നാട്യങ്ങളുമില്ലാതെ നേർവഴിനടന്ന രാഷ്ട്രീയ നഭസ്സിലെ വെള്ളിനക്ഷത്രം.
ആദർശവും രാഷ്ട്രീയവിശുദ്ധിയും അദ്ദേഹത്തിന് വീൺവാക്കുകളായിരുന്നില്ല. വ്രതനിഷ്ഠ പോലെ പൊതുജീവിതത്തിൽ ആദർശത്തെ എക്കാലവും മുറുകെ പിടിച്ച ചുരുക്കം വ്യക്തിത്വങ്ങളിൽ തലേക്കുന്നിലിന്‍റെ സ്ഥാനം മറ്റാെരക്കാളും ഒരു ചുവട് മുന്നിലായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി സാമൂഹിക, സാഹിത്യ, സാംസ്‌കാരിക, സഹകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
മാന്യമായ രാഷ്ട്രീയ പ്രവർത്തനം, സത്യസന്ധത, പരന്ന വായന നൽകിയ അറിവിന്‍റെ കരുത്ത്, എഴുതാനും പ്രസംഗിക്കാനുമുള്ള കഴിവ്, ഏത് സാഹചര്യത്തിലും സൗമ്യമുഖം, നാട്യങ്ങൾ ഇല്ലാത്ത പെരുമാറ്റശൈലി ഇതെല്ലാമാണ് തലേക്കുന്നിൽ ബഷീർ എന്ന രാഷ്ട്രീയ പ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയത്തിലാണ് ഏറെ തിളങ്ങിയതെങ്കിലും മലയാളത്തിന്‍റെ നിത്യഹരിതനായകൻ പ്രേംനസീറുമായുള്ള കുടുംബബന്ധവും പ്രശസ്തമായിരുന്നു. പ്രേംനസീറിന്‍റെ ഇളയസഹോദരി സുഹ്‌റയായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച തലേക്കുന്നിൽ എക്കാലവും എ.കെ. ആന്‍റണിയുടെ വിശ്വസ്തനും അദ്ദേഹം നയിച്ച ആദർശപാതയിലൂടെ മാത്രം സഞ്ചരിച്ച വ്യക്തിത്വവുമായിരുന്നു. രാജൻ കേസിലെ കോടതി പരാമര്‍ശത്തെതുടര്‍ന്ന് കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍ പകരക്കാരനാകാന്‍ എത്തിയ ആന്‍റണിക്ക് നിയമസഭാംഗമാകാൻ കഴക്കൂട്ടം മണ്ഡലം ഒഴിഞ്ഞുകൊടുത്തത് തലേക്കുന്നില്‍ ആണ്.
ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് അധികം നാളുകള്‍ ആയിരുന്നില്ലെങ്കിലും മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന് വൈമുഖ്യമില്ലായിരുന്നു. വിജയത്തിന്‍റെ കന്നിമധുരം മാറും മുമ്പേ നേതാവിനായി ത്യാഗംചെയ്ത് മാതൃകകാട്ടിയ അദ്ദേഹം പിന്നീട് ഒരിക്കലും നിയമസഭയിലേക്ക് വന്നിട്ടില്ല.
ഒഴിഞ്ഞ നിയമസഭാംഗത്വത്തിന് പകരം കിട്ടിയ പാർലമെന്‍റ് അംഗത്വവുമായി 31ാം വയസ്സിൽ രാജ്യസഭയുടെ പടി ചവിട്ടിയപ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് മുതല്‍ കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് വരെയുള്ള പദവികൾ വഹിച്ചു. ലോക്സഭാംഗമായിരുന്നപ്പോൾ അന്നത്തെ പ്രധാനമന്തി രാജീവ് ഗാന്ധിയുമായി വലിയ അടുപ്പം സ്ഥാപിച്ചു.
രാഷ്ട്രീയത്തിൽ പടിപടിയായി ഉയര്‍ന്നപ്പോഴും ലഭിച്ച പദവികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എതിരാളികളോട് പോലും സൗമ്യമായി മാത്രം ഇടപെട്ടു. ഏതെങ്കിലും തരത്തിൽ തന്നെ വിമർശിക്കാനുള്ള അവസരം ഉണ്ടാക്കിയതുമില്ല. പരന്ന വായനയും എഴുത്തും മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് അദ്ദേഹത്തെ വേറിട്ട് നിർത്തി.
ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെയും കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെയും വിയോഗത്തെ തുടര്‍ന്ന് പാർട്ടിയുടെ രണ്ടുദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് ദുഃഖമാചരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിർദേശിച്ചു. വെള്ളി, ശനി ദിനങ്ങളിലാണ് ദുഃഖാചരണം. തലേക്കുന്നില്‍ ബഷീറിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 11 മുതല്‍ 11.30 വരെ കെ.പി.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്, തിരുവനന്തപുരം ഡി.സി.സി ഓഫിസിലും പൊതുദര്‍ശനത്തിന് വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.