പ്രേമൻമാരുടെ തർക്കത്തിൽ കെ.എസ്. പ്രേംകുമാർ കൊച്ചുപ്രേമനായി
text_fieldsതിരുവനന്തപുരം: നാടകവേദിയാണ് കെ.എസ്. പ്രേംകുമാറിനെ കൊച്ചുപ്രേമനാക്കിയത്. അതിന് നിമിത്തമായത് നാടക നടൻ കൂടിയായ ഉറ്റസുഹൃത്ത് പ്രേംകുമാറും.
പ്രേംകുമാർ എന്നാണ് പേരെങ്കിലും രണ്ടുപേരും അറിയപ്പെട്ടത് 'പ്രേമൻ' എന്നാണ്. ആദ്യമൊക്കെ രണ്ടു സമിതികളിലായിരുന്നെങ്കിലും ഒരുവര്‍ഷം സംഘചേതനയില്‍ ഇരുവരും ഒന്നിച്ചെത്തി. ഇന്നത്തെ പോലെ മൊബൈൽ ഫോണോ സാമൂഹികമാധ്യമങ്ങളോ ദൃശ്യമാധ്യമങ്ങളോ ഇല്ലാത്ത കാലം. നാടകങ്ങളെ കുറിച്ചറിയാൻ പത്രങ്ങളായിരുന്നു ശരണം. മലബാർ പര്യടനത്തിലാണ് രണ്ട് പ്രേമൻമാരുമടങ്ങുന്ന നാടകസംഘം. ഒരുപാട് സ്റ്റേജുകളില്‍ കളിച്ച നാടകത്തെക്കുറിച്ച് പത്രത്തിൽ നിരൂപണം വന്നു. 'നാടകം കണ്ടു. എല്ലാവരുടേയും അഭിനയം വളരെ നല്ലതായിരുന്നു. പ്രേമന്റെ അഭിനയം ഗംഭീരം.'
നിരൂപണത്തില്‍ പറയുന്ന പ്രേമന് ആരാണെന്നത് ചോദ്യചിഹ്നമായി. 'ഇത് എന്നെക്കുറിച്ചാണ്' രണ്ടുപേർക്കും അവകാശവാദം. പേരിലെ സാദൃശ്യം ക്രമേണ വാദവും തർക്കവും വഴക്കുമായി. സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ആദ്യംതന്നെ കെ.എസ്. പ്രേംകുമാർ പറഞ്ഞു, ശാരീരിക സ്ഥിതി വെച്ച് എന്നെ കൊച്ചുപ്രേമൻ എന്ന് വിളിച്ചാൽ മതി, നീ വലിയ പ്രേമനും... അങ്ങനെയാണ് വെള്ളിത്തിരയിലെ വലിയ സാന്നിധ്യത്തിന് കൊച്ചുപ്രേമനെന്ന പേര് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.