നാടിന് വേദനയായി നിസാർ കുർബാനിയുടെ വിയോഗം
text_fieldsഈരാറ്റുപേട്ട: നാല് പതിറ്റാണ്ടിലേറെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന നിസാർ കുർബാനിയുടെ അപ്രതീക്ഷിത വിയോഗം നാടിന് കണ്ണീരായി. ഈരാറ്റുപേട്ട നഗരസഭയുടെ ചരിത്രത്തിലെ ആദ്യ കോൺഗ്രസ് നഗരസഭ ചെയർമാനായിരുന്നു നിസാർ കുർബാനി. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നെങ്കിലും പെട്ടെന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ മരണപ്പെടുകയായിരുന്നു.
ഏറ്റെടുക്കുന്ന പ്രവൃത്തികൾ ആത്മാർഥതയോടെ പൂർത്തീകരിച്ചിരുന്നു. നാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആത്മാർഥമായി പങ്കുചേർന്ന വേറിട്ട പൊതുപ്രവർത്തകനായിരുന്നു. സൗമ്യമായ പെരുമാറ്റത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. നിരവധി പദ്ധതികൾക്ക് തുടക്കമിട്ട അദ്ദേഹത്തിന് വലിയ സുഹൃത്ത് വലയവും സ്വന്തമായിരുന്നു.
അമാൻ ജുമാമസ്ജിദിന്റെ ദീർഘകാലത്തെ പ്രസിഡന്റായിരുന്ന അദ്ദേഹം നടത്തിയ മാതൃക പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കരുണ അഭയകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് നിർമാണത്തിൽ സജീവമായി. കോവിഡ് കാലത്ത് നഗരസഭ ചെയർമാൻ പദവിയിലെത്തിയ അദ്ദേഹം മഹാമാരിയെ പ്രതിരോധിക്കാനും കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിനും മുൻനിരയിലുണ്ടായിരുന്നു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, കരുണ പാലിയേറ്റിവ് ഡെവലപ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ല സെക്രട്ടറി, അൽ മനാർ പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഖുർആൻ പഠന രംഗത്തെ നടയ്ക്കൽ ജാമിഅത്തുൽ ഫൗസിയ സ്ഥാപനങ്ങളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു.
ഫൗസിയ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ഞായറാഴ്ച വൈകീട്ട് വൻജനാവലിയുടെ സാന്നിധ്യത്തിൽ തെക്കേക്കര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുഹ്യിദ്ദീൻ പള്ളി മഹല്ലിന്റെ നേതൃത്വത്തിൽ മസ്ജിദ് അങ്കണത്തിൽ അനുശോചനയോഗം നടന്നു. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി. ജോസഫ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെ.പി.സി.സി. സെക്രട്ടറി ടോമി കല്ലാനി, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, യു.ഡി.എഫ് ജില്ല കൺവീനർ സജി മഞ്ഞക്കടമ്പിൽ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് പി.എച്ച്. നൗഷാദ്, റോയി കപ്പിലുമാക്കൽ, ജോമോൻ ഐക്കര, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി. സലീം, കെ.എ. മുഹമ്മദ് ഹാഷിം, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എ.എം. അബ്ദുസ്സമദ്, ജോർജുകുട്ടി ആഗസ്തി, ജോയി എബ്രാഹം, കുര്യാക്കോസ് ജോസഫ്, എം.കെ തോമസുകുട്ടി, ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ മാരായ വി.എം.സി. റാജ്, ടി.എം. റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി റഊഫ് മേത്തർ ,കരുണ ചെയർമാൻ എൻ.എ.എം ഹാറൂൻ, സുബൈർ മൗലവി, ഇസ്മായിൽ മൗലവി, ഉനൈസ് മൗലവി, ഹാഷിർ നദ്വി, യൂസുഫ് ഹിബ എന്നിവരടക്കം നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.