വിടവാങ്ങിയത് നോട്ടുനിരോധനത്തിനെതിരായ സമരത്തിെൻറ പ്രതീകം; മാക്സി ധരിക്കാൻ തുടങ്ങിയതിന് പിന്നിലും കാരണമുണ്ട്
text_fieldsകടയ്ക്കൽ (കൊല്ലം): സമരതീക്ഷ്ണമായിരുന്നു യഹിയയുടെ ജീവിതം. ശരീരം കൊണ്ട് ചെയ്ത വലിയ സമരങ്ങൾക്ക് വിരാമമിട്ട് ഞായറാഴ്ച പുലർച്ച അദ്ദേഹം വിടവാങ്ങി. പൊലീസ് ഇൻസ്പെക്ടറുടെ ധാർഷ്ട്യത്തിൽ പ്രതിഷേധിച്ച് മാക്സി ധരിച്ചുതുടങ്ങിയ ആ ചായക്കടക്കാരൻ പിന്നീട് നോട്ടുനിരോധനത്തിനെതിരായ സമരത്തിെൻറ പ്രതീകവുമായി മാറി. മാക്സി മാമ എന്ന പേരിലറിയപ്പെട്ടിരുന്ന യഹിയ മുക്കുന്നത്ത് പണ്ട് താൻ കാര്യസ്ഥനായിരുന്ന വീടിെൻറ സിറ്റൗട്ടിലായിരുന്നു അടുത്തിടെ വരെ താമസം.
ഇവിടെ കിടന്ന് തന്നെ മരിക്കണം എന്ന മറ്റൊരു നിലപാടാണ് വീട്ടുകാർ വീട് തുറന്ന് നൽകിയിട്ടും അകത്തേക്ക് കയറാതെ സിറ്റൗട്ടിൽ തന്നെ കഴിയാൻ പ്രേരിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് അടുത്തിടെ മകളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.
മാക്‌സിയായിരുന്നു യഹിയയുടെ വസ്ത്രം. മുണ്ടിെൻറ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിെൻറ പേരിൽ ദുരഭിമാനിയായ ഇൻസ്പെക്ടർ മുഖത്തടിച്ചതോടെയാണ് ഇനി ആരെയും മുണ്ടിെൻറ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിൽ മാക്‌സി ധരിക്കാൻ തുടങ്ങിയത്.
സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു. അടുപ്പക്കാർ ഗുണദോഷിച്ചു. എന്നിട്ടൊന്നും തീരുമാനത്തിൽ നിന്ന് മാറാൻ തയാറായിരുന്നില്ല. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയ എല്ലാവർക്കും പ്രിയങ്കരനായത്. വലിയ ഇളവുകളോടെയായിരുന്നു കച്ചവടം.
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ എതിർസ്വരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന് യഹിയയുേടതായിരുന്നു. താൻ പണമായി സൂക്ഷിച്ച 23,000 രൂപയുടെ നോട്ടുകൾക്ക് നേരമിരുട്ടി വെളുത്തപ്പോൾ മൂല്യമില്ലാതായിപ്പോയതിൽ പ്രതിഷേധിച്ച യഹിയ ജനശ്രദ്ധയിലേക്കുയർന്നു. നോട്ടുകൾ മാറ്റിവാങ്ങാൻ ബാങ്കിന് മുന്നിൽ രണ്ട് ദിവസം ക്യൂ നിന്നിട്ടും കഴിഞ്ഞില്ല.
ഒരു ദിവസം ക്യൂവിൽ നിൽക്കവെ ബോധംകെട്ട് വീണു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ വിലയില്ലാതായ ആ നോട്ടുകൾ കത്തിച്ച് യഹിയ ചാരമാക്കി. പകുതി മീശ എടുത്തു. നരേന്ദ്ര മോദി രാജിവെക്കുന്നതുവരെ മീശ വളർത്തില്ലെന്ന് പറഞ്ഞു. പിറ്റേ വർഷം മുടിയുടെ പകുതിയും എടുത്തു.
മാധ്യമപ്രവർത്തകനായ സനു കുമ്മിൾ യഹിയയുടെ ജീവിതസമരം 'ഒരു ചായക്കടക്കാരെൻറ മൻ കി ബാത്' എന്ന പേരിൽ ഡോക്യുമെൻററി ആക്കിയതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്. 2018ലെ ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ മികച്ച ഹ്രസ്വ ഡോക്യുമെൻററിക്കുള്ള അവാർഡ് ഇതിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.