ടി.കെ. അബ്ദുല്ല: ആ വാഗ്ധോരണി നിലച്ചു
text_fieldsഒക്ടോബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ 264ാം നമ്പർ മുറിയിൽ. രോഗശയ്യയിൽ കിടക്കുന്ന ടി.കെ. അബ്ദുല്ല സാഹിബിനെ ചെന്നുകാണുേമ്പാൾ ആശങ്കിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇസ്ലാമിക പ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളിയുടെ അവസ്ഥ. സ്ഥിതി തീർത്തും മോശമാണെന്നും സംസാരിക്കാനോ ശ്രദ്ധിക്കാനോ കഴിയാത്തവിധം അവശനാണ് അദ്ദേഹമെന്നുമായിരുന്നു തലേദിവസം ലഭിച്ച വിവരം. പക്ഷേ, എന്നെ കണ്ടപാടെ ബെഡിനരികെ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഏതാനും മിനിറ്റുകൾക്കുമുമ്പ് മകൻ ഫാറൂഖുമായി നടത്തിയ 'സംഭാഷണം' ഞാനുമായി പങ്കുവെച്ചു. 'ജമാഅത്തെ ഇസ്ലാമിയിൽ രണ്ടേ രണ്ടു മൗലവിമാരേയുള്ളൂ. രണ്ടുപേരും അത് അംഗീകരിക്കുന്നവരല്ല. ഒന്നാമൻ, വി.എ. കബീർ; രണ്ടാമൻ ഒ. അബ്ദുറഹ്മാനും.' മരണദൂതൻ വിളിപ്പാടകലെ നിൽക്കുേമ്പാഴും നർമം കൈവിടാത്ത ടി.കെയുടെ ഇടർച്ചയോ പതർച്ചയോ ഇല്ലാത്ത വാക്ചാതുരി അന്യാദൃശമാണെന്ന് സമ്മതിച്ചേ തീരൂ. തുടർന്നും തെൻറ സമസ്ത നാഡികളും തളർന്ന ആതുരാവസ്ഥയെക്കുറിച്ചോ അനാരോഗ്യത്തെപ്പറ്റിയോ ഒരു സൂചനപോലും നൽകാതെ പൊതുകാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്.
വി. മുഹമ്മദ് സാഹിബാണ് വന്ദ്യഗുരു എന്ന് എന്നെ തിരുത്താനും അദ്ദേഹം മറന്നില്ല. 'നടന്നുതീരാത്ത വഴികളിൽ എന്ന ടി.കെയുടെ കൃതിയിൽ ടി.കെ എെൻറ വന്ദ്യഗുരു എന്ന തലക്കെട്ടിൽ ഞാനെഴുതിയ കുറിപ്പിനെയാണ് അദ്ദേഹം പരാമർശിച്ചത്.' അസുഖത്തിെൻറ സന്ദിഗ്ധാസ്ഥ ഓർത്ത് ഞാനായിരുന്നു സംഭാഷണത്തിന് വിരാമമിട്ട് യാത്രപറഞ്ഞ് പിരിഞ്ഞത്.
അക്ഷരാർഥത്തിൽ സംഭവബഹുലമായ ഏഴു പതിറ്റാണ്ട് കാലത്തെ പ്രാസ്ഥാനിക ജീവിതത്തിലെ വൈവിധ്യപൂർണമായ അനുഭവങ്ങൾ അദ്ദേഹം 'നടന്നുതീരാത്ത വഴികളിൽ' എന്ന ആത്മകഥാപ്രധാനമായ കൃതിയിൽ ഹ്രസ്വമായി വിവരിച്ചിട്ടുെണ്ടങ്കിലും അത് അപൂർണമാണെന്നേ നേരിട്ടറിയാവുന്നവർക്ക് വിലയിരുത്താനാവൂ. കാസർകോട് ആലിയ കോളജിലെ അമ്പതുകളിലെ വിദ്യാർഥിജീവിതകാലത്ത് ആരംഭിച്ച പ്രയാണത്തിന് രണ്ടായിരത്തി ഇരുപതുകളുടെ തുടക്കത്തോടെ പൂർണ വിരാമമിടുേമ്പാൾ അക്ഷരാർഥത്തിൽ അനേകായിരം പ്രസംഗപീഠങ്ങളാണ് ചിരിയും ചിന്തയും ഒരുപോലെ ഇളക്കിവിട്ട അനുപമ വാക്ചാതുരിക്ക് സാക്ഷ്യംവഹിച്ചത്.
മതപരവും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളും യേഥാചിതം പരാമർശിക്കപ്പെടുന്ന പ്രഭാഷണങ്ങൾ ഒരു മണിക്കൂർ മുതൽ നാലഞ്ചു മണിക്കൂർ വരെ നീളാം. അപ്പോഴും ശ്രോതാക്കൾ ഇടക്കിടെ സഗൗരവം ചിന്തിച്ചും പൊട്ടിച്ചിരിച്ചും പ്രഭാഷണം ആസ്വദിക്കുകയാവും.. മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങൾ, സമുദായത്തിനു പുറത്ത് മാർക്സിസ്റ്റ്, യുക്തിവാദി, മതേതര ചിന്താഗതിക്കാർ എന്നിവരോടൊക്കെ ആശയസമരത്തിലേർപ്പെടേണ്ടിവന്നപ്പോഴും പൊതുജീവിതത്തിലെ അഴിമതിയും അധാർമികതയും മനുഷ്യാവകാശലംഘനങ്ങളും വിഷയമാവുേമ്പാഴും തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ, എന്നാൽ കുറിക്കുകൊള്ളുന്ന പ്രത്യാക്രമണശൈലിയിൽ സംസാരിക്കാനുള്ള അദ്ദേഹത്തിെൻറ ശേഷി സമ്മതിച്ചേ തീരൂ.
1960ൽ മൂഴിക്കൽ മുതൽ 1998ലെ ഹിറാനഗർ വരെയുള്ള ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമ്മേളനങ്ങളിലെ സമാപന പരിപാടിയിലെ ടി.കെയുടെ പ്രഭാഷണങ്ങൾ വേറിട്ടുനിൽക്കുന്നു. സംഘടനയുടെ ദേശീയ നേതാക്കളുടെ ഉർദുപ്രസംഗങ്ങളുടെ പരിഭാഷ ചുമതലയും നീണ്ടകാലം അദ്ദേഹത്തിനായിരുന്നു. എഴുതിത്തയാറാക്കുന്നതു പോയിട്ട് കുറിപ്പുകളുടെ പിൻബലംപോലുമില്ലാതെയാണ് പ്രഭാഷണങ്ങൾ േശ്രാതാക്കളിലേക്ക് ഒഴുകിയെത്തുക. തികച്ചും പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട ഇസ്ലാമിക പ്രസ്ഥാനത്തെ യുവാക്കളുടെ ആവേശവും പ്രചോദനവുമായി നിലനിർത്താൻ അദ്ദേഹത്തിെൻറ വാഗ്ധോരണി വഴിയൊരുക്കിയിട്ടുണ്ട്. അതേസമയം, കേവലം അക്ഷരങ്ങളും വാക്കുകളുംകൊണ്ടുള്ള ഇന്ദ്രജാലമായിരുന്നില്ല ടി.കെ എന്ന പണ്ഡിതെൻറ പ്രസംഗങ്ങൾ. ഗൗരവപൂർണമായ ചിന്തകളും ക്രിയാത്മക വിമർശനങ്ങളും പ്രഭാഷണങ്ങളുടെ പ്രസ്താവ്യ സവിശേഷതകളായിരുന്നു. മലയാളത്തിലെന്നപോലെ ഉർദുവിലും അദ്ദേഹത്തിെൻറ വാഗ്ധാര ഉത്തരേന്ത്യൻ പ്രസ്ഥാന പ്രവർത്തകരെയും നേതാക്കളെയും പിടിച്ചിരുത്തി. ജമാഅത്തിെൻറ അഖിലേന്ത്യാ പ്രതിനിധിസഭയിലും ഉന്നത നയരൂപവത്കരണ സമിതിയായ മജ്ലിസ് ശൂറായിലും ഏതാണ്ട് ജീവിതാവസാനംവരെ അംഗമായിരുന്ന ടി.കെ സുചിന്തിതമായ മാറ്റങ്ങൾക്ക് അനുകൂലമായി നിലകൊണ്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുകപോലുള്ള നിർണായക ഇഷ്യൂകളിൽ ഏറെ കരുതലോടെയായിരുന്നു സമീപനം. രണ്ടു കാര്യങ്ങളിൽ അദ്ദേഹത്തിന് ശാഠ്യംതന്നെയുണ്ടായിരുന്നു. ഒന്ന്, ഒരു കാരണവശാലും ഒന്നിലും എടുത്തുചാടരുത്. രണ്ട്, പ്രവർത്തകരുടെ അച്ചടക്കവും ശിക്ഷണവും പരമാവധി ഉറപ്പുവരുത്തണം. സംഘടനയുടെ വളർച്ചക്കനുസരിച്ച് അനിവാര്യമാവുന്ന അയവുകളിൽ അസ്വസ്ഥനായിരുന്നു ടി.കെ. 1948ൽ നിലവിൽ വന്നതിൽപിന്നെ പിളർപ്പിനിരയാവാത്ത ഇന്ത്യയിലെ ഏക പ്രസ്ഥാനം എന്ന കീർത്തി ജമാഅത്തെ ഇസ്ലാമിക്ക് നേടിക്കൊടുത്തത് ഇത്തരം ശാഠ്യങ്ങളാണ് എന്നോർത്താൽ വികാസത്തിലെ സാവകാശം പൊറുക്കാവുന്നതേയുള്ളൂ എന്ന് കരുതുന്നതിൽ തെറ്റില്ല. പ്രഭാഷണം മാത്രമായിരുന്നില്ല ടി.കെയുടെ പ്രവർത്തനരംഗം. അമ്പതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടകാലം പത്രപ്രവർത്തനരംഗത്തും സജീവമായിരുന്നു ടി.കെ. പ്രബോധനം ദ്വൈവാരികയുടെ സഹപത്രാധിപരായി ജീവിതമാരംഭിച്ച അദ്ദേഹം അത് വാരികയായശേഷവും നീണ്ടകാലം അതിെൻറ എഡിറ്ററായിരുന്നു. എന്നെയും ജ്യേഷ്ഠൻ അബ്ദുല്ലയെയും വി.എ. കബീറി നെയുമൊക്കെ മാധ്യമരംഗത്തേക്ക് കൈപ്പിടിച്ചുയർത്തുന്നതിൽ ടി.കെ വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. അപ്രകാരം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്, ഇസ്ലാമിക വിജ്ഞാന കോശം എന്നിവയുടെ ഉപദേശക സമിതികളിലും ടി.കെ ഉണ്ടായിരുന്നു.
'മാധ്യമം' നടത്തിവരുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിൽ അംഗമായിരുന്ന ടി.കെ പത്രത്തിെൻറ നയരൂപവത്കരണത്തിൽ അനിഷേധ്യപങ്കാണ് വഹിച്ചത്. നയവ്യതിയാനം സംഭവിക്കുന്നുവെന്ന് പരാതി ഉയർന്നപ്പോഴൊക്കെ അദ്ദേഹം ശക്തമായി ഇടപെട്ടു. അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടാൽ തിരുത്തുന്നതിന് ഒരു വൈമനസ്യവും ഉണ്ടാവരുത് എന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ ബോധവും നിശ്ചയദാർഢ്യവുമുള്ള ഒരു യുവതലമുറ വളർന്നുവരുന്നതിൽ സംതൃപ്തനായിക്കൊണ്ടാണ് ആ ആദർശശാലി വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.