'എനിക്ക് വീട് വേണ്ടാ.. എന്‍റെ മക്കള് വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ..' -ഹൃദയം നുറുങ്ങിപ്പോകും ഈ ഉമ്മയുടെ വിലാപത്തിനുമുന്നിൽ
text_fieldsകോട്ടയം: 'എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം...' ഹൃദയം നുറുങ്ങിപ്പോകും കടുവക്കുളത്തെ ഫാത്തിമ ഉമ്മയുടെ ഈ വിലാപത്തിനുമുന്നിൽ. 34 വയസ്സുള്ള നിസാർ ഖാൻ, നസീർ ഖാൻ എന്നീ ഇരട്ടക്കുട്ടികളെയാണ് ഇവർക്ക് ഇന്ന് നഷ്ടമായത്. വീട് വാങ്ങാൻ ബാങ്ക് ലോണെടുത്ത ഇരുവരും ലോക്ഡൗണിൽ പണിയില്ലാതെ കടംകയറി അതേ വീട്ടുമുറിയിൽ ജീവനൊടുക്കുകയായിരുന്നു.
സഹകരണബാങ്കില്‍ ഇരുവർക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. ഒരുതവണ മാത്രമേ അടവ് അടക്കാൻ കഴിഞ്ഞുള്ളൂ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകാർ ഇടക്കിടക്ക് വരുമായിരുന്നു. ഇതോടെ രണ്ടുപേരും ആകെ തകർന്നതായി സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ബാങ്കിന്ന് കഴിഞ്ഞയാഴ്ചയും വന്ന് ലോണടക്കാൻ പറഞ്ഞ്. വീട് വേണ്ടാട്ടാ... വിറ്റിട്ട് പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന് മക്കളട്ത്ത് പറഞ്ഞതാ, വീട് വിറ്റോളാൻ. വീട് വിറ്റ് കടം വീട്ടാൻ.. എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം... വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം...' മക്കളുടെ വേർപാടിൽ മനംനൊന്ത ഉമ്മയുടെ ഈ ആർത്തനാദത്തിനുമുന്നിൽ മരണവിവരമറിഞ്ഞ് വീട്ടിലെത്തുന്നവർ തകർന്നുപോവുകയാണ്.
ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാനെയും നസീർ ഖാനെയും രാവിലെയാണ് ഇരു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്. മാതാവ് ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ നോക്കുമ്പോഴാണ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടിരുന്നെന്നും നാട്ടുകാർ പറയുന്നു. ജപ്തി നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടാണെന്ന് നിസാറും നസീറും പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ആളെത്തി കുടിശിക തുകയുടെ കാര്യം അറിയിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസമായി ഇവർ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. നേരത്തെ നാട്ടകം സിമന്‍റ് കവല ഭാഗത്തായിരുന്നു ഇവരുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.