നെടുമുടി വേണു: അഭിനയത്തിന്റെ സർവകലാശാല
text_fieldsതിരുവനന്തപുരം: ഒരിക്കല്‍ ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള വിമാന യാത്രക്കിടെ നടി സുകുമാരി, ഒപ്പമുണ്ടായിരുന്ന നെടുമുടി വേണുവിനെ ശിവാജി ഗണേശന് പരിചയപ്പെടുത്തി: 'സാര്‍, ഇത് നടികര്‍ നെടുമുടി വേണു'. ശിവാജി നെടുമുടിയെ അടിമുടി നോക്കി. നാടകീയമായ നോട്ടത്തിനും ഭാവത്തിനുമൊടുവില് മുഴക്കമുള്ള ശബ്ദത്തില്‍ ശിവാജിയുടെ മറുപടി വന്നു: 'അപ്പടി ശൊല്ലാതമ്മാ... അവര്‍ നെടുമുടിയെല്ലെ, കൊടുമുടി!' ആ ആകാശയാത്രയില്വെച്ച് നെടുമുടിയെ നേരില്‍ കാണുന്നതിനുമുേമ്പ നെടുമുടിച്ചിത്രങ്ങളേറെയും ശിവാജി ഗണേശന് കണ്ടിട്ടുണ്ടായിരുന്നു. സിനിമയിലെ തിരക്കുകളില്‍നിന്ന് മാറിനിന്ന കാലത്ത് ശിവാജിക്ക് കാണാനായി നെടുമുടിച്ചിത്രങ്ങള് സമ്മാനിച്ചതാകട്ടെ, കമല്‍ ഹാസനും.
അരവിന്ദന് മുതല്‍ പ്രിയദര്ശന് വരെയുള്ള പല തലമുറകളുടെ അഞ്ഞൂറിലേറെ സിനിമകളിലായി പടര്‍ന്നുകിടക്കുന്ന നെടുമുടിയുടെ നടനജീവിതത്തിന് മലയാള സിനിമ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയായിരുന്നു. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും ന്യൂജന്‍ താരങ്ങൾക്കൊപ്പവും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ മത്സരിച്ചുകൊണ്ടേയിരുന്നു.
ഒരിക്കൽ തമിഴ് സിനിമയിൽ അഭിനയിക്കാനെത്തിയ നെടുമുടിയോട് കമൽ ഹാസൻ ചോദിച്ചു; 'വേണുസാര്‍, ഇനിയെന്ത് വിസ്മയമാണ് മലയാള സിനിമയില്‍ താങ്കള്‍ക്ക് ചെയ്യാനുള്ളത്. എല്ലാ വേഷങ്ങളും അണിഞ്ഞുകഴിഞ്ഞില്ലേ. ഇനി തമിഴിലേക്ക് വന്നുകൂേട, ഇവിടെ നമുക്ക് ആദ്യം മുതല്‍ തുടങ്ങാം. 'മുപ്പതുകളുടെ ചെറുപ്പത്തെ മുതല്‍ എഴുപതുകളുടെ വാര്ധക്യത്തെവരെ ഒരേകാലത്ത് അവതരിപ്പിക്കാന്‍ ശേഷി കാണിച്ച ആ അപൂര്‍വ പ്രതിഭയുടെ ഭാവപ്പകര്‍ച്ചകള്‍ അത്രത്തോളം ഇന്ത്യൻ സിനിമലോകത്തെ അമ്പരപ്പിച്ചിരുന്നു. നെടുമുടിയുടെ വേഷങ്ങളില്‍ നെടുമുടി വേണു എന്ന മനുഷ്യനെ കണ്ടതേയില്ല. പകരം, എവിടെയൊക്കെയോ കണ്ടുമറന്ന പല മനുഷ്യരും പല രൂപത്തില്‍, പല ഭാവത്തില്‍ ഒരൊറ്റ നടനിലൂടെ നമുക്ക് മുന്നിലൂടെ കടന്നുപോയി. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിെലത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിെൻറ സിനിമ ജീവിതത്തിന് വഴിയൊരുക്കി. ഓരോ വേഷത്തെയും നെടുമുടി വേണുവെന്ന നടൻ തിരശ്ശീലയിൽ പ്രതിഫലിപ്പിക്കുകയായിരുന്നില്ല. വ്യാഖ്യാനിക്കുകയായിരുന്നു. എഴുത്തുകാരനും സംവിധായകനും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനകത്തുനിന്നുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളെ വാക്കുകളിൽനിന്ന് മോഷ്ടിച്ച് ജനഹൃദയങ്ങളിലേക്ക് നൽകി. എണ്‍പതുകളിലാണ് നെടുമുടി വേണു ഇങ്ങനെ ഏറെ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മോഹന്‍, ഭരതന്, കെ.ജി. ജോർജ്, പത്മരാജന് തുടങ്ങിയ നമ്മുടെ എക്കാലത്തെയും മികച്ച മധ്യവര്‍ത്തി സിനിമകളുടെ സംവിധായകരുടെയെല്ലാം വിജയങ്ങളില്‍ നെടുമുടി വേണുവിന് ചെറുതല്ലാത്ത പങ്കുണ്ട്. എം.ടി, ജോണ്‍പോള്‍, പത്മരാജന് തുടങ്ങിയ തിരക്കഥാകൃത്തുകള്‍ അരങ്ങുവാണ കാലം കൂടിയാണത്. നെടുമുടി വേണുവും ഭരത് ഗോപിയുമാകും അക്കാലത്ത് ആ എഴുത്തുകാരെ ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള നടന്മാര്.
തങ്ങളുടെ പ്രതിച്ഛായ മിനുക്കാനല്ല, തങ്ങളിലെ നടെൻറ തീരാദാഹം തീര്‍ക്കാനാണ് ഇരുവരും അവസരങ്ങളെ ഉപയോഗപ്പെടുത്തിയത്. നായകനായും അഴുകിയ മനസ്സുള്ള പ്രതിനായകനായും സ്ത്രീലമ്പടനായുമൊക്കെ ഇരുവരും പല ചിത്രങ്ങളിലും മത്സരിച്ച് അഭിനയിച്ചു. അക്കാലമാണ് മലയാള സിനിമയുടെ ഏറ്റവും മഹത്തായ യുഗമെന്ന് പലരും അടയാളപ്പെടുത്തുകയും ചെയ്യുന്നു. അത് നെടുമുടി വേണു-ഭരത് ഗോപി യുഗംകൂടിയാണ്.
കൊട്ടും പാട്ടും ആട്ടവും അഭിനയവും എഴുത്തും എല്ലാം വഴങ്ങുന്ന സർവകലാവല്ലഭൻ നെടുമുടി വേണുവിന് കല ജന്മസിദ്ധമായിരുന്നു. സിനിമ ഒരിക്കലും അദ്ദേഹത്തിെൻറ ലക്ഷ്യമായിരുന്നില്ല. നാടൻപാട്ടിലും തനതു നാടകത്തിലും കഥകളിയിലും മൃദംഗത്തിലുമൊക്കെ പ്രാഗല്ഭ്യമുള്ള അദ്ദേഹത്തിന് ഇവയെക്കാളൊക്കെ മഹത്തരമാണ് സിനിമയെന്ന തോന്നലുമില്ലായിരുന്നു. പക്ഷേ, ഈ മഹാനടെൻറ പകരംെവക്കാനാകാത്ത അഭിനയശേഷി ബോധ്യപ്പെട്ട സിനിമാലോകം അദ്ദേഹത്തെ ഹൃദയത്തിലേറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.